ജയ്ചൗധരി മുതല്‍ വിജയ്‌ശേഖര്‍ ശര്‍മ വരെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയത് ഏഴ് സ്റ്റാര്‍ട്ടപ്പ് ഉടമകള്‍

സ്റ്റാര്‍ട്ടപ്പുകള്‍ എന്നു കേള്‍ക്കുമ്പോഴേ ചെറുകിട സംരംഭങ്ങളെ കുറിച്ചാകും പലരുടെയും മനസ്സിലെത്തുക. എന്നാല്‍ അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് പല സ്റ്റാര്‍ട്ടപ്പുകളും. ഇന്ത്യയിലെ അതിസമ്പന്നരായ ആളുകളുടെ പട്ടികയില്‍ ഏഴു പേര്‍ സ്റ്റാര്‍ട്ടപ്പ് സാരഥികളാണ്. അതാകട്ടെ പല പരമ്പരാഗത ബിസിനസ് ഉടമകളെയും കടത്തിവെട്ടിക്കൊണ്ടുമാണ്.

2021 ലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ സ്റ്റാര്‍ട്ടപ്പ് സാരഥികളിതാ..
1. ജയ് ചൗധരി, സ്‌കെയ്‌ലര്‍
മൂല്യം: 1.21 ലക്ഷം കോടി രൂപ
പട്ടികയിലെ റാങ്ക്: 10
മുകേഷ് അംബാനി ഒന്നാം സ്ഥാനത്തുള്ള പട്ടികയിലെ പത്താം സ്ഥാനത്ത് ജയ് ചൗധരിയാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച ജയ് ചൗധരി ഐറ്റി, എംബിഎ വിദ്യാഭ്യാസത്തിനു ശേഷം സ്ഥാപിച്ചതാണ് സ്‌കെയ്‌ലര്‍ എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം. ക്ലൗഡ് അടിസ്ഥാനമാക്കിയുല്‌ള ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി കമ്പനിയാണിത്. 2018 ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഇപ്പോള്‍ 1.21 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ജയ് ചൗധരിയുടെ ഈ കമ്പനിക്കുളളത്.
2. സഞ്ജീവ് ഭിക്ചന്ദാനി, ഇന്‍ഫോ എഡ്ജ്
മൂല്യം: 29,700 കോടി രൂപ
പട്ടികയിലെ റാങ്ക്: 48
1995 ലാണ് ഇന്‍ഫോ എഡ്ജ് സ്ഥാപിതമാക്കുന്നത്. നൗകരി ഡോട്ട് കോം, 99ഏക്കേഴ്‌സ്, ജീവന്‍സാഥി ഡോട്ട്‌കോം തുടങ്ങിയ പോര്‍ട്ടലുകള്‍ കമ്പനി നടത്തുന്നു. മറ്റു സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിലും സഞ്ജീവ് മടിക്കാറില്ല. സൊമാറ്റോയില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. ഇന്‍ഫോ എഡ്ജിലെയും മറ്റു നിക്ഷേപങ്ങളിലൂടെയും സഞ്ജീവിന്റെ മൂല്യം 29700 കോടി രൂപയാണ്.
3. നിതിന്‍ കാമത്ത് & ഫാമിലി
മൂല്യം: 25600 കോടി രൂപ
പട്ടികയിലെ റാങ്ക്: 63
രാജ്യത്തെ ഏറ്റവും വിജയകരമായ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ സെരോധയുടെ സ്ഥാപകനാണ് നിതിന്‍ കാമത്ത്. മാര്‍ക്കറ്റിംഗിനായി ഒരു രൂപ പോലും ചെലവഴിക്കുകയോ പുറത്തു നിന്നുള്ള ഫണ്ട് സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നത് സെരോധയെ വ്യത്യസ്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളിലൊന്നാണ് സെരോധ. 25600 കോടി രൂപയുടെ മൂല്യമാണ് നിതിന്‍ കാമത്തിനും കുടുംബത്തിനുമുള്ളത്.
4. ബൈജു രവീന്ദ്രന്‍, ബൈജൂസ് ആപ്പ്
മൂല്യം: 24300
പട്ടികയിലെ റാങ്ക്: 67
സെരോധ മാര്‍ക്കറ്റിംഗിനായി ഒരു രൂപ പോലും ചെലവിടാതിരിക്കുകയും പുറമേ നിന്നുള്ള നിക്ഷേപം സ്വീകരിക്കാതിരിക്കുകയുമാണ് ചെയ്തിരിക്കുന്നതെങ്കില്‍ അതിന് നേരെ വിപരീതമാണ് ബൈജൂസ്. ചാന്‍ സുക്കര്‍ബര്‍ഗ്, ബ്ലാക്ക് റോക്ക്, സെക്കോയ തുടങ്ങി രാജ്യാന്തര തലത്തില്‍ നിന്നു വരെ ഈ മലയാളി കമ്പനിയില്‍ നിക്ഷേപം എത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പരസ്യങ്ങളിലൂടെയും സുപരിചതമാണ് ബൈജൂസ് ആപ്പ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സറായും ശ്രദ്ധ നേടി. രാജ്യത്തിനകത്തും പുറത്തുമുള്ള എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുന്നതിലും മുന്നിലാണ്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് എന്നി വിശേഷിപ്പിക്കാവുന്ന ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ സമ്പാദ്യം 24300 കോടി രൂപയാണ്.
5. ശ്രീധര്‍ വെമ്പു, രാധ വെമ്പു
സോഹോ
മൂല്യം: 16900 കോടി രൂപ, 23100 കോടി രൂപ
പട്ടികയിലെ റാങ്ക്: 99 ഉം 70 ഉം
സെരോധയെ പോലെ പുറത്തു നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ സോഹോയും വിമുഖത കാട്ടുന്നു. ശ്രീധര്‍ വെമ്പുവും അദ്ദേഹത്തിന്റെ സഹോദരി രാധ വെമ്പുവും ചേര്‍ന്നാണ് സോഹോയ്ക്ക് തുടക്കമിട്ടത്. ഇരുവരും ഐഐടി മദ്രാസില്‍ നിന്ന് ബിരുദം നേടിയവരാണ്. 1996ലാണ് ഇരുവരും ചേര്‍ന്ന് സ്വന്തം സ്ഥാപനത്തിന് തുടക്കമിടുന്നത്. ക്ലൗഡ് ബേസ്ഡ് കസ്റ്റമര്‍ സര്‍വീസ് സൊലൂഷന്‍സ് നല്‍കുന്ന സ്ഥാപനമാണ് സോഹോ. ശ്രിധര്‍ വെമ്പുവിന്റെ മൂല്യം 16900 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. രാധ വെമ്പുവിന്റേത് 23100 കോടി രൂപയും.
6. വിജയ് ശേഖര്‍ ശര്‍മ, പേടിഎം
മൂല്യം: 18900 കോടി രൂപ
പട്ടികയിലെ റാങ്ക്: 99
എസ്എംഎസ് പ്രൊവൈഡര്‍ എന്ന നിലയില്‍ 1999 ലാണ് ഒണ്‍79 കമ്മ്യൂണിക്കേഷന്‍സിന് വിജയ് ശേഖര്‍ ശര്‍മ തുടക്കമിട്ടത്. ഇന്ന് വാലറ്റ്, ബസ്-ട്രെയ്ന്‍-ഫ്‌ളൈറ്റ്-സിനിമാ ടിക്കറ്റുകളുടെ വില്‍പ്പന, ഫാന്റസി ഗെയിംസ് പ്ലാറ്റ്‌ഫോം, ഓഹരികളും സ്വര്‍ണവും വാങ്ങുന്നതിനുള്ള പ്ലാറ്റ്‌ഫോം, ഇന്‍ഷുറന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്നു. കൂടാതെ പ്രഥമ ഓഹരി വില്‍പ്പനയ്ക്കും ഒരുങ്ങുകയാണ്. പേടിഎമ്മിലെ അദ്ദേഹത്തിന്റെ ഓഹരികളിലൂടെ 18900 കോടി രൂപയുടെ മൂല്യം നേടി അതിസമ്പന്നരുടെ പട്ടികയില്‍ 99 ാം സ്ഥാനത്ത് എത്തി.


Related Articles
Next Story
Videos
Share it