Top

അമേരിക്കയില്‍ നിന്ന് ഇന്ത്യക്ക് ഇനി സായുധ ഡ്രോണുകള്‍ വാങ്ങാം; തടസം നീക്കി ട്രംപ്

ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കു വേണ്ടി അമേരിക്കയില്‍ നിന്ന് അത്യാധുനിക ഡ്രോണുകള്‍ വാങ്ങുന്നതില്‍ നിലനിന്ന തടസം നീങ്ങി.
'അണ്‍മാന്‍ഡ് ഏരിയല്‍ വാഹനങ്ങള്‍' അഥവാ ഡ്രോണുകള്‍ കയറ്റുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇളവുചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കിയതോടെയാണിത്.

പുതിയ ഉത്തരവോടെ അമേരിക്ക നിര്‍മ്മിക്കുന്ന ഡ്രോണുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്കുള്ള കടമ്പ ലഘൂകരിക്കപ്പെട്ടിരിക്കുകയാണ്.പങ്കാളി രാജ്യങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ യുഎസിന്റെ ദേശീയ സുരക്ഷയെ ശക്തിപ്പെടുത്തുന്ന നടപടിയാണിതെന്ന് ബ്യൂറോ ഓഫ് പൊളിറ്റിക്കല്‍-മിലിട്ടറി അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ക്ലാര്‍ക്ക് കൂപ്പര്‍ പറഞ്ഞു. എല്ലാ വില്‍പ്പനയും ഓരോന്നോരോന്നായി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.യുഎസ് നിര്‍മ്മിത ആയുധങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഭരണപരമായ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഭാഗമാണിത്. 32 ബില്യണ്‍ ഡോളറിലധികമാണ് ഇതിലൂടെയുണ്ടാകുന്ന വരുമാനം.

പ്രെഡേറ്റര്‍-ബി എന്ന് പേരുളള ഡ്രോണുകളുടെ വേഗ പരിധി 800 കിലോമീറ്ററായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. 4 ഹെല്‍ ഫയര്‍ മിസൈലുകളും രണ്ട് ഭാരമേറിയ ലേസര്‍ മിസൈലുകളും വഹിക്കാനുളള ശേഷിയുണ്ട്.ഒരു യുദ്ധ വിമാനത്തോളം വില വരുന്ന പ്രെഡേറ്റര്‍- ബി ആളില്ലാ വാഹനം വാങ്ങുന്നതിലൂടെ വലിയ യുദ്ധവിമാനങ്ങള്‍ അത്രയും കുറച്ച് മാത്രം വായുസേനയ്ക്ക് ഉപയോഗിച്ചാല്‍ മതിയാകും. അമേരിക്കയുടെ പുതിയ നീക്കത്തിലൂടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ചൈനീസ് നിര്‍മ്മിത ആളില്ലാ വാഹനങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുളള മാര്‍ഗം തുറന്ന് കിട്ടുകയാണ്.

പശ്ചിമേഷ്യന്‍ മേഖലയില്‍ യമനിലും ലിബിയയിലും ആഭ്യന്തരകലാപത്തില്‍ ചൈനീസ് നിര്‍മ്മിത 'വിങ്‌ലൂംഗ്' ആയുധമേന്തിയ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അണ്‍മാന്‍ഡ് ഏരിയല്‍ വാഹനങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ഇന്ത്യ മാത്രമല്ല സൗദി അറേബ്യ, യു എ ഇ, ഈജിപ്ത് തുടങ്ങി നിരവധി രാജ്യങ്ങള്‍ക്ക് ഈ ഡ്രോണുകള്‍ വാങ്ങാനുളള സാധ്യത തെളിഞ്ഞു. പാക്കിസ്ഥാനും ചൈനയുടെ വിങ്‌ലൂംഗ് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ആയിരം കിലോയോളം ബോംബ് വഹിക്കാന്‍ മാത്രമാണ് ഇവയുടെ ശേഷി.

മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണമുളള രാജ്യങ്ങള്‍ അംഗമായ സമിതിയിലുളള അമേരിക്കയിലെ പ്രതിരോധ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കയറ്റുമതിക്ക് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ചൈനയും പാക്കിസ്ഥാനും ഇതില്‍ അംഗമല്ലാത്തതിനാല്‍ അവര്‍ക്ക് നിയന്ത്രണമില്ല. ഇത് ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങള്‍ക്ക് ഭീഷണിയായിരുന്നു. അമേരിക്കയുടെ പുതിയ നിലപാട് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. അതിര്‍ത്തി സുരക്ഷയുടെയും വാണിജ്യ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട് യുഎസ് നിര്‍മിത ഡ്രോണുകള്‍ വാങ്ങാന്‍ നിരവധി രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ക്ലാര്‍ക്ക് കൂപ്പര്‍ പറഞ്ഞു. അതേസമയം,ഡ്രോണ്‍ കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റായ സെന്‍ ബോബ് മെനെന്‍ഡെസ് നിശിതമായി വിമര്‍ശിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it