Begin typing your search above and press return to search.
നീറ്റ്-യു.ജി പരീക്ഷ ക്രമക്കേട് ഹര്‍ജികളില്‍ ഹൈകോടതികളിലെ തുടര്‍നടപടിക്ക് സ്റ്റേ
മെയ് അഞ്ചിന് നടന്ന നീറ്റ്-യു.ജി 2024 പരീക്ഷയിലെ ക്രമക്കേട്, ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍, കൊല്‍ക്കത്ത, ബോംബെ ഹൈക്കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജികളില്‍ തുടര്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ)യുടെ അപേക്ഷയില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, എസ്.വി.എന്‍ ഭാട്ടി എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റെ സ്റ്റേ ഉത്തരവ്.
ഇതിനിടെ, നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്നു കിട്ടിയെന്ന് ബിഹാര്‍ സ്വദേശി 22കാരനായ അനുരാഗ് യാദവ് പൊലീസിനു മൊഴി നല്‍കി. സമസ്തിപുര്‍ പൊലീസിനു നല്‍കിയ മൊഴിപ്പകര്‍പ്പ് പുറത്തു വന്നിട്ടുണ്ട്. മെയ് അഞ്ചിനു നടന്ന പരീക്ഷയുടെ ചോദ്യക്കടലാസ് ഒരു ബന്ധു വഴി തലേന്നു തന്നെ കിട്ടിയെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. സംഭവത്തില്‍ നാലു വിദ്യാര്‍ഥികളെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിവാദത്തെ തുടര്‍ന്ന് നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെടുന്ന 10 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ചൊവ്വാഴ്ച നടന്ന കോളജ് അധ്യാപന യോഗ്യത പരീക്ഷ 'യു.ജി.സി-നെറ്റ്' കഴിഞ്ഞ ദിവസം ദേശീയ പരീക്ഷ ഏജന്‍സിയായ എന്‍.ടി.എ റദ്ദാക്കിയിരുന്നു. ചോദ്യങ്ങള്‍ ചോര്‍ന്നുവെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയാണ് അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. അന്വേഷണം വിദ്യാഭ്യാസ മന്ത്രാലയം സി.ബി.ഐക്ക് കൈമാറി. രാജ്യത്തെ 1,205 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷ എഴുതിയത് 11.21 ലക്ഷം പേരാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ കുറ്റകൃത്യ പ്രതിരോധ ഏകോപന കേന്ദ്രത്തിനു കീഴിലെ ദേശീയ സൈബര്‍ കുറ്റകൃത്യ ഭീഷണി നിരീക്ഷണ യൂനിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന സൂചന കൈമാറിയത്. ഇവ വിലയിരുത്തിയാണ് പരീക്ഷ റദ്ദാക്കിയത്. പുനഃപരീക്ഷ വിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.
Next Story
Videos