Begin typing your search above and press return to search.
വിദേശങ്ങളിലേക്കുളള കുടിയേറ്റത്തില്‍ ആശങ്ക വേണ്ടെന്ന് ശ്രീധർ വെമ്പു, ഇന്ത്യയില്‍ നടക്കുന്നത് ദ്രുതഗതിയിലുള്ള വികസനം
ഇന്ത്യയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളുടെ വിദേശത്തേക്കുളള വർദ്ധിച്ചുവരുന്ന കുടിയേറ്റത്തില്‍ ആശങ്കകൾ വേണ്ടെന്ന് സോഹോ കോർപ്പറേഷൻ സിഇഒ ശ്രീധർ വെമ്പു. ഇത് ഉദ്യോഗാര്‍ത്ഥികളുടെ നിരാശയുടെ അടയാളമായി കാണേണ്ടതില്ല. ദ്രുതഗതിയിലുള്ള വികസനത്തിൻ്റെ കാലഘട്ടമായി വേണം ഇതിനെ കാണാനെന്നും വെമ്പു പറഞ്ഞു.
ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈയും ആർഎസ്എസ് നേതാവ് രത്തൻ ശാരദയും സമ്പന്നരായ ഇന്ത്യക്കാർ രാജ്യം വിടുകയാണെന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. നികുതി ഭീകരത, നഗരങ്ങളിലെ മോശം ജീവിത നിലവാരം തുടങ്ങിയവയാണ് ഈ പ്രവണതയ്ക്ക് കാരണമെന്നാണ് മോഹൻദാസ് പൈ പറഞ്ഞത്.
വികസന പാതയുടെ മികച്ച സൂചകം
1970 കളിലും 80 കളിലും കൊറിയയിൽ നിന്നും തായ്‌വാനിൽ നിന്നും യു.എസിലേക്ക് ജോലി തേടി നിരവധി പേരാണ് പോയത്. യു.എസിലേക്കുള്ള ജാപ്പനീസ് കുടിയേറ്റം അതിനു മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഏകദേശം 10 വർഷം മുമ്പ് ചൈനയിൽ നിന്ന് ഒട്ടേറെ പേരാണ് ജോലി തേടി യു.എസിലേക്ക് പോയത്. ഈ രാജ്യങ്ങളില്‍ വളരെ വേഗത്തില്‍ വികസനം സംഭവിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരത്തില്‍ യു.എസിലേക്ക് കുടിയേറ്റം നടന്നത്.
ഒരു രാജ്യം തീരെ അവികസിതമായിരിക്കുമ്പോഴോ വളരെ സമ്പന്നമായിരിക്കുമ്പോഴോ ഉദ്യോഗാര്‍ത്ഥികളുടെ കുടിയേറ്റം കുറവായിരിക്കും. അതേസമയം ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെ കാലഘട്ടത്തിൽ ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന അഭിലാഷങ്ങള്‍ മൂലം ഇത് ഏറ്റവും ഉയർന്ന നിലയിലായിരിക്കും.
രാജ്യം അതിൻ്റെ പൂർണ്ണമായ സാമ്പത്തിക ശേഷി കൈവരിക്കുന്നതിനനുസരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ കുടിയേറ്റം മന്ദഗതിയിലാകുമെന്നും വെമ്പു പറഞ്ഞു. മികച്ച സാമ്പത്തിക സ്ഥിതിയുടെ അവസാന ഘട്ടങ്ങൾ പലപ്പോഴും അതിവേഗമാണ് സംഭവിക്കുക. ചൈനയുടെ കഴിഞ്ഞ ദശകത്തിലെ ദ്രുതഗതിയിലുള്ള വളർച്ച ഇതാണ് വ്യക്തമാക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളുടെ പരിശ്രമമാണ് ഇതിന് അടിത്തറ പാകാന്‍ ആവശ്യമായി വരിക. ഇന്ത്യ ഇപ്പോള്‍ അതിലൂടെയാണ് കടന്നു പോകുന്നത്.
ഇന്ത്യയുടെ വികസന പാതയുടെ നല്ല സൂചകമായി വേണം വർദ്ധിച്ചുവരുന്ന ഉദ്യോഗാര്‍ത്ഥികളുടെ കുടിയേറ്റത്തെ കാണാനെന്നും വെമ്പു പറഞ്ഞു.
Next Story
Videos