നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 10

1. എസ്ബിഐ വായ്പാ പലിശ നിരക്ക് കുറച്ചു

ഭവന, വാഹന വായ്പാ പലിശനിരക്കുകൾ കുറച്ച് എസ്ബിഐ. വായ്പ പലിശ നിരക്കുകളുമായി ബന്ധപ്പെട്ട എംസിഎൽആർ അഞ്ച് ബേസിസ് പോയ്‌ന്റാണ് കുറച്ചത്. 30 ലക്ഷം രൂപ വരെയുള്ള ലോണുകളുടെ പലിശ നിരക്ക് 10 ബേസിസ് പോയന്റ് വെട്ടിക്കുറച്ചു. തുടർച്ചയായ രണ്ട് തവണ പലിശ നിരക്കു കുറച്ച റിസർവ് ബാങ്കിന്റെ നടപടിയ്ക്ക് പിന്നാലെയാണ് എസ്ബിഐ തീരുമാനം.

2. എല്ലാ ഓഹരികളും ബാങ്കുകൾക്ക് കൈമാറാൻ തയ്യാർ: നരേഷ് ഗോയൽ

തന്റെ കൈവശമുള്ള ജെറ്റ് എയർവേയ്സ് ഓഹരികൾ ബാങ്കുകൾക്ക് ഈടുനൽകാൻ തയ്യാറാണെന്ന് എയർലൈൻ സ്ഥാപകനും മുൻ ചെയർമാനുമായ നരേഷ് ഗോയൽ. തുടക്കത്തിൽ കമ്പനിയുടെ 51 ശതമാനം ഓഹരി ഗോയലിന്റെ കൈവശമായിരുന്നു. എന്നാൽ സ്ഥാപനം കടക്കെണിയിലായതോടെ 31.2 ശതമാനം ഓഹരി ബാങ്കുകൾക്ക് അദ്ദേഹം കൈമാറി. ജെറ്റിന് 1500 കോടി രൂപ വായ്പ ഉടൻ ലഭ്യമാക്കിയാൽ തന്റെ ബാക്കിയുള്ള ഓഹരിയും നല്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

3. സ്കൂട്ടർ വില്പന കുറഞ്ഞു, കാർ വില്പന 5 വർഷത്തെ താണ നിലയിൽ

കഴിഞ്ഞ 13 വർഷത്തിൽ ആദ്യമായി രാജ്യത്തെ സ്കൂട്ടർ വില്പനയിൽ ഇടിവ്. പാസഞ്ചർ വാഹന വില്പന അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 2018-19 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് സ്കൂട്ടർ വില്പന 67.2 ലക്ഷത്തിൽ നിന്ന് 67 ലക്ഷമായി കുറഞ്ഞു. രാജ്യത്തെ ടൂ-വീലർ വില്പനയുടെ മൂന്നിലൊന്നും സ്കൂട്ടർ ആണ്. 2.7 ശതമാനം വളർച്ചയാണ് പാസഞ്ചർ വാഹന വില്പനയിൽ രേഖപ്പെടുത്തിയത്.

4. ബിഎസ്എൻഎൽ: നഷ്ടം 7500 കോടിയായി കുറയും

2019 സാമ്പത്തിക വർഷത്തിൽ നഷ്ടം 7,500 കോടി രൂപയായി കുറയുമെന്ന് പൊതുമേഖലാ ടെലകോം കമ്പനിയായ ബിഎസ്എൻഎൽ. ചെലവുചുരുക്കൽ നടപടികളാണ് നഷ്ടം കുറക്കാൻ സഹായിക്കുക. മാർച്ച് 2018 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 7,992 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

5. ഫോർഡും മഹീന്ദ്രയും കൈകോർക്കുന്നു, സംയുക്ത സംരംഭം ഉടൻ

പ്രമുഖ യുഎസ് കാർ നിർമാതാക്കളായ ഫോർഡും ഇന്ത്യൻ കമ്പനിയായ മഹിന്ദ്ര & മഹീന്ദ്രയും സംയുക്ത സംരംഭത്തിന്. 18 മാസം മുൻപ് ഇരുകമ്പനികളും ഇന്ത്യൻ വിപണിയിൽ കൂട്ടായ പ്രവർത്തനത്തിന് ധാരണയിലെത്തിയിരുന്നു. ഫോർഡിന്റെ ഇന്ത്യൻ ഓപ്പറേഷനുകൾ പുതിയ ജെവി കമ്പനിയിൽ ലയിപ്പിക്കാനാണ് നീക്കം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it