ദിവസവും രണ്ട് ടണ്‍ പ്ലാസ്റ്റിക് മാലിന്യം തന്നാല്‍ 14 ബാരല്‍ ഡീസല്‍ തരാം

പ്ലാസ്റ്റിക് മാലിന്യം പുനസംസ്‌കരിക്കുന്നതിന് ഇന്ത്യയില്‍ നിലവില്‍ ഉപയോഗിക്കുന്ന മെക്കാനിക്കല്‍ റീസൈക്ക്ളിംഗല്ല കെമിക്കല്‍ റീസൈക്ക്ളിംഗാണ് അനുയോജ്യമെന്ന് ജര്‍മന്‍ കമ്പനിയായ ബിപിഒ എന്‍ജിനീയറിംഗിന്റെ ഇന്ത്യയിലെ സംരംഭത്തിന്റെ എംഡിയും എല്‍എന്‍ജി-പെട്രോകെമിക്കല്‍ വ്യവസായ വിദഗ്ധനുമായ ബ്രെറ്റ് ബെര്‍ണാഡ്. ജലദിനത്തോടനുബന്ധിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നടത്തിയ ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുടക്കുമുതല്‍ തിരിച്ചുപിടിക്കാം

ബിപിഒ എന്‍ജിനീയറിംഗ് വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ മെഷീനറിക്ക് ചെലവു വരുന്നത് എട്ടു കോടി രൂപ മുതലാണ്. ഇതിനാവശ്യമായ സ്ഥലവും ഓരോ ദിവസവും വൃത്തിയാക്കിയ രണ്ടു ടണ്‍ പ്ലാസ്റ്റിക് മാലിന്യവും നല്‍കിയാല്‍ വൈകിട്ട് 14 ബാരല്‍ (യുഎസ്) ഡീസല്‍ തരാമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ വിപണിവിലയില്‍ ഏതാണ്ട് ഒരു ലക്ഷം രൂപ വില മതിക്കുന്ന ഡീസല്‍. അങ്ങനെ ഏതാണ്ട് നാലര വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിക്കാവുന്ന മാതൃകയാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നത്. മെഷിനറി ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാനായാല്‍ 5 കോടി രൂപയ്ക്ക് അവ ലഭ്യമാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോപ്ലാസ്റ്റിക് അപകടം

ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കാണ് ഏറ്റവും വലിയ ജലമാലിന്യമെന്ന് ബ്രെറ്റ് ബെര്‍ണാഡ് പറഞ്ഞു. ലോകമെമ്പാടുമായി വര്‍ഷം തോറും 1760 കോടി പൗണ്ട് പ്ലാസ്റ്റിക് മാലിന്യമാണ് ഭൂമിയിലും പുഴകളിലും കടലിലുമായി വന്നടിയുന്നത്. കാലക്രമേണ ഇവ പൊടിഞ്ഞും തകര്‍ന്നും മൈക്രോ പ്ലാസ്റ്റിക്കാവുന്നു. ഇന്ന് ഉപ്പ്, തേന്‍, ബീയര്‍ തുടങ്ങി നമ്മുടെ മിക്കവാറും എല്ലാ ഭക്ഷണപാനീയങ്ങളിലും നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ വരെ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. നിലവില്‍ 9% പ്ലാസ്റ്റിക് മാത്രമാണ് ആഗോളതലത്തില്‍ റീസൈക്ക്ള്‍ ചെയ്യപ്പെടുന്നത്.

കാത്തുസൂക്ഷിക്കണം

നമ്മുടെ ജലസ്രോതസ്സുകളേയും പ്രകൃതിവിഭവങ്ങളേയും ഓരോ മനുഷ്യനും അവരവരുടെ അവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതുപോലെ കാത്തുസൂക്ഷിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ വി. പറഞ്ഞു. അവയില്ലാതെ നമുക്ക് നിലനില്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it