ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 11

1. നിയമസഭയുടെ ബജറ്റ് സമ്മേളനം 25 മുതൽ

നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 25 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, 28 മുതൽ 30 വരെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച, 31 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി നാലുമുതൽ ആറുവരെ ബജറ്റിന്മേൽ പൊതുചർച്ച. ഏഴിന് ഉപധനാഭ്യർഥന ചർച്ചയും വോട്ടെടുപ്പും.

2. പ്രളയം: ക്ലെയിം സമർപ്പിക്കാൻ 31 വരെ സമയം നീട്ടി

പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ സഹായവിതരണവുമായി ബന്ധപ്പെട്ട ക്ലെയിം സമർപ്പിക്കാൻ ഈ മാസം 31 വരെ സമയം ഹൈക്കോടതി സമയം അനുവദിച്ചു. പ്രാഥമിക തല അതോറിറ്റിക്ക് മുൻപിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാം.

3. ടിസിസി ലാഭവിഹിതം പ്രഖ്യാപിച്ചു, 23 വർഷത്തിലാദ്യം

23 വർഷത്തിലാദ്യമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടിസിസി) ലാഭവിഹിതം പ്രഖ്യാപിച്ചു. 5% ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ 335.04 കോടി രൂപ റെക്കോർഡ് ലാഭം കമ്പനി നേടിയിരുന്നു.

4. ട്രെയിൻ തടഞ്ഞവര്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും

രണ്ടു ദിവസത്തെ പൊതുപണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞവർ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരും. റെയിൽ സുരക്ഷാസേന (ആർ.പി.എഫ്.) എടുത്ത ക്രമിനൽ കേസുകൾക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയൽ ചെയ്യും. നിലവിൽ മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് ഡിവിഷൻ നേതൃത്വം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും.

5. ട്രംപ് കടുപ്പിച്ചു തന്നെ, യുഎസിൽ ഭരണ സ്‌തംഭനം തുടരുന്നു

19 ദിവസമായി യുഎസിൽ തുടരുന്ന ഭരണസ്തംഭനം അവസാനിപ്പിക്കാൻ സ്പീക്കർ നാൻസി പെലോസി മുൻകൈയ്യെടുത്തു നടത്തിയ ചർച്ചയിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറങ്ങിപ്പോയി. യുഎസ്-മെക്സിക്കോ അതിർത്തി മതിലിന് പണം അനുവദിക്കണമെന്ന അഭ്യർത്ഥന ഡെമോക്രാറ്റുകൾ അംഗീകരിക്കാത്തതിനാലാണ് ട്രംപ് ക്ഷുഭിതനായത്. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നും പ്രതിരോധ ചെലവിനുള്ള പണത്തിൽ നിന്ന് വകമാറ്റി മതിലിന് പണം കണ്ടെത്തുമെന്നും പ്രസിഡന്റ് സൂചിപ്പിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it