Begin typing your search above and press return to search.
ക്രിപ്‌റ്റോയുടെ മെക്ക; സതോഷി ദ്വീപ് എന്ന സമാന്തര ലോകം
ലോക രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിട്ട് കുറച്ചായി. ഇന്ത്യ ദേ...കൊണ്ടുവരുന്നു എന്നു കേട്ട ക്രിപ്‌റ്റോ നിയന്ത്രണ ബില്ലിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോകളെ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമായി നിരോധിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെയാണ് നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്ന സര്‍ക്കാരുകള്‍ നികുതി ചുമത്തി ക്രിപ്‌റ്റോ നേട്ടങ്ങള്‍ സ്വന്തം ഖജനാവിലേക്ക് കൂടി എത്തിക്കാനുള്ള വഴികള്‍ തേടുന്നത്.
എന്നാല്‍ സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് ക്രിപ്‌റ്റോ നിക്ഷേപകരെ സംരംക്ഷിക്കുന്ന ഒരു സമാന്തര ലോകം വളര്‍ന്നു വരുകയാണ്. അതില്‍ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ഇടമായിരിക്കും സതോഷി ദ്വീപ്. ദക്ഷിണ പസഫിക് സൗമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക് ഓഫ് വാനുവാറ്റൂ (Republic of Vanuatu) എന്ന രാജ്യത്തിന് അരികെയുള്ള ഒരു സ്വകാര്യ ദ്വീപ് ആണ് സതോഷി.
ഈ ദ്വീപില്‍ യാതൊരു നികുതി വ്യവസ്ഥകളും ഇല്ലാത്ത ക്രിപ്‌റ്റോ സമ്പത്ത് വ്യവസ്ഥ സൃഷ്ടിക്കുകയാണ് സതോഷി ഐലന്റ് ലിമിറ്റഡ്. നിര്‍മാണം പുരോഗമിക്കുന്ന ദ്വീപ് അടുത്ത വര്‍ഷം ആദ്യം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. നിലവില്‍ സതോഷി ദ്വീപ് പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. വാനുവാറ്റൂ സര്‍ക്കാരിന്റെ സഹകരണത്തോടെ ആയിരിക്കും സതോഷി ദ്വീപിന്റെ പ്രവര്‍ത്തനങ്ങള്‍.
സതോഷി ദ്വീപ് ഒരു രാജ്യമോ..?
വേണമെങ്കില്‍ സതോഷി ദ്വീപിനെ ഒരു രാജ്യമെന്ന് വിശേഷിപ്പിക്കാം. കാരണം ദ്വീപിന് സ്വന്തം പൗരന്മാരും അവര്‍ക്ക് വോട്ടവകാശവും ഉണ്ടായിരിക്കും. പക്ഷെ പൗരത്വം നല്‍കുന്നതും ദ്വീപിലെ സ്ഥല വില്‍പ്പനയും എല്ലാം എന്‍എഫ്ടി (Non-Fungible Token) പ്ലാറ്റ്‌ഫോമിലൂടെയാണ്. പൗരന്മാരാകാന്‍ ചില നിബന്ധനകളും സതോഷി ദ്വീപ് മുന്നോട്ട് വയ്ക്കുന്നുണ്ട്. സ്വന്തമായി എഥറിയം()അഡ്രസ്, ട്വിറ്റര്‍, എന്‍എഫ്ടി പ്ലാറ്റ്‌ഫോമായ ഓപ്പണ്‍സി എന്നിവയിലെ സജീവ സാന്നിധ്യം തുടങ്ങിയവ പരിശോധിച്ചാണ് പൗരത്വം നല്‍കുക.
ദ്വീപിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടാനുള്ള വോട്ടവകാശമാണ് പൗരത്വത്തിലൂടെ ലഭിക്കുക. 2022 ഫെബ്രുവരിയിലാണ് സതോഷി ദ്വീപിലെ ആദ്യഘട്ട ഭൂമി വില്‍പ്പന. ഇനി ശരിക്കുള്ള ആധാരം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ റിപ്പബ്ലിക് ഓഫ് വാനുവാറ്റൂവിലെ നിയമം അനുസരിച്ച് ഭൂമി രജിസ്റ്റര്‍ ചെയ്യാം. മെറ്റാവേഴ്‌സിലുള്ള ദ്വീപിന്റെ ഡിജിറ്റല്‍ അവതാര്‍ കണ്ട് സ്വന്തം സ്ഥലത്ത് നിര്‍മ്മിക്കേണ്ട കെട്ടിടങ്ങള്‍ അടക്കമുള്ളവ തീരുമാനിക്കാം.
ക്രിപ്‌റ്റോയുടെ മെക്ക
ദ്വീപിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആര്‍ക്കിടെക്ക് ജെയിംസ് ലോ സതോഷിയെ വിശേഷിപ്പിക്കുന്നത് ക്രിപ്‌റ്റോയുടെ മെക്ക എന്നാണ്. വ്യക്തികള്‍ക്കുള്ള പാര്‍പ്പിട സൗകര്യങ്ങളടക്കം വികസിപ്പിക്കുന്ന ദ്വീപില്‍ ക്രിപ്‌റ്റോയിലൂടെ മാത്രം ഇടപാടുകള്‍ നടത്തുന്ന ഒരു സമൂഹം ആണ് സൃഷ്ടിക്കപ്പെടാന്‍ പോവുന്നത്. ക്രിപ്‌റ്റോ പ്രോജക്ടുകളുടെയും ഇവന്റുകളുടെയും കേന്ദ്രമായി ദ്വീപ് മാറും. ക്രിപ്‌റ്റോ ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥിതിക്ക് തുടക്കം കുറിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഇതുപോലുള്ള അനേകം സതോഷി ദ്വീപുകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം.
Next Story
Videos