ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 8

1.ജിഡിപി നിരക്ക് അഞ്ച് ശതമാനമായി കുറയുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം

2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറയുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയ റിപ്പോര്‍ട്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി നിരക്ക്. കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2.പണിമുടക്ക് ആരംഭിച്ചു; 21,500 കോടി രൂപയുടെ ചെക്ക് ക്ലിയറന്‍സ് വൈകും

പൊതുപണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ 21,500 കോടി രൂപയുടെ ചെക്കുകള്‍ ഇന്ന് ക്ലിയര്‍ ചെയ്യില്ലെന്ന് ബാങ്ക് യൂണിയനുകള്‍ അറിയിച്ചു. 24 മണിക്കൂര്‍ പണിമുടക്കിന് ഇന്നലെ അര്‍ദ്ധരാത്രി 12 മണിക്കു തുടക്കമായി.

3.എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന: പദ്ധതിക്ക് മന്ത്രിമാരുടെ അംഗീകാരം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതിക്ക് മന്ത്രിമാരുടെ സംഘം അന്തിമരൂപം നല്‍കി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘം എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇഒഐ) അംഗീകരിച്ചു. പത്ര പരസ്യങ്ങളിലൂടെയുള്ള പരസ്യ പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്ന് വില്‍പ്പന പ്രക്രിയയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

4.ലോകത്തെ മികച്ച നൂറ് തൊഴിലിടങ്ങളില്‍ യു.എസ്.ടി ഗ്ലോബല്‍

ലോകത്തെ ഏറ്റവും മികച്ച നൂറ് തൊഴിലിടങ്ങളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍ ഇടംപിടിച്ചു. ഇതിനുള്ള ഗ്ലാസ്ഡോര്‍ എംപ്ലോയീസ് ചോയ്സ് അവാര്‍ഡ് കമ്പനി സ്വന്തമാക്കി. ജീവനക്കാര്‍ ജോലി, തൊഴില്‍ അന്തരീക്ഷം എന്നിവയെ മുന്‍നിറുത്തി നല്‍കുന്ന പ്രതികരണങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം.

5.മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതി വ്യവസ്ഥകള്‍ നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതി വ്യവസ്ഥകള്‍ നടപ്പാക്കണമെന്നു സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കത്ത്. കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുന്നത് നിയമപാലനം ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ കൂടുതല്‍ പ്രതിരോധിക്കാനുമാണന്നെും ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ഭേദഗതിനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കണമെന്നുമാണ് കത്തില്‍ നിര്‍ദേശിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it