ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 2

1. എംഎസ്എംഇ വായ്പകൾ പുനഃക്രമീകരിക്കാൻ ആർബിഐ അനുമതി

എംഎസ്എംഇ വായ്പകൾ പുനഃക്രമീകരിക്കാൻ റിസർവ് ബാങ്ക് അനുമതി. 25 കോടി രൂപയിൽ താഴെ വായ്പയുള്ള സ്ഥാപങ്ങൾക്കാണ് ഈ സൗകര്യം ലഭ്യമാവുക. ആസ്തി വർഗ്ഗീകരണത്തിൽ ഇതുമൂലം തരംതാഴ്ത്തൽ ഉണ്ടാകില്ലെന്നും ആർബിഐ പറഞ്ഞു.

2. ട്രായ് ചട്ടങ്ങൾ: ഡിടിഎച്ച് ഓപ്പറേറ്റർമാർ ചാനൽ പാക്കേജുകൾ പ്രഖ്യാപിച്ചു തുടങ്ങി

പുതിയ ട്രായ് ചട്ടങ്ങൾ അനുസരിച്ച് ഫെബ്രുവരി മുതൽ തങ്ങളുടെ നെറ്റ് വർക്കുകളിൽ ലഭ്യമാവുന്ന ചാനൽ പാക്കേജുകൾ ഡിടിഎച്ച് ഓപ്പറേറ്റർമാർ പ്രഖ്യാപിച്ചു തുടങ്ങി. എയർടെൽ ഡിജിറ്റൽ 270 ചാനൽ പാക്കുകളാണ് അവതരിപ്പിച്ചത്. ഡിഷ് ടിവി 204 ഉം ഡി 2 എച്ച്, സൺ ഡയറക്റ്റ് തുടങ്ങിയവ 100 ചാനൽ പാക്കുകളുമാണ് നൽകുന്നത്.

3. ജിഎസ്ടി റിട്ടേൺ കൂടി, പിരിവ് കുറഞ്ഞു

ചരക്കു സേവന നികുതി പിരിവിൽ കഴിഞ്ഞ മാസം കുറവ്. ഡിസംബറിൽ 94,726 കോടി രൂപയാണ് ലഭിച്ചത്. 97,637 കോടി നവംബറിലെ നികുതി പിരിവ്. എന്നാൽ നവംബറിൽ 69.6 ലക്ഷം റിട്ടേൺ ഫയൽ ചെയ്ത സ്ഥാനത്ത് ഡിസംബറിൽ 72.44 ലക്ഷം റിട്ടേണുകളാണ് ഫയൽ ചെയ്യപ്പെട്ടത്.

4. ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ല

ജനുവരി-മാർച്ച് പാദത്തിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ധനകാര്യ മന്ത്രാലയം. ഒക്ടോബർ-ഡിസംബർ പാദത്തിൽ എല്ലാ സ്കീമുകളുടെയും നിരക്ക് 30 മുതൽ 40 ബേസിസ് പോയ്ന്റ് വരെയാണ് കൂട്ടിയിരുന്നു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) സ്കീം, സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (NSC), സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ എന്നിവ ഇതിലുൾപ്പെടും.

5. വ്യോമയാന ഇന്ധനത്തിന്റെ വില പെട്രോളിനും ഡീസലിനും താഴെ

അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെ രാജ്യത്ത് വ്യോമയാന ഇന്ധന (ATF) വില കുറച്ചു. ചൊവ്വാഴ്ച ഒറ്റയടിക്ക് 14.7 ശതമാനമാണ് വ്യോമയാന ഇന്ധനത്തിന് വില കുറച്ചത്. ഇതോടെ വില ലിറ്ററിന് 58.06 രൂപയായി. പെട്രോൾ(68.65 രൂപ), ഡീസൽ (62.66 രൂപ) എന്നിവയെക്കാൾ വിലക്കുറവ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it