ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 13

1. പാർലമെന്റ് അനുമതി ഇല്ലാതെ കേന്ദ്രം ചെലവാക്കിയത് 99,610 കോടി രൂപ

2017-18 സാമ്പത്തിക വർഷത്തിൽ പാർലമെന്റ് അനുമതി ഇല്ലാതെ കേന്ദ്രം ചെലവാക്കിയത് 99,610 കോടി രൂപയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG). ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വിമർശനമാണ് സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്. പാർലമെന്റിന്റെ അനുവാദം ഇല്ലാതെ ഒരു രൂപ പോലും ചെലവാക്കാൻ സാധിക്കില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

2. പ്രളയ ബാധിത മേഖലകളിലെ പ്രോപ്പർട്ടികൾ കണ്ടുകെട്ടരുതെന്ന് സർക്കാർ

പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രോപ്പർട്ടികൾ കണ്ടുകെട്ടരുതെന്ന് സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടു. നിർദേശം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായുള്ള യോഗത്തിൽ മുന്നോട്ട് വെക്കും. ബാങ്ക് വായ്പകൾക്ക് സർക്കാർ ഒരു വർഷത്തെ മൊറട്ടോറിയം മുൻപ് പ്രഖ്യാപിച്ചിരുന്നു.

3. പുതിയ ചാനൽ സംവിധാനത്തിലേക്ക് മാറാൻ മാർച്ച് വരെ സമയം

പുതിയ ചാനൽ, ഡിടിഎച്ച് താരിഫ് സംവിധാനത്തിലേക്ക് മാറാൻ ഉപഭോക്താക്കൾക്ക് ട്രായ് മാർച്ച് വരെ സമയം നൽകി. ഉപഭോക്താക്കൾക്ക് മികച്ച 'ബെസ്റ്റ്-ഫിറ്റ് പ്ലാൻ' നൽകാൻ ഡിസ്ട്രിബ്യുഷൻ പ്ലാറ്റ് ഫോം ഓപ്പറേറ്റർ (DPO) മാരോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

4. സംസ്ഥാനം പെൻഷൻ നൽകിയത് 19,938.41 കോടി രൂപ

2017-18 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വരുമാനത്തിന്റെ 20 ശതമാനവും പെൻഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും നൽകാനാണ് ഉപയോഗിച്ചതെന്ന് അക്കൗണ്ടന്റ് ജനറൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇതിലേക്ക് 19,938.41 കോടി രൂപയാണ് ചെലവഴിച്ചത്. സംസ്ഥാനത്തിന്റെ മുതൽ വായ്പാ ചെലവിലും വർധനയുണ്ട്. മൊത്തം റവന്യൂ എക്സ്പെൻഡിച്ചറിന്റെ 15.13 ശതമാനമാണിത്.

5. നാണയപ്പെരുപ്പം 19 മാസത്തെ താണ നിലയിൽ

റീറ്റെയ്ൽ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജനുവരിയിൽ 2.05 ശതമാനത്തിലെത്തി. 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ഭക്ഷ്യ വിലയിലുള്ള ഇടിവാണ് വിലസൂചിക താഴാൻ പ്രധാന കാരണം. അതേസമയം, ഡിസംബറിൽ വ്യാവസായിക ഉത്പാദനം 2.4 ശതമാനം ഉയർന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it