നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 28 

1. ഇന്ത്യയും യുഎസും കൂടുതൽ അടുത്തത് ഇപ്പോൾ: ട്രംപ്

ഇന്ത്യ-യുഎസ് ബന്ധം ഇത്രയും ശക്തമായത് ഇപ്പോഴാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി–20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ന് മോദിയുമായി വ്യാപാര തർക്കത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ നടന്ന ബ്രിക്‌സ് രാജ്യങ്ങളുടെ അനൗപചാരിക യോഗത്തിൽ മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവർത്തനമാണെന്ന് മോദി പ്രസ്‍താവിച്ചു.

2. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുമായി കേന്ദ്രം

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജോലി തേടി സ്ഥലം മാറി പോകുന്ന പാവപ്പെട്ടവർക്ക് സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗമാണ് പദ്ധതി പ്രഖ്യാപിച്ചത്.

3. മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട നയങ്ങൾ കർക്കശമാക്കി സെബി

നിക്ഷേപകർക്ക് കൂടുതൽ സുരക്ഷാ ഉറപ്പാക്കാൻ സെബി. ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതു സംബന്ധിച്ച ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കി. സെബി രൂപീകരിച്ച ഉപദേശക സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് നടപടി. ഹൗസിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപങ്ങളോടുള്ള എക്സ്പോഷർ കുറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് സമിതി പഠിച്ചത്.

4. 'വൻകിട എൻബിഎഫ്‌സികൾക്ക് കൂടുതൽ സൂക്ഷ്മപരിശോധന വേണം'

വൻകിട എൻബിഎഫ്‌സികളെ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആർബിഐ റിപ്പോർട്ട്. ഇത്തരം കമ്പനികൾ പൂട്ടിപ്പോകേണ്ട അവസ്ഥയുണ്ടായാൽ അത് വലിയ നഷ്ടം വരുത്തിവെക്കും. എൻബിഎഫ്‌സി മേഖല ഗുരുതരമായ ലിക്വിഡിറ്റി പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് ആർബിഐയുടെ പ്രസ്താവന.

5. ലോകത്തെ 100 മികച്ച കമ്പനികളുടെ പട്ടികയിൽ എച്ച്ഡിഎഫ്സി ബാങ്ക്

ലോകത്തെ 100 മികച്ച കമ്പനികളിൽ എച്ച്.ഡി.എഫ്.സി. ബാങ്കും. 60-ാമത് റാങ്കാണ്. കമ്പനികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. തുടർച്ചയായ അഞ്ചാം തവണയാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it