ശ്രീറാം കൃഷ്ണന്‍; മസ്‌കിനൊപ്പം ട്വിറ്ററില്‍ എത്തിയ ഇന്ത്യക്കാരന്‍
ട്വിറ്ററിനെ പുനസംഘടിപ്പിക്കാന്‍ ഇലോണ്‍ മസ്‌ക് രൂപീകരിച്ച സംഘത്തില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയാണ് ശ്രീറാം കൃഷ്ണന്‍ (Sriram Krishnan). ഒക്ടോബര്‍ 31ന് ട്വിറ്ററിലൂടെ ശ്രീറാം തന്നെയാണ് മസ്‌കിനൊപ്പം ചേര്‍ന്ന വിവരം അറിയിച്ചത്. താല്‍ക്കാലികമാണ് ഇപ്പോഴത്തെ ചുമതലയെങ്കിലും ട്വിറ്ററില്‍ ശ്രീറാമിന്റെ രണ്ടാം ഊഴമാണിത്. 2017 മുതല്‍ 2019 വരെ ട്വിറ്റര്‍ കണ്‍സ്യൂമര്‍ പ്രോഡക്ട് വിഭാഗത്തിന്റെ ലീഡ് ആയിരുന്നു ശ്രീറാം.
ക്ലബ്ബ് ഹൗസില്‍ തുടങ്ങിയ ബന്ധം
ശ്രീറാമും ഭാര്യ ആരതി രാമമൂര്‍ത്തിയും (Aarthi Ramamurthy) ചേര്‍ന്ന് ക്ലബ്ബ് ഹൗസില്‍ നടത്തുന്ന ദി ഗുഡ് ടൈംസ് ഷോയില്‍ അഥിതിയായി 2021 ഫെബ്രുവരിയില്‍ ഇലോണ്‍ മസ്‌ക് എത്തിയിരുന്നു. ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത് കാലിഫോര്‍ണിയയിലെ സ്‌പെയ്‌സ്എക്‌സ് ആസ്ഥാനത്ത് വെച്ചാണ്. ബില്‍ഡര്‍, എഞ്ചിനീയര്‍, യൂട്യൂബര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് എന്നീ വിശേഷണങ്ങളാണ് ശ്രീറാമിന്റെ ലിങ്ക്ഡ്ഇന്‍ പേജില്‍ നല്‍കിയിരിക്കുന്നത്.
Now that the word is out: I'm helping out @elonmusk with Twitter temporarily with some other great people.
— Sriram Krishnan - sriramk.eth (@sriramk) October 30, 2022
I ( and a16z) believe this is a hugely important company and can have great impact on the world and Elon is the person to make it happen. pic.twitter.com/weGwEp8oga
നിലവില്‍ ആന്‍ഡ്രെസെന്‍ ഹൊറൊവിറ്റ്‌സ് (Andreesen Horowits- a16z) എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനവുമായി സഹകരിക്കുകയാണ് ശ്രീറാം. ഈ കമ്പനിയുടെ ഭാഗമായി ആണ് ഇപ്പോള്‍ വീണ്ടും ട്വിറ്ററിലെത്തിയതും. തമിഴ്‌നാട്ടിലെ എസ്ആര്‍എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശ്രീറാം 2005ല്‍ ആണ് മൈക്രോസോഫ്റ്റില്‍ (2005-11)എത്തുന്നത്. പിന്നീട് ഫേസ്ബുക്ക് (2013-16), സ്‌നാപ് (2016-17) എന്നീ കമ്പനികളിലും ജോലി ചെയ്തു.
ഭാര്യ ആരതിയും 2005ല്‍ മൈക്രോസോഫ്റ്റിലാണ് കരിയര്‍ ആരംഭിച്ചത്. കോളേജ് കാലത്താണ് ആരതിയെ ശ്രീറാം പരിചയപ്പെടുന്നത്. നെറ്റ്ഫ്‌ലിക്‌സ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളിലും ജോലി ചെയ്ത ആരതി ക്ലബ്ബ് ഹൗസിന്റെ ഹെഡ് ഓഫ് ഇന്റര്‍നാഷണല്‍ (2021- ജൂണ്‍ 2022) പദവിയും വഹിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് നടത്തുന്ന ക്ലബ്ബ് ഹൗസ് ഷോയില്‍ അതിഥിയായി എത്തിയവരില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഉള്‍പ്പെടും.