ഒരു നേരത്തെ ആഹാരത്തിന് കൊതിച്ച കാലത്തു നിന്ന് ₹ 1,500 കോടിയുടെ ബിസിനസിലേക്ക്; ഇത് ഡെന്റ് കെയര്‍ ഉടമയുടെ കഥ

''മൂവാറ്റുപുഴക്കടുത്ത് ഒരു കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. 15 വയസുവരെ, ജീവിതത്തില്‍ ശോഭനമായൊരു ഭാവി സ്വപ്‌നം കാണാത്ത ഒരു മനുഷ്യനായിരുന്നു ഞാന്‍. ഞങ്ങളുടെ നാട്ടില്‍ ഞങ്ങളുടെ കുടുംബം അറിയപ്പെട്ടിരുന്നത് ഓലിക്കല്‍ കുടുംബം, ഭ്രാന്തന്മാരുടെ കുടുംബം എന്നാണ്. മൂന്നു തലമുറകളായി ഭ്രാന്ത് ബാധിച്ച കുടുംബം. എന്റെ പിതാവും, പിതാവിന്റെ പിതാവും, പിതാവിന്റെ അനുജനുമെല്ലാം മാനസിക രോഗികളായിരുന്നു. എന്റെ പിതാവിന്റെ അനുജനെ ഒരു നായയെ പൂട്ടിയിടുന്ന പോലെ ഒരു ചങ്ങലയില്‍ പൂട്ടിയിടുന്നത്, ആ മുറിയില്‍ തന്നെ മലമൂത്ര വിസര്‍ജനം ചെയ്യുന്നതു കണ്ടെല്ലാമാണ് എന്റെ കുഞ്ഞു പ്രായത്തില്‍ ഞാന്‍ വളര്‍ന്നു വന്നത്. അമ്മയുടെ പാരമ്പര്യം പറഞ്ഞാല്‍, അമ്മയുടെ മാതാപിതാക്കള്‍ ഏഴു വയസിനു മുമ്പേ മരിച്ചു പോയി. അമ്മ അനാഥയായി തീര്‍ന്നു. ഒരു നേരത്തെ ആഹാരത്തിന് കീറത്തുണിയുടുത്ത് വീടുകള്‍ തോറും കയറിയിറങ്ങി നടന്നിരുന്നു. ഇതിനെല്ലാമിടയില്‍ ജീവിതത്തില്‍ ഉയരാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
എന്റെ പിതാവിന് ആദ്യകാലത്ത് മാനസിക രോഗം ഉണ്ടായിരുന്നില്ല. വളരെ നല്ല മനുഷ്യന്‍. കുടുംബം നോക്കിയിരുന്നു. അമ്മയെ പൊന്നുപോലെ നോക്കി. ഞങ്ങള്‍ താമസിച്ചിരുന്ന കുഗ്രാമത്തില്‍ വെള്ളമില്ല, വെളിച്ചമില്ല, വഴിയുമില്ല. ഒരു കിലോമീറ്റര്‍ നടന്നു പോകണം, വെള്ളമെടുത്തു വരാന്‍. 15-ാം വയസില്‍ ഞാന്‍ എസ്.എസ്.എല്‍.സി പാസായ ശേഷമാണ് ഞങ്ങളുടെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ കിട്ടിയത്. എന്റെ പിതാവ് കഠിനാധ്വാനിയായിരുന്നു. ഈ കുഗ്രാമത്തില്‍ നിന്നിറങ്ങി വെള്ളവും വെളിച്ചവുമുള്ള ഒരിടത്ത് വീടുവെക്കണമെന്നായിരുന്നു പിതാവിന്റെ വലിയ സ്വപ്നം. അതിനു വേണ്ടി കഷ്ടപ്പെട്ട് അധ്വാനിച്ച് കുറച്ചു പണമുണ്ടാക്കി. വീടുവെക്കാന്‍ ഒരു സ്ഥലം കണ്ടെത്തി, തുക മുഴുവന്‍ കൊടുത്തു. പണം വാങ്ങിയ മനുഷ്യന്‍ സ്ഥലം എഴുതിക്കൊടുക്കാനല്ല, അതുമായി മദ്യപിക്കാനാണ് പോയത്. അയാളെ പൊലീസ് പിടിച്ചുകൊണ്ടുപോയി എന്ന വാര്‍ത്ത എന്റെ പിതാവു കേട്ടത്, കൂലിപ്പണിയെടുത്തു കൊണ്ടിരുന്ന പറമ്പില്‍ വെച്ചാണ്. തലമുറകളായി ഞങ്ങളുടെ കുടുംബത്തെ വേട്ടയാടുന്ന പൈശാചികമായ ഭ്രാന്ത് അദ്ദേഹത്തെ ബാധിച്ചു. കൂടെ പണിതു കൊണ്ടിരുന്ന കൂലിപ്പണിക്കാരെല്ലാം കൂടി പിടിച്ച് കൈയും കാലും കെട്ടി, തൃശൂര്‍ ഭ്രാന്താശുപത്രിയില്‍ കൊണ്ടുചെന്നാക്കി. എന്റെ അമ്മയെ അതുവരെ പിതാവ് ഒരിക്കലും കൂലിപ്പണിക്ക് കൊണ്ടുപോയിട്ടില്ല. മദ്യപാനമോ പുകവലിയോ മറ്റ് ദുശ്ശീലങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. 57 വയസുള്ള ഞാന്‍ ഇതുവരെ നടത്തിയ ഒരു കളവ്, ഒരു അടയ്ക്ക മറ്റൊരു പറമ്പില്‍ നിന്ന് എടുത്തതായിരുന്നു. എന്നെ അടിച്ച് അടയ്ക്ക ആ പറമ്പില്‍ തിരിച്ച് കൊണ്ടുപോയി ഇടുവിച്ചു. അത്ര നല്ല മനുഷ്യനായിരുന്നു. ഭ്രാന്തു ബാധിച്ചാല്‍ വേറെന്തു വഴി?

വിശന്ന വയറുമായി പഠനം, എസ്.എസ്.എല്‍.സിക്ക് 251 മാര്‍ക്ക്

ആരും തിരിഞ്ഞു നോക്കാനില്ല. പിതാവിന് ദിവസം 12 ഉറക്ക ഗുളിക കഴിക്കണം. അമ്മ കൂലിപ്പണിക്ക് പോയിത്തുടങ്ങി. ഉച്ചവരെ കൂലിപ്പണി, ഉച്ച കഴിഞ്ഞ് അടുക്കളപ്പണി. അന്നേരം അവിടെ ബാക്കി വരുന്ന ചോറും മറ്റും ഒരു മണ്‍ചട്ടിയിലാക്കി ഇല കൊണ്ട് മൂടി കൊണ്ടുവരുന്നത് കഴിക്കാന്‍ ഞാന്‍ കൊതിയോടെ ഇരുന്നിട്ടുണ്ട്. ഒരു നേരത്തെ ആഹാരത്തിന് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഞങ്ങള്‍ മൂന്ന് ആണ്‍മക്കളാണ്. ഞങ്ങള്‍ ഉച്ചത്തില്‍ ഒന്നു മിണ്ടുന്നതു കേട്ടാല്‍ മതി, പാമ്പിനെ തല്ലിക്കൊല്ലാന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന വടിയെടുത്ത് പിതാവ് അമ്മയെ തല്ലും. ചോര വരുന്നതു വരെ അടിക്കും. അമ്മ ചങ്കിനിടിച്ചു കരയും. ചുരുക്കിപ്പറഞ്ഞാല്‍ ഞങ്ങളുടെ വീട് ഒരു കരച്ചിലിന്റെ വീടായിരുന്നു. കടുത്ത നിരാശയിലാണ് ഞാന്‍ ജീവിച്ചുവന്നത്. എന്റെ അമ്മ മൂന്നു പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് എന്റെ അമ്മ ദൈവത്തെക്കുറിച്ച് പറഞ്ഞത്, ചാകാനും സമ്മതിക്കാത്ത ദുഷ്ടനായ ദൈവം എന്നാണ്. ആ അമ്മ പിന്നീട് സുവിശേഷ പ്രസംഗം കേള്‍ക്കാന്‍ പോയി. ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു കൊണ്ട് അങ്ങോട്ടു പോയ അമ്മ തിരിച്ചെത്തിയത് വലിയ സന്തോഷത്തോടെയാണ്. ഞാന്‍ പഠിക്കാന്‍ മണ്ടനായിരുന്നു. എനിക്ക് എസ്.എസ്.എല്‍.സിക്ക് കിട്ടിയത് 600ല്‍ 251 മാര്‍ക്കാണ്. പഠിക്കാഞ്ഞിട്ടല്ല. അഞ്ചു മണിക്ക് എഴുന്നേറ്റിരുന്ന് കഷ്ടപ്പെട്ട് പഠിക്കും. പക്ഷേ കഞ്ഞി കുടിക്കാന്‍ മാര്‍ഗമില്ല. ആരും സഹായിക്കാനില്ല. നിസാര മാര്‍ക്കില്‍ പാസായി. കണക്കു സാര്‍ എന്നെ പൊട്ടന്‍ എന്നാണ് വിളിച്ചിരുന്നത്. 50ല്‍ ഏഴു മാര്‍ക്കാണ് കണക്കിനു കിട്ടിയത്. 10 പൈസ വണ്ടിക്കൂലി കൊടുക്കാനില്ലാതെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നു വരുമ്പോള്‍ ഏങ്ങലടിച്ച് ഓര്‍ത്തിട്ടുണ്ട് -എങ്കിലും സാര്‍ എന്നെ പൊട്ടനെന്നു വിളിച്ചല്ലോ. സാറിനോട് ദേഷ്യം തോന്നിയിട്ടില്ല. പക്ഷേ, ഞാന്‍ ഇത്രമാത്രം നിര്‍ഭാഗ്യവാനായി പോയല്ലോ എന്നോര്‍ത്തു പോയി.

15-ാമത്തെ വയസില്‍ അറ്റന്‍ഡര്‍ ഉദ്യോഗം

എസ്.എസ്.എല്‍.സി കഴിഞ്ഞപ്പോള്‍ തുടര്‍ന്നു പഠിക്കാന്‍ നിവൃത്തിയില്ല. കാശില്ല. അതിനിടയില്‍ അമ്മ നിര്‍ബന്ധിച്ച് ഒരിക്കല്‍ പ്രാര്‍ഥനാ യോഗത്തിന് കൊണ്ടുപോയി. നിരാശപ്പെട്ടു വന്നിരിക്കുന്നവര്‍, ജീവിതം ദൈവത്തിനായി സമര്‍പ്പിക്കാന്‍ പ്രസംഗകന്‍ പറയുന്നതു കേട്ടു. മനസറിഞ്ഞ് പാപം ചെയ്യില്ലെന്ന് വ്യക്തമായി തീരുമാനമെടുക്കാനും അദ്ദേഹം പ്രസംഗിച്ചു. ഉള്ളതു പറഞ്ഞാല്‍ അന്നു മുതല്‍, എന്റെ 15-ാമത്തെ വയസില്‍, ഞാന്‍ എന്റെ ജീവിതം ദൈവത്തിന് വിട്ടുകൊടുത്തു. ജീവിതത്തിലേക്ക് ഐശ്വര്യം കടന്നുവന്നു. പഠിപ്പിക്കാന്‍ മാര്‍ഗമില്ലാത്തതു കൊണ്ട് റബര്‍ വെട്ട് പഠിച്ചുകൊള്ളാനായിരുന്നു പിതാവ് പറഞ്ഞത്. 15-ാമത്തെ വയസില്‍ റബര്‍വെട്ടുകാരനായി ജീവിച്ചു തുടങ്ങി. തോട്ടത്തില്‍ ഒരു തോര്‍ത്തു മാത്രമുടുത്ത് റബര്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍, ഒപ്പം പഠിച്ചവര്‍ കോളജിലേക്ക് നടന്നു പോകും. റബര്‍ മരത്തില്‍ ചാരിയിരുന്ന് ഏങ്ങലടിച്ചു പോയിട്ടുണ്ട്. അത്ര കൊതിയായിരുന്നു പഠിക്കാന്‍. ഒരു ജോലി കിട്ടാന്‍ ദൈവത്തോട് കേണപേക്ഷിച്ചിട്ടുണ്ട്. ഒടുവില്‍, മൂവാറ്റുപുഴയിലെ ഒരു ഡന്റല്‍ ക്ലിനിക്കില്‍ അറ്റന്‍ഡറായി ജോലി ചെയ്യാന്‍ അവസരം കിട്ടി. തറ തുടക്കുക, ടോയ്‌ലറ്റ് കഴുകുക, ഡോക്ടര്‍ ഊണു കഴിച്ച പാത്രം കഴുകി വെക്കുക -അതൊക്കെയായിരുന്നു ജോലി. പക്ഷേ, ജോലി കിട്ടിയപ്പോള്‍ എനിക്ക് സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു.
ആ കാലത്ത് ഞാന്‍ കണ്ട സ്വപ്‌നം -അതാണ് ഡെന്റ്‌കെയര്‍. അന്ന് ഇന്ത്യയില്‍ ആകെ രണ്ട് ഡന്റല്‍ ലാബ് മാത്രമേയുള്ളൂ. ക്രൗണ്‍ ആന്‍ഡ് ബ്രിഡ്ജ് ഉണ്ടാക്കുന്ന പണിയാണ് ഞങ്ങള്‍ക്ക്. രണ്ടേ രണ്ടു പ്രോഡക്ട് മാത്രമേ അന്ന് ഇന്ത്യയില്‍ ഉണ്ടാക്കുന്നുള്ളൂ. അത് ചെയ്തുകൊണ്ടു വന്നാല്‍ 10ല്‍ രണ്ടെണ്ണം പോലും നേരെചൊവ്വേ വായില്‍ വെക്കാനാവില്ല. ഡോക്ടര്‍ മണിക്കൂറുകള്‍ ഗ്രൈന്റ് ചെയ്യും. പേഷ്യന്റ് വായ് തുറന്ന് കുറെനേരം ഇരിക്കും. അവര്‍ മടുത്തുപോകും. അപ്പോള്‍ എന്റെ മനസില്‍ ഒരു ചിന്ത. വല്ലപ്പോഴമെങ്കിലും, ചെയ്തു കൊണ്ടുവരുന്നത് ശരിയാകുന്നുണ്ടല്ലോ -സ്വപ്‌നത്തിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. എന്നെങ്കിലും, എങ്ങനെയെങ്കിലും അത്തരമൊരു സ്ഥാപനം തുടങ്ങണം. കേള്‍ക്കണേ! അന്ന് എനിക്ക് ഒരു മാസത്തെ ശമ്പളം 250 രൂപയാണ്. ഒരു ചെറിയ ഡന്റല്‍ ലാബ് സെറ്റ് ചെയ്യാന്‍ 20 ലക്ഷം രൂപയെങ്കിലും വേണം. ദൈവം തന്ന സ്വപ്‌നമാണ് കണ്ടതെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. ദൈവം പക്ഷേ, ഒന്നും നൂലില്‍ കെട്ടിയിറക്കി തരില്ല. ജീവിക്കാന്‍ എളുപ്പ വഴിയൊന്നുമില്ല. സൂത്രപ്പണിയൊന്നും പറ്റില്ല. ഞാന്‍ രാപകലില്ലാതെ അധ്വാനിക്കാന്‍ തുടങ്ങി. രാത്രി പകലാക്കി ജോലി ചെയ്തു. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു മണിക്കൂര്‍ പോലും ഉറങ്ങാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചേമുക്കാല്‍ വര്‍ഷം അങ്ങനെ പണിയെടുത്തു.

ഒടുവില്‍ ഡെന്റ്‌കെയര്‍ പിറന്നു!

1988ല്‍ ആറു ജോലിക്കാരെ വെച്ച്, സമ്പാദിച്ച നാലേമുക്കാല്‍ ലക്ഷം രൂപയും 25,000 രൂപ ചേട്ടന്‍ ബ്ലേഡ് ബാങ്കില്‍ നിന്ന് എടുത്തു തന്നതും 15 ലക്ഷം രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാത്യു സര്‍ ലോണ്‍ തന്നതും ചേര്‍ത്ത് 20 ലക്ഷം രൂപ കൊണ്ട് ഡെന്റ് കെയര്‍ എന്ന ചെറിയ സ്ഥാപനം 290 ചതുരശ്രയടി മുറിയില്‍ തുടങ്ങി. ഡന്റല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കോടെ പാസായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിച്ചു. പലവിധ പരിശീലനം നേടി. ഇന്ന് മൂവാറ്റുപുഴയില്‍ മാത്രം മൂന്നുലക്ഷം ചതുരശ്രയടി കെട്ടിടമുണ്ട്. ഹൈദരാബാദിലും ഡല്‍ഹിയിലും മുംബൈയിലും കൊല്‍ക്കത്തയിലുമൊക്കെ ശാഖകളുണ്ട്. യു.എസിലും യു.കെയിലും ഓസ്‌ട്രേലിയയിലും യു.എ.ഇയിലുമെല്ലാം നിര്‍മാണ യൂണിറ്റുകളുണ്ട്. 250 രൂപ ആദ്യശമ്പളം വാങ്ങിയ എന്റെ സ്ഥാപനത്തില്‍ ഇന്ന് ഒരു മാസം ശമ്പളം കൊടുക്കാന്‍ 11 കോടി രൂപ വേണം. 4,000 ജോലിക്കാര്‍. കേരളം വ്യവസായത്തിന് പറ്റിയ മണ്ണല്ല എന്നു പറയുന്നവരോട് എനിക്കൊരു കാര്യം പറയാനുണ്ട് -കേരളം പോലെ വ്യവസായത്തിന് പറ്റിയ മണ്ണില്ല എന്നാണ് എന്റെ അനുഭവം. എങ്ങനെ നമ്മള്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പരമപ്രധാനം.
രണ്ടേരണ്ടു പ്രോഡക്ട് വെച്ചാണ് തുടങ്ങിയത്. ഫുള്‍ മെറ്റലും അക്രിലിക് കവറും. ഇന്ന് ലോകോത്തര നിലവാരമുള്ള 456 പ്രോഡക്ട് ഞങ്ങള്‍ നിര്‍മിക്കുന്നുണ്ട്. മുന്‍പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിങ്ങളില്‍ പലരുടെയും വായില്‍ ഞങ്ങള്‍ നിര്‍മിച്ച പല്ലുകളുണ്ട്. മാര്‍ക്കറ്റില്‍ ഇന്ന് ഞങ്ങള്‍ 25 ശതമാനം കൂടുതല്‍ ചാര്‍ജ് ചെയ്യുന്നുണ്ട്. പക്ഷേ, ചെയ്താല്‍ തീരാത്ത മാതിരി വര്‍ക്കാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. ഇന്ന് ഞങ്ങളുടെ സ്ഥാപനത്തിന്റെ മൊത്തം മൂല്യം 1,500 കോടി രൂപയാണ്. 26 ശതമാനം പ്രതിവര്‍ഷ വളര്‍ച്ചയുണ്ട് സ്ഥാപനത്തിന്. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ 2030ല്‍ ലോകത്ത് ഈ മേഖലയില്‍ ഒന്നാമത്തെ സ്ഥാപനമായി മാറും. ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.

ഞാന്‍ തുറന്നു പറയുന്നത്, നിങ്ങള്‍ സ്വപ്‌നം കാണാന്‍

ഭ്രാന്തന്‍ കുര്യാക്കോയുടെ മക്കള്‍ എന്നാണ് ചെറുപ്പത്തില്‍ ഞങ്ങളെ വിളിച്ചിരുന്നത്. അവിടെ നിന്ന് ഇത്രയുമെത്തി. ഒരു വ്യവസായി ഇതൊക്കെ പറയുന്നത് എന്തിനാണെന്ന് തോന്നുമായിരിക്കും. ഞാന്‍ എന്തിനാണ് ഇതൊക്കെ പറയുന്നത്? ഞാന്‍ തുറന്നു പറഞ്ഞാല്‍, ആര്‍ക്കും ഉയര്‍ന്നു വരാമെന്ന ചിന്ത കേള്‍ക്കുന്നവരില്‍ ഉണ്ടാകും. അവര്‍ സ്വപ്‌നം കാണാന്‍ പഠിക്കും. ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം. ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് സ്വപ്നം. എന്റെ ഉറക്കം 1982ല്‍ നഷ്ടപ്പെട്ടു. അങ്ങനെയാണ് ഡെന്റ്‌കെയര്‍ പിറന്നത്. ഒറ്റക്കാര്യം: നിങ്ങള്‍ ഏതു മേഖലയിലേക്ക് തിരിഞ്ഞാലും, അതേക്കുറിച്ച് ശരിയായി പഠിച്ചതിനു ശേഷം മാത്രം ഇറങ്ങിത്തിരിക്കുക. വിജയം സുനിശ്ചിതം. എല്ലാവര്‍ക്കും പക്ഷേ, കുറുക്കുവഴിയില്‍ പെട്ടെന്ന് പൈസയുണ്ടാക്കുകയാണ് വേണ്ടത്. ഒന്നു പറയാം: അച്ചടക്കമില്ലെങ്കില്‍, ഉത്‌സാഹം എന്നും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബിസിനസില്‍ വളര്‍ച്ചയില്ലെന്നു കൂടി ഓര്‍മിക്കുക.''
Related Articles
Next Story
Videos
Share it