Begin typing your search above and press return to search.
മറുനാടന്‍ നിക്ഷേപം നിഷേധിക്കാതെ സെബി അധ്യക്ഷ; ഓഹരി വിപണിയിലെ നിക്ഷേപ ഭദ്രത ആര് ഉറപ്പു നല്‍കും? പ്രതിപക്ഷം
ശനിയാഴ്ച രാത്രി പുറത്തുവന്ന പുതിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്ന വിവാദ മറുനാടന്‍ നിക്ഷേപം ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയുടെ അധ്യക്ഷ മാധബി പുരി ബുച്ചും ഭര്‍ത്താവ് ധാവല്‍ ബുച്ചും നിഷേധിച്ചിട്ടുണ്ടോ? ഇരുവരുടെയും പ്രസ്താവന അത്തരമൊരു നിരാകരണം നടത്തിയിട്ടില്ല. സിംഗപ്പൂരില്‍ കഴിയുന്ന സ്വകാര്യ വ്യക്തികള്‍ എന്ന നിലയിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത് എന്നാണ് ഇരുവരും പറഞ്ഞത്.
''ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞ ഫണ്ട് നിക്ഷേപം 2015ല്‍ നടത്തിയതാണ്. മുഴുസമയ അംഗമെന്ന നിലയില്‍ മാധബി സെബിയില്‍ ചേരുന്നതിനും രണ്ടു വര്‍ഷം മുമ്പ് ഇരുവരും സിംഗപ്പൂരില്‍ താമസിച്ച സമയത്ത് നടത്തിയ നിക്ഷേപമാണത്. മാധബിയുടെ കുട്ടിക്കാല സുഹൃത്തായിരുന്ന ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ അനില്‍ അഹൂജയുടെ ഉപദേശ പ്രകാരമാണ് ഈ നിക്ഷേപ തീരുമാനം എടുത്തത്. ഡല്‍ഹി ഐ.ഐ.ടിയിലും സിറ്റി ബാങ്ക്, ജെ.പി മോര്‍ഗന്‍, ത്രി ഐ ഗ്രൂപ്പ് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ശക്തമായ നിക്ഷേപ ബോധ്യമുണ്ട്. അനില്‍ അഹൂജ സ്ഥിരീകരിച്ചതു പോലെ ഈ ഫണ്ട് ഒരിക്കലും അദാനി ഗ്രൂപ്പിന്റെ ഏതെങ്കിലും ബോണ്ട്, ഓഹരി, ഡറിവേറ്റീവ് എന്നിവയില്‍ നിക്ഷേപം നടത്തിയിട്ടില്ല'' -പ്രസ്താവനയില്‍ പറഞ്ഞു.
സെബിയുടെ വിശ്വാസതക്കേറ്റ പരിക്ക് ചെറുതല്ല
എന്നാല്‍ ഓഹരി വിപണി നിയന്ത്രകരായ സെബിയുടെ വിശ്വാസ്യതക്കേറ്റ ആഘാതം നീങ്ങിയിട്ടില്ല. നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ എന്നിവയുടെ ഡയറക്ടറായി അനില്‍ അഹൂജ പ്രവര്‍ത്തിച്ച കാര്യം മാധബി പുരിയുടെ പ്രസ്താവനയില്‍ സൗകര്യപൂര്‍വം മറക്കുകയാണെന്ന് പ്രതിപക്ഷ എം.പി മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. അദാനിയുമായി 'ജിഡോഫി'ന് ബന്ധമില്ലെന്ന് സ്ഥിരീകരിക്കുന്നതു വരെ അഹൂജയുടെ പ്രസ്താവനക്ക് സ്വീകാര്യതയില്ലെന്നും മഹുവ പറഞ്ഞു. വിശദാംശങ്ങള്‍ കിട്ടില്ലെന്ന് മാധബി പുരി തന്നെ പറയുമ്പോള്‍, ആര്‍ക്കാണ് അഹൂജയുടെ പ്രസ്താവന ഒത്തു നോക്കാന്‍ പറ്റുക? ജിഡോഫില്‍ പങ്കാളിയാണെന്ന് സുപ്രീംകോടതി സമിതിയെ മാധബി പുരി അറിയിച്ചിരുന്നു. ഗൗതം അദാനിയെ ഒറ്റക്ക് രണ്ടു തവണ മാധബി പുരി സന്ദര്‍ശിച്ചതിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നും മഹുവ മൊയ്ത്ര ചോദിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ സെബി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് തകര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ മാധബി പുരി ഇനിയും രാജി വെക്കാത്തത് എന്താണ് എന്ന് സത്യസന്ധരായ നിക്ഷേപകര്‍ ചിന്തിക്കുന്നു. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആരാണ് ഉത്തരവാദി -പ്രധാനമന്ത്രി നരേന്ദ്രമോദിയോ, സെബി അധ്യക്ഷയോ, ഗൗതം അദാനിയോ? -രാഹുല്‍ ഗാന്ധി ചോദിച്ചു. അതേസമയം, നിക്ഷേപകര്‍ സമാധാനപരമായിരിക്കാന്‍ സെബി അഭ്യര്‍ഥിച്ചു.
Next Story
Videos