മലകയറ്റം@ 5,099; കേരളത്തിനടുത്ത് 17 പോയന്റുകള്‍, സൗജന്യം ഇല്ല

തമിഴ്‌നാട്ടില്‍ മലകയറാന്‍ ഇനി ഫീസ് നല്‍കേണ്ടി വരും. ട്രക്കിംഗ് പ്രേമികളില്‍ നിന്ന് പണം ഈടാക്കിയുള്ള പ്രീ ബുക്കിംഗ് സംവിധാനത്തിന് തമിഴ്‌നാട് വനം വകുപ്പ് തുടക്കം കുറിച്ചു. നിലവില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പടെയുള്ള ട്രക്കിംഗ് സംഘങ്ങള്‍ക്ക് സാഹസിക യാത്രകള്‍ക്ക് ഫീസ് നല്‍കേണ്ടിയിരുന്നില്ല. സംസ്ഥാനത്തെ 40 ട്രക്കിംഗ് പോയിന്റുകളെ തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ ബുക്കിംഗിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത് ചില പോയിന്റുകളില്‍ ഒരാള്‍ക്ക് 5,000 രൂപയിലേറെ ഫീസ് വരും. .പദ്ധതി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. കേരളമുള്‍പ്പടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കൂടി ട്രക്കിംഗ് പ്രേമികകളെ ആകര്‍ഷിക്കുന്ന രീതിയിലാണ് പോയിന്റുകള്‍ നിശ്ചയിച്ചിട്ടുള്ളത്. കോയമ്പത്തൂര്‍, ഊട്ടി എന്നിവിടങ്ങളിലായി 17 ഇടങ്ങളുണ്ട്‌. തമിഴ്‌നാട്ടിലെ മലകളില്‍ ധാരാളം പേര്‍ സ്വന്തം നിലയില്‍ ട്രക്കിംഗിന് എത്തുന്നുണ്ട്. ഇനി മുതല്‍ തെരഞ്ഞെടുക്കപ്പെട്ട 40 പോയിന്റുകളില്‍ പോകാന്‍ www.trektamilnadu.com എന്ന വെബ്‌സൈറ്റ് വഴി നേരത്തെ ബുക്ക് ചെയ്യണം.

മലയാളികളെ ഇതിലേ, ഇതിലേ

കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ 17 ട്രക്കിംഗ് പോയിന്റുകളിലേക്ക് മലയാളികളായ സാഹസിക യാത്രക്കാരെ തമിഴ്‌നാട് പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ സഞ്ചാരികളുടെ സംഘങ്ങള്‍ സന്ദര്‍ശിച്ചു വരുന്ന സ്ഥലങ്ങളാണിത്. മൂന്നു വിഭാഗങ്ങളായാണ് ട്രക്കിംഗ് പോയിന്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈസി വിഭാഗത്തിലുള്ള പോയിന്റുകളില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മലകയറാം. മോഡറേറ്റ് വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ യാത്ര അല്‍പ്പം കഠിനമാകും. ടഫ് വിഭാഗത്തില്‍ അതികഠിന യാത്രയാണ്. ഓരോ വിഭാഗത്തിലുമുള്ള പോയിന്റുകളുടെ ദൂരം, മലകയറുമ്പോള്‍ ഉപയോഗിക്കേണ്ട വസ്ത്രങ്ങള്‍, ഭക്ഷണ രീതി, കാണാനുള്ള സ്ഥലങ്ങള്‍ എന്നിവയെ കുറിച്ച് വെബ് സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. കോയമ്പത്തൂര്‍ ജില്ലയില്‍ ആനമല കടുവ സംരക്ഷണ കേന്ദ്രം, മാനാംപള്ളി, മേട്ടുപ്പാളയം, പറളിയാര്‍, വെള്ളിങ്കില്‍, പെരുമാള്‍ മുടി, ടോപ്പ് സ്ലിപ്പ് എന്നിവയാണ് പോയിന്റുകള്‍. ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി ജില്ലയില്‍ ഫേണ്‍ ഹില്‍, കോത്തഗിരി ലോംഗ് വുഡ് ഷോല, ഗൂഢല്ലൂര്‍ ജീണ്‍ പൂള്‍, അവലാഞ്ച്, കോത്തഗിരി കരിക്കയൂര്‍, ദേവര്‍ ബട്ട, പാര്‍സണ്‍സ് വാലി, നീഡില്‍ റോക്ക് തുടങ്ങിയവയും.

ഫീസ് ഒരാള്‍ക്ക് 5,099 രൂപ വരെ

വിവിധ വിഭാഗങ്ങളിലുള്ള പോയിന്റുകളില്‍ വ്യത്യസ്ത നിരക്കുകളാണ് നല്‍കേണ്ടി വരിക. ഏറ്റവും കുറഞ്ഞ നിരക്ക് ഒരാള്‍ക്ക് 699 രൂപയാണ്. കൂടിയ നിരക്ക് 5,099 രൂപയും. 40 പോയിന്റുകളിലേക്കുമുള്ള ഫീസ് നിരക്കുകള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓരോ സ്ഥലങ്ങളിലും യാത്രക്ക് അനുമതിയുള്ള സമയം, പാലിക്കേണ്ട ചട്ടങ്ങള്‍ എന്നിവയും വിശദീകരിക്കുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള സാഹസികയാത്രികര്‍ ഇതുവരെ സൗജന്യമായി എത്തിയിരുന്ന മലനിലകളിലേക്ക് ഇനി പണം നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടി വരും.

Related Articles
Next Story
Videos
Share it