നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍ ഫെബ്രുവരി 28

1. 20,000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി

നടപ്പ് സാമ്പത്തിക വർഷം ഇതുവരെ കണ്ടെത്തിയിരിക്കുന്നത് 20,000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്. കേന്ദ്ര പരോക്ഷ നികുതി ബോർഡ് അന്വേഷണ വിഭാഗം അംഗം ജോൺ ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിൽ 10000 കോടി രൂപ തിരിച്ചുപിടിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2. പരസ്യ വിപണി 16.4 വളരും: പഠന റിപ്പോർട്ട്

രാജ്യത്തെ പരസ്യ വിപണി ഈ സാമ്പത്തിക വർഷം 16.4 ശതമാനം വളർച്ച നേടുമെന്ന് പഠന റിപ്പോർട്ട്. തൊട്ടു മുൻപത്തെ വർഷം 14.6 ശതമാനം വളർച്ചയാണ് നേടിയത്. 60,908 കോടി രൂപയുടെ ബിസിനസ് 2018-ൽ നേടിയിരുന്നെങ്കിൽ ഇക്കൊല്ലം അത് 70,889 കോടി രൂപയാകും. തെരഞ്ഞെടുപ്പ്, ലോകകപ്പ് ക്രിക്കറ്റ് എന്നിവയായിരിക്കും പരസ്യ വിപണിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന പ്രധാന ഘടകങ്ങൾ.

3. കുടുംബശ്രീ-ആമസോൺ കരാർ ഒപ്പിട്ടു

കുടുംബശ്രീ ഉൽപന്നങ്ങൾ ആമസോൺ വഴി ലഭ്യമാക്കാനുള്ള കരാറിൽ ഇരുകൂട്ടരും ഒപ്പിട്ടു. മന്ത്രി എ.സി മൊയ്തീൻന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ ആമസോൺ ഇന്ത്യ സെല്ലർ & എക്സ്പിരിയൻസ് ഡയറക്ടർ പ്രണവ് ഭാസിൻ എന്നിവർ ധാരണാ പത്രം ഒപ്പുവെച്ചു. ആമസോണിന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ ആമസോൺ സഹേലിയിലൂടെയാണ് കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുക.

4. 2021-ൽ ഇ-റ്റെയ്ൽ ബിസിനസിന്റെ മൂല്യം 84 ബില്യൺ ഡോളർ എത്തുമെന്ന് റിപ്പോർട്ട്

2021 ആകുമ്പോഴേക്കും ഇ-റ്റെയ്ൽ ബിസിനസിന്റെ മൂല്യം 84 ബില്യൺ ഡോളർ എത്തുമെന്ന് ഡെല്ലോയ്റ്റും റീറ്റെയ്ൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് പുറത്തുവിട്ട റിപ്പോർട്ട്. 2017-ൽ 24 ബില്യൺ ഡോളറായിരുന്നു മൂല്യം. ദൃഢമായ സാമ്പത്തിക വളർച്ചയും ആരോഗ്യകരമായ ജനസംഖ്യാ വളർച്ചയും രാജ്യത്തെ റീറ്റെയ്ൽ വിപണിയെ ലോകത്തിലെത്തന്നെ നാലാമത്തെ വലിയ വിപണിയാക്കി മാറ്റുമെന്നും റിപ്പോർട്ട് പറയുന്നു.

5. നേപ്പാളിൽ ഇന്ത്യൻ നോട്ടിന് നിരോധനം

ഉയർന്ന മൂല്യമുള്ള ഇന്ത്യൻ നോട്ടുകൾക്ക് നേപ്പാളിൽ നിലനിൽക്കുന്ന നിരോധനം പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻകൈയ്യെടുക്കുന്നു. 2000, 500, 200 നോട്ടുകൾ നിയമപരമാക്കാൻ വൈകാതെ വിജ്ഞാപനമിറക്കും. നോട്ടു നിരോധനത്തിന് മുൻപ് നേപ്പാൾ രാഷ്ട്ര ബാങ്കിലെത്തിയ 950 കോടി രൂപ മാറ്റി നൽകണമെന്ന ആവശ്യം ഇന്ത്യ പരിഗണിക്കാത്തതിൽ നേപ്പാൾ കടുത്ത അസംതൃപ്തിയിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it