ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ അപ്രതീക്ഷിതമായ നടപടിയാണിതെന്ന് നിരീക്ഷകര്‍ പറയുന്നു

-Ad-
1. ആധാര്‍ നല്‍കിയാല്‍ സ്വമേധയാ പാന്‍ 

പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് സ്വമേധയാ പാന്‍ നല്‍കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അധ്യക്ഷന്‍ പ്രമോദ് ചന്ദ്ര മോദി.  ഇരു ഡാറ്റ ബേസുകളും പരസ്പരം ബന്ധിച്ചിരിക്കുന്നതിനാല്‍ ഇതിന് പ്രായോഗിക ബുദ്ധിമുട്ടില്ല. ആധാര്‍ -പാന്‍ ബന്ധിപ്പിക്കല്‍ എളുപ്പമാകുകയും ചെയ്യും.

2. ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ ഓഹരികള്‍ തിരികെ വാങ്ങുന്നു

ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോം സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍, തങ്ങളുടെ ആദ്യകാല നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ തിരികെ വാങ്ങാനൊരുങ്ങുന്നു. സെക്വയ കാപിറ്റല്‍, ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് എന്നിവരില്‍ നിന്നാണ് ഓഹരികള്‍ തിരികെ വാങ്ങാന്‍ പദ്ധതിയിടുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ അപ്രതീക്ഷിതമായ നടപടിയാണിതെന്ന് നിരീക്ഷകര്‍ പറയുന്നു. നിലവില്‍ കമ്പനിയിലുള്ള റിതേഷിന്റെ 10 ശതമാനം ഓഹരി പങ്കാളിത്തം 30 ശതമാനമാക്കി ഉയര്‍ത്താന്‍ വേണ്ടിയാണ് ഓഹരികള്‍ തിരികെ വാങ്ങുന്നത്. ഓഹരികള്‍ വാങ്ങാനുള്ള പണത്തിനായി റിതേഷ് ഇന്ത്യയിലെയും ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലെയും ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.

3. കെഎഎല്ലിന്റെ ഇലക്ട്രിക് ഓട്ടോകള്‍ ഉടന്‍

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബീല്‍ ലിമിറ്റഡില്‍  ഇലക്ട്രിക് ഓട്ടോറിക്ഷ നിര്‍മാണം ഉടന്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 8000 ഓട്ടോകള്‍ നിര്‍മിക്കാനാണ് പദ്ധതി. ഒന്‍പത് മാസത്തിനുള്ളില്‍ സ്വിസ് ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ഹെസ്എജിയുമായി ചേര്‍ന്ന് ഇലക്ട്രിക് ബസ് നിര്‍മാണവും ആരംഭിക്കാന്‍ പദ്ധതിയുണ്ട്.

-Ad-
4. കോര്‍പ്പറേറ്റ് നികുതി ഇളവ് 4000 കമ്പനികള്‍ക്ക് ഗുണമാകും

കോര്‍പ്പറേറ്റ് നികുതില്‍ ബജറ്റില്‍ നിര്‍ദേശിച്ച ഇളവ് ഇന്ത്യയിലെ 4000 കമ്പനികള്‍ക്ക് ഗുണമാകും. ഇതുമൂലം പ്രതിവര്‍ഷം 3000 കോടി രൂപ നികുതി വരുമാനം സര്‍ക്കാരിന് നഷ്ടമാകുമെന്നാണ് കണക്ക്.

5. ഒമാനിലെ ആരോഗ്യ രംഗത്ത് നിന്ന് 3000 പ്രവാസികളെ നീക്കി

ഒമാനിലെ ആരോഗ്യരംഗത്തുനിന്ന് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 3000ത്തോളം പ്രവാസികളെ നീക്കിയതായി റിപ്പോര്‍ട്ട്. ഫാര്‍മസി ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗങ്ങളിലും സ്വദേശികളെ നിയമിച്ചതായി ഒമാന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട് വിട്ടു. 2015-19 വര്‍ഷത്തെ കണക്കാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുത്. ആരോഗ്യ രംഗത്തെ സ്വദേശിവത്കരണം 2018 ല്‍ 71 ശതമാനമായതായി ഉയര്‍ന്നിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here