ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 17

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചര്‍ച്ച ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ വിവിധ സെക്ടറുകളിലുള്ള വിദഗ്ധരുമായ ഡല്‍ഹിയില്‍ തുടങ്ങി. പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1.കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചര്‍ച്ച ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ വിവിധ സെക്ടറുകളിലുള്ള വിദഗ്ധരുമായ ഡല്‍ഹിയില്‍ തുടങ്ങി. ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നോടിയായുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഡിസംബര്‍ 23 വരെ തുടരും.

2.ഇന്ന് മുതല്‍ നെഫ്റ്റ് സേവനം 24 മണിക്കൂറും

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന നടപടിയുമായി റിസര്‍വ് ബാങ്ക്.അവധി ദിവസങ്ങളിലുള്‍പ്പെടെ ഇന്ന് മുതല്‍ രാജ്യത്ത് നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാകും. ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തിന് ശേഷം ഇടപാടുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറും.

3.പുതുവര്‍ഷം മുതല്‍ റെറ രജിസ്ട്രേഷന്‍ നിര്‍ബന്ധം

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(റെറ) ജനുവരി ഒന്നിന് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. എട്ടോ അതില്‍ കൂടുതലോ വരുന്ന ഫ്‌ളാറ്റുകള്‍, വില്ലകള്‍, വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണങ്ങള്‍, പ്ലോട്ട് തിരിച്ചുള്ള ഭൂമിവില്‍പ്പന തുടങ്ങിയവയ്‌ക്കെല്ലാം അതോടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാകുമെന്ന് റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ പറഞ്ഞു.

4.വിലക്കയറ്റത്തിന്റെ സൂചനകളോടെ മൊത്തവില നാണയപ്പെരുപ്പം ഉയര്‍ന്നു

രാജ്യത്ത് അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടെന്ന് സൂചിപ്പിച്ച്, നവംബറില്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പവും ഉയര്‍ന്നു. ഒക്ടോബറിലെ 0.16 ശതമാനത്തില്‍ നിന്ന് 0.58 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം മൊത്തവില നാണയപ്പെരുപ്പം മുന്നേറിയത്.

5.സംസ്ഥാനങ്ങള്‍ക്ക് 35,298 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരം

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം. 35,298 കോടി രൂപയാണ് അനുവദിച്ചത്. കേരളത്തിന് ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here