എട്ടര ലക്ഷം കിലോ സ്വര്‍ണം; മഞ്ഞലോഹത്തിന്റെ ശേഖരം കൂട്ടാന്‍ റിസര്‍വ് ബാങ്ക്

ആഗോള തലത്തില്‍ സ്വര്‍ണവില ഉയരുന്നതിനിടെ സ്വര്‍ണത്തിന്റെ ശേഖരം കൂട്ടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ആറുമാസത്തിനിടെ 1,02,000 കിലോഗ്രാം സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തില്‍ വര്‍ധിപ്പിച്ചത്. നിലവില്‍ ആഭ്യന്തര സ്വര്‍ണ ശേഖരം 5.1 ലക്ഷം കിലോഗ്രാമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം ഇത് 4.08 ലക്ഷം ആയിരുന്നു. വിദേശ നാണ്യ കരുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയിലും വിദേശത്തുമായാണ് റിസര്‍വ് ബാങ്ക് സ്വര്‍ണ സംഭരണം നടത്തുന്നത്. കേന്ദ്ര ബാങ്കിന്റെ മൊത്തം സ്വര്‍ണ ശേഖരം എട്ടര ലക്ഷം കിലോഗ്രാമാണ്. ഇത് വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ റിസര്‍വ് ബാങ്ക് നടത്തി വരികയാണ്.

പകുതിയോളം സ്വര്‍ണം വിദേശത്ത്

റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തില്‍ പകുതിയോളം വിദേശരാജ്യങ്ങളിലാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സുരക്ഷാ സംവിധാനത്തിലാണ് 3.2 ലക്ഷം കിലോഗ്രാം സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് വിദേശത്തുള്ള സ്വര്‍ണം 4.13 ലക്ഷം കിലോഗ്രാമാണ്. വിദേശത്തുള്ള സ്വര്‍ണ ശേഖരം ഇന്ത്യയിലേക്ക് മാറ്റുന്നതിന് റിസര്‍വ് ബാങ്ക് മുന്‍ഗണന നല്‍കുന്നുണ്ട്. അടുത്തിടെ ഇന്ത്യ അതീവ രഹസ്യമായി 1,0,2000 കിലോ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്നു. 1990 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഇത്രയേറെ സ്വര്‍ണം തിരിച്ചു കൊണ്ടുവരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കിലോ സ്വര്‍ണം യു.കെയില്‍ നിന്ന് ഇന്ത്യയിലേക്ക് റിസര്‍വ് ബാങ്ക് മാറ്റിയിരുന്നു. ആഗോള തലത്തില്‍ നിലവിലുള്ള സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഇത് ഏറെ ശ്രമകരമായ കാര്യമാണ്. സ്വര്‍ണം സൂക്ഷിക്കുന്നതിന് വിദേശ ബാങ്കുകളിലേക്കാള്‍ ഇന്ത്യയിലാണ് ചിലവ് കുറവെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. അതോടൊപ്പം രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടായാല്‍ സ്വര്‍ണശേഖരം തിരിച്ചു കൊണ്ടു വരുന്നതിന് തടസങ്ങളുണ്ടാകും. ഈ സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്തംബര്‍ പാദത്തില്‍ റിസര്‍വ് ബാങ്ക് 13 ടണ്‍ സ്വര്‍ണം വാങ്ങിയതായാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ചതോടെ ഡോളര്‍ വിലയിലുണ്ടായ ചാഞ്ചാട്ടം കാരണമാണ് ഡോളറിനെ ഒഴിവാക്കി റിസര്‍വ് ബാങ്ക് വലിയ തോതില്‍ സ്വര്‍ണം വാങ്ങിയത്. മുംബൈയിലും നാഗ്പൂരിലുമുള്ള റിസര്‍വ് ബാങ്കിന്റെ സുരക്ഷാ സംവിധാനത്തിലാണ് രാജ്യത്ത് പ്രധാനമായും സ്വര്‍ണം സൂക്ഷിക്കുന്നത്.

ഇന്ത്യയില്‍ സ്വര്‍ണത്തിന് ഡിമാന്റ് കുറയും

സ്വര്‍ണവില കുതിച്ചുയരുന്നത് ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കുറക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം 700 മുതല്‍ 750 വരെ മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ ആവശ്യമായി വരിക. ഇത് കഴിഞ്ഞ നാലു വര്‍ഷത്തിനിടെയുള്ള കുറഞ്ഞ ഡിമാന്റായിരിക്കും. കഴിഞ്ഞ വര്‍ഷം 761 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. സാധാരണയായി വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിക്കാറുണ്ട്. എന്നാല്‍ വില വലിയ തോതില്‍ കൂടിയത് ഡിമാന്റ് കുറയാന്‍ കാരണമായി. അതോടൊപ്പം, കഴിഞ്ഞ കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന്റെ നികുതി കുറച്ചപ്പോള്‍ വലിയ തോതില്‍ വാങ്ങല്‍ നടന്നതും വര്‍ഷാവസാനത്തില്‍ ഡിമാന്റ് കുറയാന്‍ കാരണമായി. നികുതി കുറച്ച സമയത്ത് ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജുലൈ-സെപ്തംബര്‍ പാദത്തില്‍ ഡിമാന്റ് 18 ശതമാനമാണ് വര്‍ധിച്ചത്. 2.48 ലക്ഷം കിലോഗ്രാം സ്വര്‍ണമാണ് ഈ കാലയങ്ങളില്‍ ഇന്ത്യയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 2.1 ലക്ഷം കിലോഗ്രാം ആയിരുന്നു. സ്വര്‍ണ വില കുറയുന്ന സാഹചര്യത്തില്‍ മാത്രമേ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് ഉണ്ടാകുവെന്നും കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles
Next Story
Videos
Share it