​ട്രംപിനു നേരെ വീണ്ടും വധശ്രമം;​ ഇത്രയും സുരക്ഷ പിഴവോ?

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡൊണൾഡ് ട്രംപിനു ​നേരെ മാസങ്ങളുടെ മാത്രം വ്യത്യാസത്തിൽ രണ്ടാമത്തെ വധശ്രമം. ഇത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൂടുതൽ കലുഷിതമാക്കിയതിനൊപ്പം ആഗോള തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ഫ്ലോറിഡയിൽ​ ഗോൾഫ് കളിക്കുന്നതിനിടയിലാണ് രണ്ടാമത്തെ വധശ്രമം ഉണ്ടായത്. വേലിക്കരികിൽ നിന്ന് പൊന്തക്കാട്ടിൽ മറഞ്ഞിരുന്ന ഒരാൾ എ.കെ-47 റൈഫിൾ ട്രംപിനു നേരെ ചൂണ്ടി. ഇയാൾക്കു നേരെ യു.എസ്. സീക്രട്ട് സർവീസ് ഏജന്റുമാർ വെടിയുതിർത്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. തോക്ക് കണ്ടെടുത്തു. വധശ്രമമാണ് നടന്നതെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥർ വിശദീകരിച്ചു. പെൻസിൽവാനിയയിൽ ട്രംപിന് ചെവിക്ക് വെടിയേറ്റത് കഴിഞ്ഞ ജൂലൈയിലാണ്.

വലിയ വെല്ലുവിളിയായി സുരക്ഷ

പ്രചാരണ രംഗത്ത് ​​ട്രംപിന്റെ സുരക്ഷ അത്യന്തം​ വെല്ലുവിളി ഉയർത്തുന്നുവെന്ന തിരിച്ചറിവിലാണ് അമേരിക്കൻ സുരക്ഷാ വിഭാഗങ്ങൾ. ഞായറാഴ്ച ഗോൾഫ് കളിക്കാൻ ട്രംപ് പോയത് പൊതുപരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നില്ല. പ്രചാരണ ദിവസവുമായിരുന്നില്ല സംഭവം. ഇത്തരം സന്ദർഭങ്ങളിലും സവിശേഷ സുരക്ഷ ക്രമീകരണം ആവശ്യമായി വന്നിരിക്കുന്നു​വെന്നാണ് പുതിയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ട്രംപ് മുൻപ്രസിഡന്റ് മാത്രമായതു കൊണ്ട് സുരക്ഷ പ്രോട്ടോക്കോൾ സ്വകാര്യ പരിപാടികളിൽ അത്ര കർക്കശമല്ല. ഗോൾ​ഫ് കോഴ്സിനു ചുറ്റും സുരക്ഷ വലയം ഇല്ലാതെ പോയത് ഈ പശ്ചാത്തലത്തിലാണ്.
ഉയർന്ന മതിലും ഗേറ്റുമുള്ള സ്വകാര്യ വസതികളിൽ താമസിക്കുന്ന മുൻ യു.എസ് പ്രസിഡന്റുമാരിൽ നിന്ന് ഭിന്നമായി പാം ബീച്ചിലെ മാര ലാഗോ ക്ലബിലുള്ള ഔദ്യോഗിക വസതിയിലാണ് ട്രംപ് താമസിക്കുന്നത്. അംഗങ്ങൾക്ക് ക്ലബിൽ പ്രവേശനമുണ്ട്. അവരുമായി ഭക്ഷണം കഴിക്കുമ്പോഴും പരിപാടികളിലുമൊക്കെ ട്രംപ് ഇടപഴകാറുണ്ട്. ഈ അംഗങ്ങൾക്ക് സ്വന്തം അതിഥികളെ ക്ലബിലേക്ക് കൊണ്ടുവരുകയും ചെയ്യാം. സുരക്ഷയിൽ മതിയായ ശ്രദ്ധ ട്രംപ് കൊടുക്കുന്നില്ലെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. വധശ്രമം നടത്തിയ ആൾ 500 യാർഡ് മാത്രം അകലെ എങ്ങനെ എത്തിയെന്ന ചോദ്യവും ഇതിനൊപ്പം ഉയരുന്നു.
രാഷ്ട്രീയ അതിക്രമങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. സുരക്ഷ ഉറപ്പാക്കാനും വിശദാന്വേഷണത്തിനും നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

Related Articles

Next Story

Videos

Share it