Begin typing your search above and press return to search.
റബറിന്റെ ഇറക്കുമതി നികുതി പിന്‍വലിക്കണമെന്ന് ടയര്‍ നിര്‍മാതാക്കള്‍; തിരിച്ചടി കര്‍ഷകര്‍ക്ക്
പ്രകൃതിദത്ത റബറിന്റെ ലഭ്യത കുറഞ്ഞതോടെ ഇറക്കുമതി നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ആത്മ). കണ്ടെയ്‌നര്‍-കപ്പല്‍ ലഭ്യത കുറഞ്ഞതോടെ ഒന്നര മാസമായി റബര്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്.
ആഭ്യന്തര ഉത്പാദനം നേര്‍ത്തതോടെ റബര്‍ ലഭ്യതയും കൂപ്പുകുത്തി. പല വന്‍കിട ടയര്‍ കമ്പനികളും നിര്‍മാണം വെട്ടിക്കുറച്ചിരിക്കുകയാണ്. ലോകത്തെ മുന്‍നിര ടയര്‍ നിര്‍മാതാക്കളും കയറ്റുമതിക്കാരുമാണ് ഇന്ത്യ. പ്രകൃതിദത്ത റബര്‍ കിട്ടാതായത് ടയര്‍ മേഖലയുടെ നട്ടെല്ല് തകര്‍ക്കുമെന്നാണ് ആത്മയുടെ വാദം.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം
നിലവില്‍ രാജ്യത്തെ രണ്ട് തുറമുഖങ്ങള്‍ വഴി മാത്രമാണ് റബര്‍ ഇറക്കുമതിക്ക് അനുമതിയുള്ളത്. ചെന്നൈ, മുംബൈ എന്നിവയാണ് ഇറക്കുമതിക്ക് അനുമതിയുള്ള തുറമുഖങ്ങള്‍. കൂടുതല്‍ തുറമുഖങ്ങള്‍ വഴി റബര്‍ ഇറക്കുമതി നടത്താന്‍ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
രണ്ടാംതരത്തില്‍പ്പെട്ട സ്‌ക്രാപ്പ് ടയറുകളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ടയര്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. 2021നുശേഷം ഇത്തരം ടയറുകളുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചു. 2023-24 സാമ്പത്തികവര്‍ഷം 14 ലക്ഷം സ്‌ക്രാപ്പ് ടയറുകള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
കര്‍ഷകര്‍ക്ക് തിരിച്ചടി
റബര്‍ ഇറക്കുമതിക്കുള്ള നികുതി കുറയ്ക്കുകയോ എടുത്തു കളയുകയോ ചെയ്താല്‍ കര്‍ഷകര്‍ക്കത് തിരിച്ചടിയാകും. ഇറക്കുമതി ചുങ്കം നിലനില്‍ക്കുന്നത് കൊണ്ടാണ് ഒരുപരിധിയില്‍ കൂടുതല്‍ വില കുറയ്ക്കാന്‍ ടയര്‍ കമ്പനികള്‍ക്ക് സാധിക്കാതെ വരുന്നത്.
അതേസമയം, കേരളത്തില്‍ റബര്‍ വിലയില്‍ രണ്ടുദിവസത്തിനിടെ രണ്ടു രൂപയുടെ കുറവ് രേഖപ്പെടുത്തി. ചെറുകിട വ്യാപാരികള്‍ 205 രൂപയ്ക്കാണ് റബര്‍ഷീറ്റ് വാങ്ങുന്നത്. ദിവസങ്ങള്‍ക്കുശേഷം ഇന്ന് അന്താരാഷ്ട്ര വില ഉയര്‍ന്നിട്ടുണ്ട്. ആര്‍.എസ്.എസ്1ന് 165 രൂപയാണ് ബാങ്കോക്ക് വില.
Next Story
Videos