Begin typing your search above and press return to search.
സിറിയയില്‍ വീണത് റഷ്യ-ഇറാന്‍ ചേരി! നെതന്യാഹു മുന്‍കൂട്ടി കണ്ടു, മിഡില്‍ ഈസ്റ്റില്‍ സമവാക്യങ്ങള്‍ മാറും, ഇനിയെന്ത്?
വിമത സേനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ 11 ദിവസം കൊണ്ട് ബഷാറുല്‍ അസദിന്റെ ഭരണത്തിന് അന്ത്യമായതോടെ സിറിയന്‍ ജനത പുതിയ പ്രതീക്ഷയില്‍. സിറിയ അസദിന്റെ ഭരണത്തില്‍ നിന്ന് മോചിതമായെന്ന് ഞായറാഴ്ചയുടെ ആലസ്യത്തില്‍ ലോകം കേട്ടു. അരനൂറ്റാണ്ട് നീണ്ട അസദ് കുടുംബത്തിന്റെ ഭരണം അബു മുഹമ്മദ് അല്‍ ജുലാനിയുടെ നേതൃത്വത്തിലുള്ള ഹയാത്ത് തെഹ്‌രീര്‍ അല്‍ശാം വിമത സേനയുടെ ഇടപെടലില്‍ അവസാനിച്ചു. എന്നാല്‍ ബഷാര്‍ വീഴുമ്പോള്‍ തിരിച്ചടിയേറ്റത് റഷ്യ-ഇറാന്‍ ചേരിക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഇത്രയും കാലം രാജ്യത്തെ വിമത സേനയെ പ്രതിരോധിച്ചത് റഷ്യന്‍-ഇറാന്‍ പിന്തുണയോടെയാണ്. നിലവില്‍ ഇരുരാജ്യങ്ങളും 'മറ്റ് തിരക്കുകളില്‍' ആയതിനാല്‍ നിര്‍ണായക ഘട്ടത്തില്‍ അസാദിനെ സംരക്ഷിക്കാനാകാതെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ദിവസം അധികാര മാറ്റ ചര്‍ച്ചകളെ തുടര്‍ന്ന് സൈനിക വിമാനത്തില്‍ രക്ഷപ്പെട്ട അസദും കുടുംബവും നിലവില്‍ മോസ്‌കോയില്‍ അഭയം തേടിയെന്നാണ് വിവരം. ശരിക്കും എന്താണ് സിറിയയിലെ പ്രശ്‌നം? അധികാര മാറ്റത്തിലേക്ക് നയിച്ച ഘടങ്ങള്‍ എന്തൊക്കെ? മിഡില്‍ ഈസ്റ്റില്‍ പുതിയ അധികാര സമവാക്യങ്ങള്‍ വരുമ്പോള്‍ ലോക വ്യാപാര മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കാം? പരിശോധിക്കാം
എന്താണ് സിറിയയില്‍ സംഭവിച്ചത്
ഇസ്രയേല്‍, ലെബനന്‍, ഇറാഖ്, ജോര്‍ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സിറിയ. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിര്‍ണായകമായ ഭൂപ്രദേശം. 2.32 കോടി ജനസംഖ്യ. എന്നാല്‍ കേരളത്തിനേക്കാള്‍ അഞ്ചിരട്ടി വലിപ്പം രാജ്യത്തിനുണ്ട്.ജനസംഖ്യയില്‍ 75 ശതമാനവും സുന്നി മുസ്ലിങ്ങള്‍. 13 ശതമാനം ഷിയാ വിഭാഗക്കാര്‍. ക്രിസ്ത്യാനികള്‍ 10 ശതമാനവുമാണ്. ബഷാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രാഷ്ട്രീയമായി ഇറാനൊപ്പം. ഭൂരിഭാഗം പ്രദേശങ്ങളും സര്‍ക്കാര്‍ അധികാരത്തിന് കീഴിലാണെങ്കിലും ചില കേന്ദ്രങ്ങള്‍ തുര്‍ക്കി പോലുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലും. റഷ്യന്‍-ഇറാന്‍ സൈന്യത്തിന്റെ സഹായത്താലാണ് അസദ് ഇവരെ പ്രതിരോധിച്ച് പോന്നത്. വിഘടിച്ച് നിന്ന നാഷണല്‍ ഫ്രണ്ട് ഓഫ് ലിബറേഷന്‍, അഹ്‌റാര്‍ അല്‍ ശാം, ഷെയ്ഷ് അല്‍ ഈസ, നൂറുല്‍ ദീന്‍ അല്‍സെങ്കി മൂവ്‌മെന്റ്, സിറിയന്‍ ദേശീയ സേനയുടെ കീഴിലുള്ള തുര്‍ക്കി അനുകൂല ഗ്രൂപ്പുകള്‍ എന്നീ വിമത സംഘടനകളെ ഏകോപിപ്പിച്ച് രക്തരഹിത കലാപം തുടങ്ങിയത് അബു മുഹമ്മദ് അല്‍ ജീലാനിയെന്ന 42 കാരന്‍. അല്‍ഖ്വായിദ പോലുള്ള നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ജീലാനി ഇപ്പോഴും അമേരിക്കന്‍ തീവ്രവാദ പട്ടികയിലുള്ളയാളാണ്.
പറ്റിയ സമയത്തിന് കാത്തിരുന്നു, കാട്ടുതീ പോലെ പടര്‍ന്നു
സാമ്പത്തിക പ്രതിസന്ധിയില്‍ തളര്‍ന്നിരുന്ന അസദ് സര്‍ക്കാരിന് നവംബര്‍ 27ന് ആലപ്പോയില്‍ പെട്ടെന്നുണ്ടായ വിമത നീക്കങ്ങളെ ചെറുക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. രക്ഷകരായ റഷ്യ യുക്രെയിനിലും ഇറാന്‍ ഇസ്രയേലിലും തിരക്കിലുമായി. അയല്‍രാജ്യമായ ലെബനാന്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന നിലയിലുമാണ്. വിമതനീക്കം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അസാദിന് രാജ്യം വിട്ടോടേണ്ടി വന്നു. ഒന്ന് ചെറുത്ത് നില്‍ക്കാന്‍ പോലും അസദിന് കെല്‍പ്പുണ്ടായിരുന്നില്ലെന്നത് വിചിത്രം. സൈനിക പോസ്റ്റുകള്‍ വിട്ടെറിഞ്ഞ് സിറിയന്‍ സൈനികര്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചില സിറിയന്‍ നഗരങ്ങള്‍ ഇപ്പോഴും അസദ് അനുകൂലികളുടെ പക്കലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇനിയെന്ത് സംഭവിക്കും
സിറിയക്ക് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണെന്ന് നിരീക്ഷകര്‍ പറയുന്നു. 2011ലെ അറബ് വസന്തത്തെ അതിജീവിച്ച അസദിന്റെ അടിവേരിളകിയത് പശ്ചിമേഷ്യയില്‍ പുതിയ അധികാര സമവാക്യങ്ങള്‍ക്ക് തുടക്കമിടും. വര്‍ഷങ്ങള്‍ നീണ്ട അസദ് കുടുംബത്തിന്റെ ഭരണത്തിന് അവസാനമായതില്‍ സിറിയന്‍ ജനത അത്യാഹ്ലാദത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കടുത്ത മതവാദികളായ നേതാക്കള്‍ അധികാരത്തിലേറുമ്പോള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കത്തിവക്കുമോ എന്ന് കണ്ടറിയണം. അതേസമയം, ഇറാനും റഷ്യയും ഹിസ്ബുള്ളയും അടങ്ങുന്ന ചേരിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ നീക്കം. മേഖലയില്‍ റഷ്യന്‍ നേതൃത്വത്തിലുള്ള പദ്ധതികള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും എന്ത് സംഭവിക്കുമെന്നും കാത്തിരുന്ന് കാണണം. റസപ് ത്വയിബ് എര്‍ദോഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ വിജയിയെന്നും വിലയിരുത്തലുണ്ട്. അമേരിക്കന്‍ നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയുടെ ആശീര്‍വാദത്തോടെയാണ് സിറിയയിലെ വിമതനീക്കങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പശ്ചിമേഷ്യയില്‍ പുതിയ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പിന്നില്‍ യു.എസ്-ഇസ്രയേല്‍ ചേരി
പലസ്തീന്‍ വിഷയത്തില്‍ ഹമാസിനൊപ്പം നിന്നിരുന്ന രാജ്യങ്ങളെയും സംഘടനകളെയും തകര്‍ക്കുക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ അധികാരമാറ്റം തുടങ്ങിയ ലക്ഷ്യങ്ങളോടെ യു.എസ്-ഇസ്രയേല്‍ ചേരി നടപ്പിലാക്കിയ രഹസ്യ ഓപറേഷനാണ് ഇപ്പോഴത്തേതെന്നും ചില വിലയിരുത്തലുകളുണ്ട്. റഷ്യന്‍ യുദ്ധവിമാനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു വിമത നീക്കം സിറിയയില്‍ തുടങ്ങിയത്. ഇതിന് പിന്നില്‍ യു.എസ്-ഇസ്രയേല്‍-തുര്‍ക്കി സഖ്യമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അബു മുഹമ്മദ് അല്‍ ജുലാനിയുടെ നേതൃത്വത്തിലുള്ള ഹയാത്ത് തെഹ്‌രീര്‍ അല്‍ശാം വിമത സേനക്ക് സഹായം നല്‍കുന്നത് ഇവരാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇസ്രയേലികള്‍ക്ക് ഭീഷണിയായേക്കാവുന്ന ഏഴ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ (സിറിയ, ഇറാഖ്, ഇറാന്‍, ലിബിയ, യെമന്‍, സോമാലിയ, സുഡാന്‍) ഭരണമാറ്റം വരുത്താനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിയാണിതെന്നും ചില നിരീക്ഷകര്‍ പറയുന്നു. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതോടെ അതിര്‍ത്തിയോട് ചേര്‍ന്ന ഗോലാന്‍ കുന്നുകള്‍ ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അഞ്ച് പതിറ്റാണ്ട് നീണ്ട അസാദ് കുടുംബത്തിന്റെ കിരാതവാഴ്ചക്കെതിരെ ജനങ്ങള്‍ സംഘടിച്ചതാണെന്ന വാദവും അന്താരാഷ്ട്ര വിദഗ്ധര്‍ പറയുന്നുണ്ട്.
Next Story
Videos