Begin typing your search above and press return to search.
സോളാര്‍ പാനല്‍ വരെ പൊട്ടിത്തെറിക്കുന്നു, ലെബനനെ ഭീതിയിലാക്കിയത് മൊസാദല്ല ! ഇസ്രയേലിന്റേത് 'സൈക്കളോജിക്കല്‍' യുദ്ധമെന്ന് വിദഗ്ധര്‍
ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ചാരസംഘടനയായ യൂണിറ്റ് 8200 ആണെന്ന് റിപ്പോര്‍ട്ട്
ലെബനനില്‍ പേജറുകള്‍ക്ക് പിന്നാലെ വാക്കി ടോക്കികളും സോളാര്‍ ഉപകരണങ്ങളും വരെ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ 34 പേര്‍ കൊല്ലപ്പെടുകയും 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്ന് ലെബനന്‍ സായുധസംഘമായ ഹിസ്ബുള്ള ആരോപിച്ചു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുദ്ധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നീങ്ങിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് നടത്തിയ പ്രതികരണം മേഖല പൂര്‍ണമായും യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക ശക്തമാക്കി. കനത്ത തിരിച്ചടി നല്‍കുമെന്ന് ആഹ്വാനം ചെയ്ത ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റാക്രമണവും നടത്തി. അതിനിടെ സാധാരണ മനുഷ്യര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ യുദ്ധോപകരണങ്ങളാക്കരുതെന്ന് ആവശ്യപ്പെട്ട യു.എന്‍ രക്ഷാകൗണ്‍സില്‍ വെള്ളിയാഴ്ച അടിയന്തര യോഗം ചേരും.
പേജര്‍ കൂട്ടക്കൊലയ്ക്ക് പിന്നാലെ വാക്കി ടോക്കി
ലോകത്തെ നടുക്കിയ പേജര്‍ കൂട്ടക്കൊലയ്ക്ക് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ലെബനനില്‍ സ്‌ഫോടന പരമ്പര നടന്നത്. ആദ്യ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെയാണ് ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന വാക്കി ടോക്കികള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നേതാക്കളെയും അണികളെയും ലക്ഷ്യമിട്ട് ലെബനനിലും സിറിയയിലുമാണ് ആക്രമണം നടന്നത്. വാക്കി ടോക്കികള്‍ക്ക് പുറമെ വീട്ടിലെ സോളാര്‍ പാനലും പോക്കറ്റ് റേഡിയോയും ലാന്‍ഡ് ഫോണ്‍ വരെയും പൊട്ടിത്തെറിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പൊട്ടിത്തെറിച്ച പേജറുകള്‍ക്കൊപ്പം വാങ്ങിയ വാക്കി ടോക്കികളാണ് അപടമുണ്ടാക്കിയതെന്നാണ് വിവരം. രണ്ടാമത്തെ സംഭവത്തില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇസ്രയേലിന്റേത് എതിരാളിയെ മാനസികമായി തകര്‍ക്കാനുള്ള നീക്കം
അതേസമയം, ലെബനനില്‍ ഇസ്രയേല്‍ നടത്തുന്നത് എതിരാളികളെ മാനസികമായി തകര്‍ക്കാനുള്ള ശ്രമമാണെന്ന് പ്രതിരോധ വിദഗ്ധര്‍ വിശദീകരിക്കുന്നു. ഹിസ്ബുള്ളയുടെ പ്രവര്‍ത്തകരെ മാത്രം ലക്ഷ്യമിട്ട ആക്രമണം സാധാരണ ജനങ്ങളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ എല്ലാ രഹസ്യങ്ങളും നേരിട്ടറിയാമെന്നും ആരെ വേണമെങ്കിലും ലക്ഷ്യം വയ്ക്കാനാകുമെന്നും ഇസ്രയേല്‍ പ്രഖ്യാപിക്കുന്നത് കൂടിയാണ് ഇപ്പോഴത്തെ ആക്രമണം. ഇതിനേക്കാള്‍ മാരകമായി ഏത് ശത്രുവിനെ വേണമെങ്കിലും ആക്രമിക്കാന്‍ കഴിയുമെന്ന് ഇസ്രയേല്‍ തെളിയിച്ചതാണെന്നും ബ്രിട്ടീഷ് പ്രതിരോധ വിദഗ്ധന്‍ ക്രിസ് ഹണ്ടര്‍ പറയുന്നു. ശത്രുവിന്റെ നീക്കം മാസങ്ങള്‍ക്ക് മുമ്പ് മണത്തറിഞ്ഞ് അതിനെ ചെറുക്കാനുള്ള ഇസ്രയേല്‍ ചാര സംഘടനകളുടെ കഴിവ് കൂടിയാണ് ലെബനനിലെ ആക്രമണ പരമ്പരയിലൂടെ തെളിയുന്നതെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.
മിഡില്‍ ഈസ്റ്റ് പൂര്‍ണ യുദ്ധത്തിലേക്കെന്ന് വിലയിരുത്തല്‍
അതേസമയം, പുതിയ ആക്രമണ പരമ്പരയിലൂടെ ഇസ്രയേല്‍ ലെബനനെതിരെ പൂര്‍ണതോതിലുള്ള യുദ്ധത്തിനാണ് ആഗ്രഹിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഗാസയിലെ യുദ്ധം തുടങ്ങിയത് മുതല്‍ വടക്കന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചെറിയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെ താമസിച്ചിരുന്ന 60,000 ഇസ്രയേലികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നിരുന്നു. ഇവരെ തിരിച്ചെത്തിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ലെബനനില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. അധികം വൈകാതെ ലെബനനിലേക്ക് ഇസ്രയേല്‍ കരസേനയുടെ നീക്കമുണ്ടായേക്കാമെന്നും ചില പ്രതിരോധ വിദഗ്ധര്‍ പറയുന്നുണ്ട്. ഇസ്രയേല്‍ നടപടി യുദ്ധത്തിലേക്ക് നയിക്കുമെന്ന് ജോര്‍ദാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൂണ്ടിക്കാട്ടി.
യൂണിറ്റ് 8200
ഇസ്രയേല്‍ സൈന്യത്തിന്റെ സൈബര്‍ ചാര സംഘടനയായ യൂണിറ്റ് 8200 ആണ് ലെബനനിലെ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദുമായി ബന്ധമില്ലാത്ത സൈനിക ഇന്റലിജന്‍സ് ഏജന്‍സിയാണ് യൂണിറ്റ് 8200. ഏതാണ്ട് ഒരുവര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സംഘം ഈ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കുമ്പോള്‍ തന്നെ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തിയത് ഈ സംഘമാണ്. സൈന്യത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ആളുകള്‍ അടങ്ങിയ സംഘമാണ് സൈബര്‍ മേഖലയില്‍ ഇസ്രയേലിന്റെ കുന്തമുനയായി പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ ബന്ധമുള്ള പല ടെക് കമ്പനികള്‍ക്കും പിന്നില്‍ യൂണിറ്റ് 8200ന്റെ കരങ്ങളാണെന്നാണ് പറയപ്പെടുന്നത്.
ഒക്ടോ.7ലെ ആക്രമണം തടയാന്‍ കഴിയാത്ത ക്ഷീണം തീര്‍ത്തു
ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടും കഴിഞ്ഞ ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണം തടയാന്‍ കഴിയാത്തത് യൂണിറ്റ് 8200ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയായി കണക്കാക്കുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യൂണിറ്റ് 8200ന്റെ മേധാവി കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. നേരത്തെ അഭിമുഖീകരിച്ചിട്ടില്ലാത്തതും മറ്റാരും ചിന്തിച്ചിട്ടില്ലാത്തതുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള യൂണിറ്റിന്റെ ശേഷി പോലും ഒരുവേള ചോദ്യം ചെയ്യപ്പെട്ടു. ഈ പരാജയത്തിന് പകരം വീട്ടുന്നതിന് കൂടിയാണ് ഇപ്പോഴത്തെ ആക്രമണങ്ങളെ യൂണിറ്റ് 8200 ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ലെബനന്‍
അതേസമയം, ഇസ്രയേലിന് കനത്ത മറുപടി നല്‍കുമെന്ന നിലപാടിലാണ് ഇറാനും സഖ്യകക്ഷികളും. പേജര്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലി സൈനിക കേന്ദ്രങ്ങളിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഇക്കാര്യം സ്ഥിരീകരിച്ച ഇസ്രയേല്‍ സൈന്യം എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്തിയിട്ടില്ല. എന്തൊക്കെ തിരിച്ചടിയുണ്ടായാലും ഗാസയിലെ ജനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Videos