യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണം കര്‍ശനം; സ്വകാര്യ കമ്പനികള്‍ക്ക് ചിലവേറും; തൊഴില്‍ സാധ്യതകള്‍ കുറയുമോ?

വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ യു.എ.ഇയും തൊഴില്‍ രംഗത്ത് സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ സ്വകാര്യ കമ്പനികളില്‍ നിര്‍ബന്ധമായി നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന വരും. യു.എ.ഇ മാനവ വിഭവ ശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റേതാണ് തീരുമാനം. രാജ്യത്ത് നിലവിലുള്ള സ്വദേശിവല്‍ക്കരണ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഇടത്തരം കമ്പനികളെയാണ് പുതിയ നിയമം കൂടുതല്‍ ബാധിക്കുക. കമ്പനികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാകും പുതിയ നിബന്ധന.

പുതിയ ചട്ടങ്ങള്‍ ഇങ്ങനെ

20 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള സ്വകാര്യ കമ്പനികളില്‍ രണ്ട് സ്വദേശി ജീവനക്കാര്‍ നിര്‍ബന്ധമാക്കുന്നതാണ് പുതിയ ഉത്തരവ്. നിലവില്‍ 50 ജീവനക്കാര്‍ക്ക് മുകളിലുള്ള കമ്പനികള്‍ക്ക് മാത്രമാണ് ഈ ചട്ടം ബാധകമായിരുന്നത്. പുതിയ ഉത്തരവോടെ കൂടുതല്‍ കമ്പനികള്‍ സ്വദേശികളെ നിയമിക്കാന്‍ നിര്‍ബന്ധിതകരാകും. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് 96,000 ദിര്‍ഹം വരെ പിഴ ചുമത്തും. സ്വദേശിവല്‍ക്കരണം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക പിഴ ചുമത്താനും ചട്ടമുണ്ട്.

വിദേശികള്‍ക്കും ബാധകം

പ്രവാസി മലയാളികള്‍ ഉള്‍പ്പടെ യു.എ.ഇയില്‍ ബിസിനസ് രംഗത്തുള്ള വിദേശികള്‍ക്കും ഈ നിയമം ബാധകമാകും. വിദേശ ജീവനക്കാരെക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കി സ്വദേശികളെ നിയമിക്കാന്‍ ഇടത്തരം കമ്പനികളും നിര്‍ബന്ധിതരാകും. ഇത് കമ്പനികളുടെ സാമ്പത്തിക ചിലവുകള്‍ വര്‍ധിപ്പിക്കാം. വിദേശ തൊഴിലാളികളുടെ തൊഴിലവസരങ്ങളില്‍ കുറവ് വരുത്തുമെന്ന ആശങ്കയുമുണ്ട്. സൗദി അറേബ്യയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിതാഖാത്ത് എന്ന പേരില്‍ സ്വദേശിവല്‍ക്കരണം കര്‍ശനമാക്കിയപ്പോള്‍ വിദേശികളുടെ തൊഴില്‍ സാധ്യതകളെ സാരമായി ബാധിച്ചിരുന്നു.

കമ്പനികളില്‍ വനിതാ ഡയറക്ടര്‍മാര്‍

സ്വകാര്യ കമ്പനികളുടെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കുന്ന പുതിയ നിയമത്തിന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം രൂപം നല്‍കി. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ സംയുക്ത ഓഹരി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു വനിതയെയെങ്കിലും നിയമിക്കണമെന്നാണ് പുതിയ ചട്ടം. കമ്പനികളില്‍ നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ കാലാവധി കഴിയുന്നതോടെ പുതിയ നിയമം നടപ്പാക്കണം. ബിസിനസ് രംഗത്ത് സ്ത്രീകളുടെ സജീവമായ ഇടപെടല്‍ ഉറപ്പാക്കാനാണ് പുതിയ നിബന്ധനയെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.

Related Articles
Next Story
Videos
Share it