ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 14

1. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് കൊച്ചിയിൽ തുറന്നു

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് കൊച്ചിയിൽ തുറന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അഭിമാന പദ്ധതിയായ ടെക്നോളജി ഇന്നവേഷൻ സോൺ (TIZ) ജനുവരി 13-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 1.80 ലക്ഷം ചതുരശ്രയടിയിലുള്ള കെട്ടിടം കൊച്ചി കളമശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്. ആക്സെലെറേറ്റുകൾ, ഇൻക്യൂബേറ്ററുകൾ പുതു ടെക്നോളജികൾക്കുള്ള മികവിന്റെ കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം.

2. ഐഫോണിന് ഇന്ത്യയിൽ വിൽപന 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ആപ്പിൾ ഐഫോണിന്റെ ഇന്ത്യയിലെ വിൽപന നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. 2018 ൽ വിറ്റുപോയ ഐഫോണുകളുടെ എണ്ണം തൊട്ടു മുൻപത്തെ വർഷത്തേതിന്റെ പകുതിയോളം മാത്രമാണ്. 2014 ന് ശേഷമുള്ള ഐഫോണിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ചൈനീസ് കമ്പനിയായ വൺ പ്ലസിൽ നിന്ന് ശക്തമായ മത്സരമാണ് ആപ്പിൾ നേരിടുന്നത്.

3. വ്യാവസായിക ഉൽപാദനം: വളർച്ചാ തോതിൽ വൻ ഇടിവ്

രാജ്യത്തിൻറെ വ്യവസായികോല്പാദന വളർച്ചയിൽ ഇടിവ്. നവംബർ മാസത്തിലെ കണക്കിലാണ് വളർച്ച കുറഞ്ഞതായി രേഖപ്പെടുത്തിയത്. വ്യവസായികോല്പാദന സൂചിക ഒക്ടോബറിൽ 8.4% വളർച്ച രേഖപ്പെടുത്തിയപ്പോൾ നവംബറിൽ 0.5% ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ജിഡിപി വളർച്ചാ നിരക്കിൽ ആനുപാതികമായ കുറവുണ്ടാകുമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

4. 'ആദ്യം-ഇന്ത്യ': തന്ത്രം മാറ്റി സാംസംഗ്‌

ഷവോമിയുടെ ഇന്ത്യയിലെ കുതിപ്പിന് തടയിടാൻ സാംസംഗ്‌ തന്ത്രം മാറ്റുന്നു. ഇന്ത്യയിലെ ചെറുപ്പക്കാരെ ആകർഷിക്കാൻ മൂന്ന് പുതിയ എം-സീരീസ് ഫോണുകളാണ് സാംസംഗ്‌ ഇറക്കുന്നത്. 2018-ലെ മൂന്ന് ത്രൈമാസ പാദങ്ങളിലും ഷവോമിയുടെ പിന്നിലായിരുന്നു സാംസംഗ്‌.

5. ഡിസംബറിൽ റെക്കോർഡ് വിൽപന നടത്തി മാരുതി

മാരുതി സുസുകി ഡിസംബറിൽ നടത്തിയത് റെക്കോർഡ് വിൽപന. ഇൻവെന്ററി കുറക്കാൻ മാരുതി ധാരാളം ഡിസ്‌കൗണ്ടുകളും ഓഫറുകളും കഴിഞ്ഞ മാസം നൽകിയിരുന്നു. ഏകദേശം 220,000 യൂണിറ്റുകളാണ് ഡിസംബറിൽ വിറ്റത്. തൊട്ടു മുൻപത്തെ വർഷം ഡിസംബറിൽ നടന്ന വില്പനയെക്കാളും 18.18% കൂടുതലാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it