എണ്ണവില 'തലകുത്തി' വീണിട്ടും കേന്ദ്രത്തിന്റെ യു ടേണ്‍; അവസാന നിമിഷ അനിശ്ചിതത്വത്തിന് കാരണം നെതന്യാഹു?

ആഗോള എണ്ണവില 80 ഡോളറില്‍ താഴെ നില്‍ക്കുകയാണെങ്കില്‍ ഉറപ്പായും പെട്രോള്‍, ഡീസല്‍ വില കുറച്ചിരിക്കും- ചുമതലയേറ്റതിന് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ വാക്കുകളാണിത്. ക്രൂഡ് ഓയില്‍ വില 80ലും താഴ്ന്ന് 70ല്‍ എത്തിയിട്ടും കേന്ദ്രം പക്ഷേ അറിഞ്ഞ ഭാവം കാണിക്കുന്നില്ല. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നിര്‍ണായക നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും കേന്ദ്രത്തിന് കുലുക്കമില്ല. എണ്ണവില കുറച്ച് വോട്ട് പിടിക്കേണ്ടെന്ന് തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്താകും?
ഒക്ടോബര്‍ ആദ്യവാരം ലിറ്ററിന് അഞ്ചുരൂപ വരെ ഇന്ധനവില കുറയ്ക്കാന്‍ തയാറെടുത്തിരുന്ന കേന്ദ്രത്തെ പെട്ടെന്ന് പിന്നോട്ടടിച്ചതിന് പിന്നില്‍ കാരണങ്ങളേറെയുണ്ട്. എടുത്തുചാടി എണ്ണവില കുറച്ചാല്‍ അത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന തിരിച്ചറിവ് തന്നെയാണ് നയംമാറ്റത്തിന് പിന്നില്‍.

എണ്ണക്കമ്പനികള്‍ക്ക് വലിയ തിരിച്ചടി

രണ്ടാംപാദ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ രാജ്യത്തെ എണ്ണക്കമ്പനികളുടെ ലാഭത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ബി.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍ തുടങ്ങി എല്ലാ പൊതുമേഖല കമ്പനികളും ലാഭത്തില്‍ മെലിഞ്ഞു. മുന്‍വര്‍ഷം സമാന പാദത്തില്‍ 12,967 കോടി രൂപയുടെ ലാഭമുണ്ടായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭം ഈ പാദത്തില്‍ 180 കോടി രൂപ മാത്രമാണ്. വരുമാനം 4 ശതമാനം താഴ്ന്ന 2.02 ലക്ഷം കോടിയില്‍ നിന്ന് 1.95 ലക്ഷം കോടിയായി. ബി.പി.സി.എല്ലിന്റെ ലാഭമാകട്ടെ 8,243.6 കോടിയില്‍ നിന്ന് 2,297.2 കോടിയായി താഴ്ന്നു. ഇടിവ് 72 ശതമാനം. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ അവസ്ഥയും സമാനമാണ്. 88 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്.
എണ്ണക്കമ്പനികളുടെ ലാഭം ഇടിയുന്നത് കേന്ദ്രം ആശങ്കയോടെയാണ് നോക്കി കാണുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ധന വില്പനയില്‍ നിന്നുള്ള വരുമാനത്തെ കേന്ദ്രം നല്ല രീതിയില്‍ ആശ്രയിക്കുന്നുണ്ട്. ഈ വരുമാനം ഇടിയുന്നത് കേന്ദ്രത്തിന്റെ ഭാവി പദ്ധതികളെ തകിടം മറിക്കും. എണ്ണവില കുറയ്ക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ വൈമനസ്യത്തിന്റെ മുഖ്യ കാരണവും ഇതുതന്നെ.

ആഗോള വിപണി അനിശ്ചിതത്വം

രാജ്യാന്തര വിപണിയില്‍ രണ്ടുദിവസത്തിനിടെ ആറു ശതമാനത്തിനു മുകളിലാണ് എണ്ണവില ഇടിഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ രൂക്ഷത കുറഞ്ഞതാണ് വില പെട്ടെന്ന് താഴാന്‍ കാരണം. ആഗോളതലത്തില്‍ എണ്ണ ഡിമാന്‍ഡ് കുറഞ്ഞു നിന്നപ്പോഴായിരുന്നു ഇറാന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വിടുന്നത്. അന്ന് ക്രൂഡ് വില റോക്കറ്റുപോലെ കുതിച്ചു. പിന്നെ താഴ്ന്നു. ഇസ്രയേല്‍ ഇറാനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ വീണ്ടും വില ഉയര്‍ന്നു. തിരിച്ചടിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്ന് ഇറാന്‍ പരോക്ഷ സൂചന നല്‍കിയതോടെ പഴയ നിരക്കിലും താഴേക്ക് എണ്ണവില ഇടിയുകയും ചെയ്തു.

സാധാരണ എണ്ണവില കൂടുകയും കുറയുകയും ചെയ്യുന്നത് ഉത്പാദനം, ഡിമാന്‍ഡ് എന്നീ ഘടകങ്ങളെ ആശ്രയിച്ചായിരുന്നു. എന്നാല്‍ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇപ്പോഴത്തെ വില അസ്ഥിരതയ്ക്ക് കാരണം. ഇന്ത്യയെ സംബന്ധിച്ച് അത്ര സുഖകരമായ അവസ്ഥയല്ല ഇത്.

പശ്ചിമേഷ്യയില്‍ ചെറിയൊരു തീപ്പൊരി വീണാല്‍ വില കുതിച്ചുയരുന്ന അവസ്ഥയില്‍ ഇന്ധന വില കുറയ്ക്കുന്നത് ആത്മഹത്യാപരമാണെന്ന് കേന്ദ്രത്തിനറിയാം. വില കുറച്ച് ജനപ്രിയമാകുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത് ഇതൊക്കെ തന്നെയാണ്. ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറയുന്നത് എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ചങ്കിടിപ്പേറ്റുമ്പോള്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനും ആശ്വാസമാണ് സമ്മാനിക്കുക.

Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it