എണ്ണ വിലക്കയറ്റത്തില്‍ നിന്ന് ലോകത്തെ രക്ഷിച്ചത് ഇന്ത്യന്‍ ബുദ്ധി; അവകാശവാദവുമായി പെട്രോളിയം മന്ത്രി

ലോക വിപണിയില്‍ പെട്രോളിയം വില കൈവിട്ടു പോകാതിരിക്കാന്‍ കാരണം ഇന്ത്യയുടെ നയമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തയാറായിരുന്നില്ലെങ്കില്‍ ആഗോള തലത്തില്‍ 200 ഡോളര്‍ വരെ എണ്ണവില വര്‍ധിക്കുമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അബുദാബിയില്‍ നടക്കുന്ന വാര്‍ഷിക ഊര്‍ജ-വ്യവസായ പരിപാടിയായ എ.ഡി.ഐ.പി.ഇ.സി.യില്‍ പങ്കെടുക്കുന്നതിനിടെയാണ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യന്‍ എണ്ണ ആരും വാങ്ങാതിരുന്ന സമയത്താണ് ഇന്ത്യ തന്ത്രപരമായ തീരുമാനം എടുത്തത്. ഇല്ലായിരുന്നെങ്കില്‍ ആഗോള വിപണിയില്‍ എണ്ണ ലഭ്യത കുറയുകയും തന്മൂലം വില വലിയ തോതില്‍ ഉയരുകയും ചെയ്‌തേനെ. മറ്റുരാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

സ്ഥിരമായി വാങ്ങുന്നയിടത്തേക്കാള്‍ കുറഞ്ഞ വിലയില്‍ നമുക്ക് ആവശ്യമായ സാധനം മറ്റൊരിടത്തുനിന്ന് കിട്ടുമെങ്കില്‍ അങ്ങോട്ട് പോകുന്നതില്‍ എന്താണ് തെറ്റെന്നും ഹര്‍ദീപ് സിങ് പുരി ചോദിച്ചു. ലോകത്തെ മുഴുവന്‍ രാജ്യങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യ റഷ്യന്‍ എണ്ണയ്ക്കു നേരെ മുഖംതിരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവിയിലും രാജ്യത്തിന്റെ താല്പര്യത്തിന് പ്രാധാന്യം നല്‍കിയാകും എണ്ണ വാങ്ങുക. കൂടുതല്‍ വില കുറവില്‍ എവിടെ നിന്ന് എണ്ണ കിട്ടുമോ അവിടെ നിന്ന് വാങ്ങുകയെന്നതിനാകും ആദ്യ പരിഗണനയെന്നും പുരി വ്യക്തമാക്കി.

എണ്ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം

ഡിസംബര്‍ അവസാനം വരെ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കേണ്ടെന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ എണ്ണ വില നാലു ഡോളറോളം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈയാഴ്ച വീണ്ടും വില താഴ്ന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് വില 73 ഡോളറിലാണ്. ചൈനയില്‍ നിന്നടക്കം ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നതാണ് വിലയിലും പ്രതിഫലിക്കുന്നത്.


Related Articles
Next Story
Videos
Share it