ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 15

1. പങ്കാളിത്ത പെന്‍ഷന്‍; സിവില്‍ സര്‍വീസുകാര്‍ക്ക് സര്‍ക്കാര്‍ വിഹിതം 14 ശതമാനം

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായ ജീവനക്കാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കാനാവില്ല എന്ന നിലപാടെടുത്ത ധന വകുപ്പ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ ആവശ്യം മാത്രം നിറവേറ്റിയതായി റിപ്പോര്‍ട്ട്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതിന് ശേഷമുള്ള സിവില്‍ സര്‍വീസുകാര്‍ക്ക് 14 ശതമാനം വര്‍ധനവ് വരുത്തിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

2. ചന്ദ്രയാന്‍ വിക്ഷേപണം 56 മിനിറ്റ് ശേഷിക്കെ മാറ്റിവച്ചു

രാജ്യത്തിന്റെ അഭിമാനമായി മാറാനുള്ള വന്‍ പദ്ധതി 'ചന്ദ്രയാന്‍ 2' ദൗത്യം അവസാന നിമിഷം മാറ്റി വച്ചു. വിക്ഷേപണത്തിന് 56 മിനിറ്റ് മുമ്പാണ് മാറ്റിയതെങ്കിലും കാരണം അവ്യക്തമായി തുടരുന്നു. പുലര്‍ച്ചെ 2.51 ന് ആയിരുന്നു വിക്ഷേപണം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്.

3. യുടിഐ വാല്യു ഓപ്പോര്‍ച്യുണിറ്റീസ് ഫണ്ട്; ആസ്തി 4,493

യുടിഐയുടെ വാല്യു ഓപര്‍ച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 4,493 കോടി രൂപയിലെത്തി. പദ്ധതിയിലെ ആകെ യൂണിറ്റ് ഉടമകളുടെ എണ്ണം 4.90 ലക്ഷമായതായും ജൂണ്‍ 30 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

4. പിരമളിന്റെ ഡെറ്റ് പേപ്പറിൽ 200 കോടി നിക്ഷേപിച്ച് സച്ചിൻ ബൻസാൽ

പിരമൾ എന്റർപ്രൈസസ് ലിമിറ്റഡ് ഇഷ്യൂ ചെയ്ത ഡെറ്റ് പേപ്പറിൽ 200 കോടി രൂപ നിക്ഷേപിച്ച് ഫ്ലിപ്കാർട്ട് സഹസ്ഥാപകനായ സച്ചിൻ ബൻസാൽ. സ്ഥാപനം ഇഷ്യൂ ചെയ്ത എൻസിഡിയാണ് ബൻസാൽ സബ്സ്ക്രൈബ് ചെയ്തത്. ഈ പണം പിരമളിന്റെ ഫിനാൻഷ്യൽ സർവീസ് ബിസിനസിലേക്ക് നിക്ഷേപിക്കും.

5. ടാറ്റ ഗ്രൂപ്പ് ലിഥിയം അയേൺ ബാറ്ററി ഫാക്ടറി തുറക്കും

ടാറ്റ ഗ്രൂപ്പ് 4000 കോടി രൂപ നിക്ഷേപത്തോടെ ലിഥിയം അയേൺ ബാറ്ററി ഫാക്ടറി ഗുജറാത്തിൽ ആരംഭിക്കും. ആദ്യ ഘട്ടത്തിന് 126 ഏക്കർ ഭൂമി കമ്പനി വാങ്ങിയിട്ടുണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 10 ജിഗാ വാട്ടിന്റെ ശേഷിയുള്ള മാനുഫാക്ച്ചറിങ് പ്ലാന്റ് ആണ് തുടക്കത്തിൽ സ്ഥാപിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it