പട്ടിക വിഭാഗത്തില്‍ ക്രീമിലെയര്‍ നടപ്പാക്കണം -സുപ്രീംകോടതി

പട്ടിക വിഭാഗക്കാരില്‍ കൂടുതല്‍ പിന്നോക്കം നില്‍ക്കുന്നവരെ നിര്‍ണയിച്ച് പ്രത്യേക സംവരണം നല്‍കണമെന്ന് സുപ്രീംകോടതി. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ഉദ്യോഗത്തിലും വിദ്യാലയ പ്രവേശനത്തിലും ക്വാട്ട ഏര്‍പ്പെടുത്തുന്നത് അനുവദനീയമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് സുപ്രധാന വിധിന്യായത്തില്‍ വ്യക്തമാക്കി. ഏഴില്‍ ആറു ജഡ്ജിമാര്‍ ഇതിനോട് യോജിച്ചപ്പോള്‍ ഒരാള്‍ വിയോജന വിധിയാണ് നല്‍കിയത്.
പട്ടിക വിഭാഗത്തില്‍ കൂടുതല്‍ ദുര്‍ബലരെ നിര്‍ണയിച്ച് പ്രത്യേകാനുകൂല്യം നല്‍കാമെങ്കിലും, അവര്‍ക്ക് 100 ശതമാനം സംവരണവും അനുവദിക്കാന്‍ പാടില്ല. പ്രത്യേക സംവരണം നല്‍കുന്നതിന്റെ കാരണവും മാനദണ്ഡവും സര്‍ക്കാര്‍ മുന്നോട്ടു വെക്കുകയും വേണം. സബ്ക്ലാസിഫിക്കേഷന്‍ അനുവദിക്കാന്‍ പറ്റില്ലെന്ന 2004ലെ ഇ.വി ചിന്നയ്യ വിധി അസാധുവാക്കുന്നതാണ് ഇപ്പോഴത്തെ ഉത്തരവ്.
ക്രീമിലെയര്‍ വ്യവസ്ഥ ഇപ്പോള്‍ ഒ.ബി.സിക്ക് മാത്രം
പട്ടിക വിഭാഗക്കാര്‍ക്കുള്ള സംവരണ ആനുകൂല്യത്തിന്റെ പരിധിയില്‍ നിന്ന് പട്ടിക വിഭാഗക്കാരില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ക്രീമിലെയറിനെ ഒഴിവാക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഒ.ബി.സി വിഭാഗത്തില്‍ മാത്രമാണ് നിലവില്‍ ക്രീമിലെയര്‍ ബാധകം.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ചില്‍ നാലു പേരും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പട്ടികജാതി-പട്ടിക വര്‍ഗക്കാരിലെ ക്രീമിലെയര്‍ വിഭാഗത്തെ നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നയ രൂപീകരണം നടത്തണം. സംവരണ ആനുകൂല്യങ്ങളില്‍ നിന്ന് ഇവരെ ഒഴിവാക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന യഥാര്‍ഥമായ തുല്യത നേടിയെടുക്കാനുള്ള വഴി ഇതാണെന്നും കോടതി നിരീക്ഷിച്ചു.
Related Articles
Next Story
Videos
Share it