പേപ്പറുകള്‍ പോലും കിട്ടാനില്ല; പരീക്ഷകള്‍ മാറ്റിവെച്ച് ശ്രീലങ്ക

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവില്‍ വലഞ്ഞ് ജനങ്ങള്‍. പെട്രോള്‍ പമ്പുകളില്‍ ഉള്‍പ്പടെ ആളുകളുടെ നീണ്ട നിരയാണ്. ഞായറാഴ്ച ഇന്ധനം വാങ്ങാന്‍ വരിയില്‍ നിന്ന രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു.

ഒരു ലിറ്റര്‍ പെട്രോളിന് 250ഉം ഡീസലിന് 176ഉം ശ്രീലങ്കന്‍ രൂപയില്‍ അധികമാണ് വില. പാല്‍പ്പൊടിക്ക് ഇന്ധനത്തിനെക്കാള്‍ വിലയാണ് രാജ്യത്ത്. ഒരു കിലോ പാല്‍പ്പൊടിക്ക് 2000 ലങ്കന്‍ രൂപയോളം നല്‍കണം. ക്രൂഡ് ഓയില്‍ സ്‌റ്റോക്ക് അവസാനിപ്പിച്ചതിനെ തുടര്‍ന്ന്, ഇന്നലെ രാജ്യത്തെ ഏക ഓയില്‍ റിഫൈനറിയും പ്രവര്‍ത്തനം അവസാനിപ്പിച്ചു.
മരുന്നുകള്‍, ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വില കുത്തനെ ഉയരുകയാണ്. ക്ഷാമം രൂക്ഷമായ രാജ്യത്ത് പേപ്പറുകള്‍ പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. പ്രിന്റിങ് പേപ്പര്‍ ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് പരീക്ഷകള്‍ പോലും മാറ്റിവെച്ചു. പല അവശ്യ സാധനങ്ങള്‍ക്കും സര്‍ക്കാര്‍ റേഷനിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ ഉണ്ടായ കുറവാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. വിദേശ നാണ്യമില്ലാതെ ഇറക്കുമതി നിലശ്ചതോടെ ഐഎംഎഫ് ഉള്‍പ്പടെയുള്ളവയുടെ സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. 2 ബില്യണ്‍ ഡോളറില്‍ താഴെയാണ് നിലവില്‍ രാജ്യത്തെ വിദേശനാണ്യ ശേഖരം. ഈ വര്‍ഷം മാത്രം 7 ബില്യണ്‍ ഡോളറിന്റെ കടങ്ങളാണ് രാജ്യത്തിന് കൊടുത്ത് തീര്‍ക്കാനുള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it