മറ്റുള്ളവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്കു ചെയ്തു കൊടുത്താല്‍ ജയിലില്‍ പോകേണ്ടി വരുമോ? തീര്‍ച്ചയായും ഇല്ല

സുഹൃത്തുക്കള്‍ക്കും മറ്റും ട്രെയിന്‍ ടിക്കറ്റ് ബുക്കു ചെയ്തു കൊടുത്താല്‍ ജയിലില്‍ പോകേണ്ടി വരുമോ? തീര്‍ച്ചയായും ഇല്ല
ദേശീയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ച വാര്‍ത്ത സൃഷ്ടിച്ച ആശങ്കകള്‍ക്ക് വിരാമമായത് ഐ.ആര്‍.സി.ടി.സി ഇറക്കിയ വിശദീകരണത്തോടെയാണ്. വിശദീകരണം ഇങ്ങനെ:
ഇ-ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പല 'സര്‍നെയിമു'കള്‍ നല്‍കുന്നതിലുള്ള നിയന്ത്രണത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവരെ നിരുത്സാഹപ്പെടുത്തണം. റെയില്‍വേ ബോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഐ.ആര്‍.സി.ടി.സി സൈറ്റില്‍ നിന്ന് ടിക്കറ്റ് ബുക്കു ചെയ്യുന്നത്. അതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. അത് ഇപ്രകാരമാണ്:
1. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍ക്കായി സ്വന്തം യൂസര്‍-ഐ.ഡിയില്‍ നിന്ന് ഒരാള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
2. പ്രതിമാസം 12 ടിക്കറ്റുകളാണ് ഇങ്ങനെ ബുക്കു ചെയ്യാവുന്നത്. ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുള്ള ഉപയോക്താക്കള്‍ക്ക് പ്രതിമാസം 24 ടിക്കറ്റ് വരെ ബുക്കു ചെയ്യാം. എടുക്കുന്ന ടിക്കറ്റില്‍ ഒരു യാത്രക്കാരന്റെയെങ്കിലും ആധാര്‍ ബന്ധിപ്പിച്ചിരിക്കണമെന്നു മാത്രം.
3. വ്യക്തിഗത യൂസര്‍-ഐ.ഡി പ്രകാരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ വാണിജ്യപരമായ വില്‍പനക്കുള്ളതല്ല. 1989ലെ റെയില്‍വേ നിയമം 143-ാം വകുപ്പ് പ്രകാരം അത് കുറ്റകരമായ പ്രവൃത്തിയാണ്.
(മറ്റു പല മാധ്യമങ്ങള്‍ക്കുമൊപ്പം ടിക്കറ്റ് ബുക്കിങ് നിയന്ത്രണമുണ്ടെന്ന് 'ധന'വും ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കിയിരുന്നു. തെറ്റാണെന്ന് കണ്ട് മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു -എഡിറ്റര്‍)
Related Articles
Next Story
Videos
Share it