'ഭൂമിയുടെ വൃക്ക'കളില്‍ നീര്‍വാര്‍ച്ച; ഇന്ത്യയിലെ അഞ്ച് ഹോട്ട് സ്‌പോട്ടുകളില്‍ കേരളവും

കേരളം അടക്കമുള്ള അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അശാസ്ത്രീയമായ നഗരവത്കരണം ഭൂഗര്‍ഭ ജല നിരപ്പ് വലിയ തോതില്‍ കുറക്കുന്നതായി പഠനം. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, കേരളം എന്നീ അഞ്ച് ഹോട്‌സ്‌പോട്ടുകളാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഗൗതം കന്‍വാറാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സെന്‍ട്രല്‍ ഗ്രൗണ്ട്‌വാട്ടര്‍ ബോര്‍ഡിന്റെ 2003 മുതല്‍ 2020 വരെയുള്ള ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. ഈ കാലയളവില്‍ പ്രദേശത്ത് മഴ ലഭ്യതയിലുണ്ടായ ഏറ്റക്കുറച്ചിലുകളും പഠനവിധേയമാക്കി.
കൂട്ടത്തില്‍ പഞ്ചാബും ഹരിയാനയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞതും ഈ സംസ്ഥാനങ്ങളിലാണ്. ജലസേചനം, നഗരവത്കരണം, വ്യവസായവത്കരണം എന്നീ കാരണങ്ങളാണ് ഈ സംസ്ഥാനങ്ങളിലെ ജലത്തിന്റെ അളവ് കുറച്ചത്. ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ് എന്നീ സ്ഥലങ്ങളില്‍ 2012ന് ശേഷം ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞതായി കാണപ്പെട്ടത് നഗര-വ്യവസായ വത്കരണം അനിയന്ത്രിതമായി വര്‍ധിച്ചതിന് തെളിവാണെന്നും പഠനത്തില്‍ പറയുന്നു. ഇവിടെ 2001നും 2011നും ഇടയില്‍ നഗരവത്കരണം 10 ശതമാനം കൂടി. ഇതേ കാലയളവില്‍ ഫാക്ടറികളുടെ എണ്ണവും വര്‍ധിച്ചു.

കേരളത്തിനുണ്ടായത് നികത്താനാവാത്ത നഷ്ടം

തീരദേശ സംസ്ഥാനമെന്ന വിശേഷണവും മികച്ച മഴലഭ്യതയുമുണ്ടെങ്കിലും കേരളത്തിലെ ഭൂഗര്‍ഭ ജല ലഭ്യതയിലും വലിയ കുറവ് വന്നതായി പഠനത്തില്‍ പറയുന്നു. 2004നും 2020നും ഇടയില്‍ വാര്‍ഷിക ഭൂഗര്‍ഭജല ലഭ്യതയില്‍ കേരളത്തിന് 17 ശതമാനത്തിന്റെ കുറവുണ്ടായി. പഠനത്തില്‍ കണ്ടെത്തിയ 5 ഹോട്‌സ്‌പോട്ടുകളിലെ ഭൂഗര്‍ഭ ജല ലഭ്യത ഏറ്റവും കുറഞ്ഞത് കേരളത്തിലാണ്. സമാന കാലയളവില്‍ ജലസേചന ആവശ്യങ്ങള്‍ക്കുള്ള ഭൂഗര്‍ഭ ജലത്തിന്റെ ആവശ്യകത 36 ശതമാനം കുറഞ്ഞു. ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിന്റെ ആവശ്യകത 34 ശതമാനം വര്‍ധിക്കുകയും ചെയ്തു.

വേറെയും പഠനങ്ങള്‍ പറഞ്ഞു

നേരത്തെ പുറത്തുവന്ന പല പഠനങ്ങളിലും കേരളത്തിന്റെ ഭൂഗര്‍ഭ ജല വിതാനം താഴുന്നതായി കണ്ടെത്തിയിരുന്നു. 2018ന് ശേഷമുണ്ടായ പ്രളയങ്ങളും മണ്ണിടിച്ചിലും ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. വലിയ തോതില്‍ മേല്‍മണ്ണ് ഒലിച്ചുപോയതാണ് സ്ഥിതി രൂക്ഷമാക്കിയത്. മികച്ച മഴ ലഭിക്കുന്ന വര്‍ഷങ്ങളില്‍ പോലും കേരളത്തിന്റെ പല പ്രദേശങ്ങളിലും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാറുണ്ട്. ജലസംരക്ഷണത്തിനായി തയ്യാറാക്കിയ സംസ്ഥാനത്തെ 30 ബ്ലോക്കുകളില്‍ 18 ഇടങ്ങളിലും വെള്ളത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയിരുന്നു.

അടിയന്തര പരിഹാരം

ഭൂമിയുടെ വൃക്കകള്‍ എന്നറിയപ്പെടുന്ന നീര്‍ത്തടങ്ങള്‍ (Wetlands) സംരക്ഷിച്ചു കൊണ്ട് ഭൂഗര്‍ഭ ജലനിരക്ക് ഉയര്‍ത്താനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു ഹെക്ടര്‍ നെല്‍വയല്‍ പ്രദേശത്ത് 5 ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭ ജലം സംരക്ഷിക്കാന്‍ കഴിയുമെന്നാണ് കണക്ക്. 2000ന് മുമ്പ് 8 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെല്‍വയലുകള്‍ ഇപ്പോള്‍ രണ്ട് ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. ഒരുകാലത്ത് കേരളത്തില്‍ വയല്‍ നികത്തി റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വ്യാപകമായിരുന്നു. നഗരപ്രദേശങ്ങളില്‍ നീര്‍ത്തട സംരക്ഷണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കണമെന്നും ഭൂഗര്‍ഭ ജല റീച്ചാര്‍ജിംഗ് പദ്ധതികള്‍ വര്‍ദ്ധിപ്പിക്കണമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
Related Articles
Next Story
Videos
Share it