'ടോള്‍ രസീത് ':വൈറല്‍ ആയ സന്ദേശം വ്യാജം

ദേശീയ പാതകളില്‍ വാഹന ടോള്‍ നല്‍കിയതിന്റെ രസീത് സൂക്ഷിക്കുന്നതു മൂലം ചില 'ആനുകൂല്യങ്ങള്‍' ലഭിക്കുമെന്നു ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയില്‍ രണ്ടു മൂന്നു ദിവസം കൊണ്ടു വൈറലായ ഈ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടോള്‍ ഗേറ്റുകള്‍ കടക്കാന്‍ മാത്രമായുള്ളതല്ല, ടോള്‍ ഗേറ്റുകളില്‍ ലഭിക്കുന്ന രസീതുകള്‍ എന്നു തുടങ്ങുന്ന വ്യാജസന്ദേശത്തില്‍ പറയുന്നത് രസീതിന്റെ മറുവശത്തു കാണുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചാല്‍ ചില അടിയന്തര സഹായങ്ങള്‍ കിട്ടുമെന്നാണ്. വൈദ്യസേവനം വേണ്ടിവന്നാല്‍ 10 മിനിറ്റിനകം ആംബുലന്‍സ് വരുമത്രേ. വണ്ടിയുടെ ടയര്‍ പഞ്ചറാകുന്നതുള്‍പ്പെടെയുള്ള തകരാറുകള്‍ മാറ്റാനും സഹായം വന്നെത്തും ഇത്രയും സമയത്തിനുള്ളില്‍. ഇന്ധനം തീര്‍ന്നാലും അധിക നേരം വഴിയില്‍ കിടക്കേണ്ട, ഫോണില്‍ വിളിക്കുന്നപക്ഷം 5-10 ലിറ്റര്‍ ഇന്ധനവുമായി ആള്‍ പാഞ്ഞെത്തും, വില നല്‍കണമെന്നു മാത്രം...ഇങ്ങനെ പോകുന്നു അറിയിപ്പുകള്‍. ജനങ്ങള്‍ക്കറിയാത്ത ഇക്കാര്യങ്ങള്‍ പരമാവധി ഷെയര്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമുണ്ട്.

വാഹനങ്ങള്‍ക്കു തകരാറുണ്ടായാല്‍ 24 മണിക്കൂറും സഹായത്തിനു ബന്ധപ്പെടാനും അത്യാവശ്യ ഇന്ധനം ലഭ്യമാക്കാനുമുള്ള സംവിധാനും രാജ്യവ്യാപകമായുണ്ടെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.ടോള്‍ രസീതുമായി ഇതിനു ബന്ധമില്ല. മെഡിക്കല്‍ അത്യാഹിത ഘട്ടങ്ങളില്‍ സഹായത്തിനായി 112 ല്‍ വിളിക്കാനും ടോള്‍ രസീതിന്റെ ആവശ്യമില്ല. എന്തു ലക്ഷ്യമാണ് ഈ വ്യാജസന്ദേശത്തിനു പിന്നിലുള്ളതെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും അവര്‍ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it