ആർക്കും വേണ്ട, ആഞ്ഞിലിക്ക് ഇതെന്തു പറ്റി?

ആഞ്ഞിലിക്ക് പാഴ് മരത്തിന്റെ ഗതികേട്

ആഞ്ഞിലി പാഴ് മരമല്ല. വീടു നിർമാണത്തിൽ ഒരു കാലത്ത് സാധാരണക്കാർ ഏറെ ആശ്രയിച്ചു പോന്ന മരം. എന്നു മാത്രമല്ല, തേക്ക് കഴിഞ്ഞാൽ ഇന്നും കട്ടിളക്കും ജനൽപടിക്കുമൊക്കെ ഉത്തമമാണ് ആഞ്ഞിലി തടി. വീട്, ഗൃഹോപകരണ നിർമാണത്തിൽ രാജാവിനെ പോലെ വിലസിയിരുന്ന ആഞ്ഞിലിക്ക് പക്ഷേ, തടി വിപണിയിൽ ഇന്ന് പാഴ് മരത്തിന്റെ ഗതി. ആർക്കും വേണ്ട. വിലയില്ല. അതെന്താ, പൊടുന്നനെ ആഞ്ഞിലിക്ക് കാതൽ ഇല്ലാതായോ?
കാലം മാറി, കഥ മാറി
കാലം മാറി, കഥ മാറിയെന്ന മട്ടിലാണ് തടി കച്ചവടക്കാർ ആഞ്ഞിലിയോട് സ്വീകരിക്കുന്ന നയം. ഒരു തരം അവജ്ഞ. കാരണമുണ്ട്. ​മേൽത്തരം വീടു പണിയുന്നവർക്കൊന്നും ഇപ്പോൾ ആഞ്ഞിലി വേണ്ട. തേക്കു മതി. തേക്കിന് ഈട് കൂടും. കടഞ്ഞെടുക്കാൻ സുഖം. ചെലവ് അൽപം കൂടിയാലും തേക്കാണ് ഇപ്പോഴത്തെ സ്റ്റൈൽ. മധ്യവർഗക്കാരും ധനികരും ഒരുപോലെ തേക്ക് തെരഞ്ഞെടുക്കുന്നു. രണ്ടാമത്തെ കാര്യം, വീടു നിർമാണത്തിന് ഇരുമ്പിന്റെ വാതിൽപടിയും ജനൽപടിയുമെല്ലാം കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതാണ്. മരപ്പണിയുടെ ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ ലക്ഷണമൊത്ത ഇരുമ്പ് ചട്ടം ആരെയും ആകർഷിക്കും. ഈർപ്പം അടിക്കാതിരുന്നാൽ ഈട് നിൽക്കുകയും ചെയ്യും. കാലപ്പഴക്കത്തിൽ തടിയുടെ ചട്ടത്തിന് സംഭവിക്കുന്ന ചില്ലറ വളവും കോട്ടവും ഒന്നും ഉണ്ടാവില്ല. ചിതലരിക്കില്ല.
ആഞ്ഞിലി ഉടമ ‘ലക്ഷപ്രഭു’ അല്ല
നാലഞ്ചു വർഷം മുമ്പു വരെ 100 ഇഞ്ച് വണ്ണമുള്ള, ഉദ്ദേശം 50 അടി നീളമുള്ള ആഞ്ഞിലി തടിക്ക് രണ്ടര ലക്ഷം രൂപ വരെ വില കിട്ടുമായിരുന്നു. ഇപ്പോൾ അതിന് ഒരു ലക്ഷം കിട്ടിയാലായി. 60 ഇഞ്ചു വരെ വണ്ണമുള്ള ആഞ്ഞിലി മരത്തിന് കാതൽ പരിഗണിച്ച് മികച്ച വില കിട്ടിപ്പോന്നതാണ്. ഇപ്പോൾ 50,000 രൂപ പോലും കിട്ടില്ല എന്നതാണ് സ്ഥിതി. അതിനു താഴെ വണ്ണമുള്ള മരങ്ങൾക്ക് പാഴ്തടിയുടെ പരിഗണന മാത്രമാണ് തടി കച്ചവടക്കാർ നൽകുന്നത്. പുരയിടത്തിൽ നിന്ന് ഒഴിവാക്കി തരാം എന്ന മട്ട്. വണ്ണമുള്ള മരങ്ങൾ പോലും വിലയിടിച്ച് ചുളു വിലക്ക് വാങ്ങുന്നു. ഇത്തരമൊരു ഗതി വരാൻ ആനിയെന്ന ആഞ്ഞിലി എന്തു പിഴച്ചു? സാ​ങ്കേതിക വിദ്യ വികസിച്ചു, തേക്കിനോട് പ്രിയം കൂടി എന്നേയുളളൂ ഉത്തരം. കൊട്ടാര സമാനമായ വീടുകളാണ് എവിടെയും ഉയരുന്നത്. തേക്കല്ലാതെ, ആഞ്ഞിലി തെരഞ്ഞെടുത്ത് സ്റ്റാറ്റസ് കളയാനും ആരും തയാറല്ല തന്നെ.
Related Articles
Next Story
Videos
Share it