യു എ ഇ യിലെ ഭാവി ഭവനങ്ങളിൽ ശാരീരിക അകലം പാലിക്കാൻ കഴിയുന്ന ടെക്നോളജി

കോവിഡ്-19 എന്ന മഹാമാരി മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ പുതിയ തലത്തിൽ എത്തുകയാണ്. സാമൂഹിക അകലം പാലിക്കാനായി മനുഷ്യർ തമ്മിൽ തമ്മിലുള്ള ഇടപെടലുകളിൽ ഒരുപാട് നിയന്ത്രണങ്ങൾ കൊണ്ടു വന്നു. പക്ഷെ, അതൊക്കെ പൊതു ഇടങ്ങളിൽ ആയിരുന്നു. ഇനി മാറ്റങ്ങൾ വരാൻ പോകുന്നത് നമ്മുടെ ഭവനങ്ങളിൽ തന്നെ ആയിരിക്കും.

വളരെ വിചിത്രമായ "പുതിയ സാധാരണ ജീവിതം" നയിക്കാൻ മനുഷ്യൻ നിർബന്ധിതമായിരിക്കുന്ന സാഹചര്യത്തിൽ സാങ്കേതിക വിദ്യയ്ക്കാണ് പ്രമുഖ സ്ഥാനം ലഭിക്കാൻ പോകുന്നത്.
യു എ ഇ യിൽ പുതിയതായി നിർമ്മിക്കാൻ പോകുന്ന വീടുകളിൽ ഇന്റലിജൻറ് ബിൽഡിംഗ് മോണിറ്ററിങ് സിസ്റ്റം ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. ഇതോടെ തൊടേണ്ട ആവശ്യമില്ലാത്ത സ്ക്രീനുകൾ, മുഖം, ശരീരോഷ്മാവ് എന്നിവ തിരിച്ചറിയുന്ന സെൻസറുകൾ, ഡ്രോണുകൾ ഒക്കെ ഇനി വീടുകളിലും എത്തും.
ചുരുക്കത്തിൽ സാമൂഹിക ഇടപെടലുകൾക്ക് ഇടം നൽകുന്നതോടൊപ്പം തന്നെ വീടുകൾ എങ്ങിനെ "ഭാവി സുരക്ഷിത" ഭാവനങ്ങളാക്കാം എന്നാണ് ആലോചന. ആർക്കിടെക്ടുകളോടും ഡിസൈനർമാരോടും കാലത്തിന് മുമ്പേ ചിന്തിച്ച് സാമൂഹിക അകലം പാലിക്കാൻ കഴിയുന്ന രൂപകല്പന ചെയ്യാനാണ് കെട്ടിട നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.
അത്തരം വീടുകൾക്കാണ് ഇന്നത്തെ മാർക്കറ്റിൽ ഡിമാൻഡ്. അതിന് പ്രധാന കാരണം, ഉപഭോക്താക്കൾ സാങ്കേതിക ജ്ഞാനം കൂടുതൽ ഉള്ളവരായി മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. മനുഷ്യ ജീവിതത്തിൽ എത്രത്തോളം സാങ്കേതിക പുരോഗമനം കൊണ്ടുവരാൻ കഴിയും എന്നതാണ് മുഖ്യം.
നേരത്തെ തന്നെ ദുബായിൽ കെട്ടിടം ത്രീ ഡി പ്രിന്റ് ചെയ്ത് നിർമ്മിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ത്രീ ഡി പ്രിന്റഡ് കെട്ടിടം രണ്ടു നിലയിൽ ദുബായ് മുനിസിപ്പാലിറ്റിമൂന്ന് വര്‍ഷം മുമ്പ് പണി കഴിപ്പിച്ചിരുന്നു. ആർക്കിടെക്ച്ചർ, എഞ്ചിനീയറിംഗ്‌, കെട്ടിട നിർമാണ മേഖല കഴിഞ്ഞ പത്ത് വർഷമായി വലിയ തോതിലുള്ള മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് വന്നതോടെ മുമ്പെന്നത്തേക്കാൾ അതിന് ആക്കം കൂടി. ശാരീരിക അകലം പാലിക്കാൻ കഴിയുന്ന, റിമോട്ട് വർക്കിംഗിന് സഹായകമാകുന്ന ഡിസൈനുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്.
സാങ്കേതിക മികവ് ഉറപ്പാക്കുന്നതോടൊപ്പം മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മാണ മേഖല കൂടുതൽ ഡിജിറ്റൈസ് ചെയ്തു കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ജോലികളിൽ ഓട്ടോമേഷൻ വ്യാപിപ്പിച്ചു. ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബി ഐ എം) ആണ് നിർമ്മാണ മേഖലയിലെ പരിവർത്തനത്തിന്റെ മുഖ്യ ഘടകം. ദുബായ് മുനിസിപ്പാലിറ്റി ഇത് വ്യാപകമായി നിർബന്ധമാക്കി കൊണ്ടിരിക്കുന്നു.
ക്ലൗഡ് ടെക്നോളജികളുടെ സഹായത്തോടെയുള്ള ബി ഐ എം ഉപയോഗം കമ്പനികളെ അവരുടെ കെട്ടിട നിർമ്മാണ പ്രക്രിയ കാര്യക്ഷമമാക്കാൻ പ്രാപ്തമാക്കുന്നു. ഇത് കൂടാതെ കോമൺ ഡേറ്റാ എൻവിറോണ്മെന്റ്, ഡേറ്റാ സയൻസ് എന്നിവ നിർമാണ കമ്പനികൾക്ക് ജോലി നിലവാരത്തിൽ വർദ്ധനവ് ഉണ്ടാക്കാനും ഓപ്റ്റിമൈസ് ചെയ്ത ഡെലിവറി വർക്ക്ഫ്ലോകൾ, സൈറ്റിലും പുറത്തും വർദ്ധിത സുരക്ഷ എന്നിവയ്ക്കും ഉപകാരപ്പെടുന്നുണ്ട്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ഗുണനിലവാര അവലോകന പ്രക്രിയകൾ കാരണമാണിത്. ബി ഐ എം കൂടാതെ പ്രീഫാബ്രിക്കേറ്റഡ് മെറ്റീരിയൽസ് ഉപയോഗിച്ചുള്ള നിർമ്മാണരീതി, ജി പി എസ് ഉപയോഗിച്ചുള്ള ഉപകരണങ്ങൾ, 4ഡി/ 5ഡി സിമുലേഷൻ, റോബോട്ടിക്‌സ് ഒക്കെ ഇപ്പോൾ നിർമ്മാണ മേഖലയിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരി പല നിർമാണ പദ്ധതികളും സമയത്ത് പൂർത്തിയാക്കുന്ന കാര്യത്തിൽ വിലങ്ങു തടിയാകുന്നുണ്ട്. കോവിഡ് കാരണം അനുഭവപ്പെടുന്ന തൊഴിലാളികളുടെ കമ്മി നേരിടാൻ ഡിസൈനർമാരും എഞ്ചിനീയർമാരും ഇത്തരം ഡിജിറ്റൽ സാങ്കേതിക വിദ്യകളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ഇവ ഉപയോഗിച്ചാണ് പലരും പ്രൊജെക്ടുകൾ റീ പ്ലാൻ ചെയ്യുന്നതും റീ ഒപ്റ്റിമൈസ് ചെയ്യുന്നതും.
മനുഷ്യൻ ഉപയോഗിക്കുന്ന ഓരോ ഇടങ്ങളും അവരുടെ ഏതേത് വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന കാര്യത്തിൽ കോവിഡ് കാലത്തെ "പുതിയ സാധാരണ ജീവിതത്തിന്റെ" അടിസ്ഥാനത്തിൽ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം കോവിഡ് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ള വൃദ്ധ ജനങ്ങൾക്കുള്ള അതേ മാനദണ്ഡങ്ങൾ ആയിരിക്കില്ല കൂടുതൽ സമയം പുറത്ത് ചിലവഴിക്കുന്ന ചെറുപ്പക്കാരായ കുടുംബത്തിന് വേണ്ടി കെട്ടിടം ഡിസൈൻ ചെയ്യുമ്പോൾ.
ഡേറ്റാ കളക്ഷൻ കൂടി സാധ്യമാകുന്ന വിധത്തിലുള്ള, കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിയന്ത്രിക്കാൻ പറ്റുന്ന, സാങ്കേതികതയായിരിക്കും ഇനി ഓരോ വീട്ടിലും ഉപയോഗിക്കുക. എങ്കിലേ രോഗബാധയ്ക്ക് കൂടുതൽ സാധ്യതയുള്ള ഉപയോക്താക്കളെപ്പറ്റിയുള്ള വിവരങ്ങൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യാൻ പറ്റൂ.
പ്രവേശന നിയന്ത്രണം, ശരീരോഷ്മാവ് തിരിച്ചറിയുന്ന സെൻസറുകൾ, പാർക്കിംഗ്, എലിവേറ്റർ, ഡിസ്പെൻസറുകൾ പോലുള്ള ഒരു കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഒരു കോൺടാക്റ്റ്ലെസ് സിസ്റ്റവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്, അത് ഒരു ഉപയോക്താവിന്റെ സ്മാർട്ട്‌ഫോണുമായി ലിങ്കുചെയ്യാൻ കഴിയും, ഇത് കെട്ടിടവും താമസക്കാരനും തമ്മിൽ മികച്ച ആശയവിനിമയത്തിന് ഉപകരിക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, നിർമാണമേഖല അതിവേഗം കൂടുതൽ കൂടുതൽ സാങ്കേതികവിദ്യാ ഉപയോഗത്തിലേക്ക് നീങ്ങുകയാണ്. ഓഫ്-സൈറ്റ്, മോഡുലാർ നിർമാണം എന്നിവയ്ക്ക് മുൻ‌തൂക്കംലഭിച്ചു കൊണ്ടിരിക്കുന്നു. കാരണം കമ്പനികളും കരാറുകാരും തൊഴിലാളികളുടെ ലഭ്യത, സാമൂഹിക അകലം, ആരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിഗണിക്കേണ്ടതുണ്ട്. പ്രീഫാബ്രിക്കേറ്റഡ് മെറ്റീരിയൽസ് ഉപയോഗിച്ചുള്ള നിർമ്മാണ രീതി, മോഡുലാർ‌, ഓഫ്‌ സൈറ്റ് ഉൽ‌പ്പന്നങ്ങൾ‌ എന്നിവയ്ക്ക് ‌യു എ ഇ യിൽ ആവശ്യക്കാർ വർദ്ധിച്ചു വരികയാണ്. കോവിഡ് മഹാമാരി പ്രകൃതിയുമായികൂടുതൽ അടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വികസനം ചെന്നെത്തിയിട്ടില്ലാത്ത സ്ഥലങ്ങൾ ഇപ്പോൾ റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ കൂടുതലായി പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു.


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it