പ്രക്ഷോഭകാലത്ത് ട്വിറ്ററിനെ ഉപയോഗിച്ചു, മോദി സര്‍ക്കാരിനെതിരെ മുന്‍ സുരക്ഷാ മേധാവി

ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിസില്‍ബ്ലോവറും മുന്‍ ട്വിറ്റര്‍ സുരക്ഷാ മേധാവിയുമായ പീറ്റര്‍ സാറ്റ്കോ (Peiter Zatko). യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി), യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി), ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) എന്നിവയ്ക്ക് നല്‍കിയ പരാതിയിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ആരോപണം.

സര്‍ക്കാര്‍ ഏജന്റിനെ ശമ്പളം നല്‍കി നിയമിക്കാന്‍ ട്വിറ്ററിനെ ഇന്ത്യ നിര്‍ബന്ധിച്ചു. ഇതിലൂടെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ ട്വിറ്ററിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചുവെന്നും ഇതു സംബന്ധിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാമുകള്‍ ഒഴിവാക്കുന്നതിനെക്കാള്‍ പ്രധാന്യം ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്തുന്നതിലാണ് ട്വിറ്റല്‍ നല്‍കിയതെന്നും പീറ്റര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ട്വിറ്ററിലെ ജീവനക്കാരെ കമ്പനി കൃത്യമായി നിരീക്ഷിക്കാറില്ലെന്നും പ്രധാന സോഫ്റ്റ് വെയറുകളിലേക്ക് ഇവര്‍ക്കുള്ള ആക്‌സസ് ആണ് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, എലോണ്‍ മസ്‌ക് തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഹാക്കിംഗിലേക്ക് നയിച്ചത്. സ്പാമുകള്‍ നീക്കം ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു എന്ന ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിന്റെ വാദം കള്ളമാണെന്നും പരാതിയില്‍ പീറ്റര്‍ പറയുന്നു. സൗദി അറേബ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്‍ ട്വിറ്ററിന്റെ മിഡില്‍ ഈസ്റ്റ് മേഖല മീഡിയ പാര്‍ട്ണര്‍ഷിപ്പ് മാനേജരെ യുഎസ് കോടതി ഈ മാസം ആദ്യം ശിക്ഷിച്ചിരുന്നു.

ആരാണ് പീറ്റര്‍ സാറ്റ്‌കോ ?

യുഎസിലെ പ്രശസ്ത സൈബര്‍ സുരക്ഷാ വിദഗ്ധനും ഹാക്കറുമാണ് പീറ്റര്‍ സാറ്റ്‌കോ. ട്വിറ്റര്‍ സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് 2020ല്‍ ജാക്ക് ഡോര്‍സിയുടെ കാലത്താണ് പീറ്റര്‍ ട്വിറ്ററിലെത്തുന്നത്. 2020 നവംബര്‍ മുതല്‍ 2022 ജനുവരി വരെ അദ്ദേഹം ട്വിറ്ററിന്റെ സുരക്ഷാ മേധാവിയായിരുന്നു. ഗുഗിളിന്റെ പ്രോജക്ടുകളില്‍ ഉള്‍പ്പെടെ പങ്കാളിയായ അദ്ദേഹം യുഎസ് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് പ്രോജക്ട് ഏജന്‍സിയുമായും (DARPA) സൈബര്‍ സുരക്ഷ സംബന്ധിച്ച പ്രോജക്ടുകളില്‍ സഹകരിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it