പുതുതായി 21 സ്റ്റോപ്പുകള്‍ കൂടി; കൊച്ചി വാട്ടര്‍ മെട്രോ ഈ പുതിയ റൂട്ടുകളിലേക്കും

ചുരുങ്ങിയ കാലംകൊണ്ട് കൊച്ചിയുടെ ജലഗതാഗത മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച വാട്ടര്‍മെട്രോ പുതുതായി 21 സ്റ്റോപ്പുകള്‍ കൂടി നിര്‍മിക്കുന്നു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വാട്ടര്‍ മെട്രോയുടെ സാന്നിധ്യം എത്തിക്കുകയും അതുവഴി വരുമാനം ഉയര്‍ത്തുകയുമാണ് ലക്ഷ്യം. ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയായ എ.എഫ്.ഡിക്ക് കൊച്ചി വാട്ടര്‍മെട്രോ പ്രോജക്ട് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഏജന്‍സിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം. നിലവില്‍ 10 സ്റ്റോപ്പുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്. പുതിയ റൂട്ടുകള്‍ കൂടി വരുന്നതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.

തോപ്പുംപടി, നെട്ടൂര്‍, ഇടക്കൊച്ചി, തൈക്കൂടം, എളംകുന്നപ്പുഴ, വാരാപ്പുഴ, ചെന്നൂര്‍, കോതാട്, വടുതല, തേവര, പിഴല എന്നിവിടങ്ങളാണ് പുതുതായി വരുന്ന പ്രധാന സ്റ്റോപ്പുകള്‍. കുമ്പളം, പാലിയംത്തുരുത്ത്, വെല്ലിംഗ്ടണ്‍ ഐലന്റ്, കടമക്കുടി, മട്ടാഞ്ചേരി സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
സ്വന്തം നിലയ്ക്ക് ടെര്‍മിനലുമായി അമൃതയും ആസ്റ്ററും
വാട്ടര്‍ മെട്രോ പൂര്‍ത്തിയാകുമ്പോള്‍ മൊത്തം 38 ടെര്‍മിനല്‍സ് ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാല്‍ അമൃത ആശുപത്രിയും ആസ്റ്റര്‍ മെഡ്‌സിറ്റിയും സ്വന്തം നിലയില്‍ ടെര്‍മിനല്‍സ് നിര്‍മിക്കാമെന്ന് അറിയിച്ചതോടെ വാട്ടര്‍ മെട്രോയുടെ ഉടമസ്ഥതയിലുള്ളവയുടെ എണ്ണം 36 ആയി നിജപ്പെടുത്തി.
നിലവില്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് ഹൈക്കോര്‍ട്ട്-ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ്. വിനോദസഞ്ചാരികളുടെ ബാഹുല്യമാണ് ഈ റൂട്ടിനെ ഹിറ്റാക്കിയത്. എന്നാല്‍ ആവശ്യത്തിന് ബോട്ടുകളില്ലാത്തത് സര്‍വീസിനെ ബാധിക്കുന്നുണ്ട്. അവധി ദിവസങ്ങളില്‍ ദീര്‍ഘനേരം ക്യൂനിന്നാണ് യാത്രക്കാര്‍ ടിക്കറ്റെടുക്കുന്നത്.
സര്‍വീസ് ഇടവേള കുറയ്ക്കും
സര്‍വീസുകള്‍ക്കിടയിലെ ഇടവേള ഇപ്പോള്‍ കൂടുതലാണ്. ഇതു കുറച്ചെങ്കില്‍ മാത്രമേ തിരക്ക് കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കാതെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് കെ.എം.ആര്‍.എല്‍ പറയുന്നത്. ഫോര്‍ട്ടുകൊച്ചിയിലേക്ക് മാത്രം എട്ട് ബോട്ടുകളെങ്കിലും വേണം. നിലവില്‍ 50 ലക്ഷം രൂപയാണ് പ്രതിമാസ വരുമാനം. ലാഭത്തിലെത്താന്‍ പ്രതിമാസ വരുമാനം ഇനിയുമേറെ വര്‍ധിപ്പിക്കേണ്ടതുണ്ട്.
വാട്ടര്‍ മെട്രോയ്ക്ക് നിലവില്‍ 14 ഇലക്ട്രിക്ക് ഹൈബ്രിഡ് ബോട്ടുകളാണുള്ളത്. പുതിയ റൂട്ടുകള്‍ കൂടി തുറക്കുമ്പോള്‍ ബോട്ടുകളുടെ ആവശ്യകത ഇനിയും വര്‍ധിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് വാട്ടര്‍ മെട്രോയ്ക്കായി ബോട്ടുകള്‍ നിര്‍മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 23 ബോട്ടുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 9 എണ്ണം കൂടി കിട്ടാനുണ്ട്. രണ്ടാംഘട്ടമായി 15 ബോട്ടുകള്‍ കൂടി എത്തിക്കും.
Related Articles
Next Story
Videos
Share it