ഏപ്രില്‍ മുതല്‍ കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ?

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ തൊഴിൽ നിയമ മാറ്റങ്ങളുടെ ഭാഗമായി പ്രാബല്യത്തിൽ വരുന്ന തൊഴിൽ കോഡിലെ ശമ്പളത്തിന്റെ നിർവചനം മാസ ശമ്പളക്കാർക്ക് വിനയാകുമെന്ന ആശങ്കകൾ വ്യാപകം.

മാസം അവസാനം ജീവനക്കാരുടെ കൈയിൽ ലഭിക്കുന്ന തുകയിൽ പുതിയ നിർവചന പ്രകാരം മൂന്ന് മുതൽ എട്ടു ശതമാനം വരെ കുറവ് വരാമെന്നു ചില വിലയിരുത്തലുകൾ പറയുന്നു. പുതിയ നയം മുൻനിശ്ചയിച്ച പ്രകാരം പ്രാബല്യത്തിൽ വരികയാണെങ്കിൽ ഏപ്രിൽ 1 മുതൽ ഇക്കാര്യം വ്യക്തമാകും.

രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും കുറഞ്ഞ വേതനം നിര്‍ണയിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ വേജ് കോഡ്. ശമ്പളവും ശമ്പളേതര ആനുകൂല്യങ്ങളും നിര്‍വചിക്കുന്നിടത്താണ് പുതിയ പരിഷ്‌കാരത്തിന്റെ മര്‍മം. ഇതുപ്രകാരം തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം മൊത്തം ശമ്പള പാക്കേജിന്റെ 50 ശതമാനമായിരിക്കണം.

പുതിയ ചട്ടങ്ങള്‍ പ്രാവര്‍ത്തികമായാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളത്തില്‍ കുറവുണ്ടാകും. പകരം ശമ്പളേതര വിഭാഗത്തില്‍ ലഭിക്കുന്ന പി എഫ് വിഹിതത്തിലാകും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ധന ലഭിക്കുക. പി എഫില്‍ വര്‍ധനവുണ്ടായാല്‍ പ്രതിമാസം ലഭിക്കുന്ന ശമ്പളത്തില്‍ 3 ശതമാനം മുതല്‍ 8 ശതമാനം വരെ കുറവുണ്ടാകാനിടയുണ്ടെന്ന് എഒണ്‍ ഹെവിറ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് വിശാല്‍ ഗ്രോവര്‍ കരുതുന്നു.

പുതിയ ചട്ടങ്ങല്‍ നിവലില്‍ വരുന്നതോടെ തൊഴില്‍ദാതാക്കള്‍ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ശമ്പളത്തിന്റെ ഘടനയില്‍ മാറ്റം വരുത്തേണ്ടിവരും. ഇത് കമ്പനികള്‍ക്ക് ബാധ്യതയാകുമെന്നാണ് വ്യവസായ ലോകത്തിന്റെ ആശങ്ക. കമ്പനികള്‍ നല്‍കുന്ന വേതനത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളമായി നല്‍കാറില്ല. പുതിയ ചട്ടങ്ങളില്‍ ഭേദഗതി വേണമെന്നാണ് തൊഴില്‍ദാതാക്കള്‍ ആവശ്യപ്പെടുന്നത്. കോവിഡ് ഇപ്പോഴും രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കെ നിയമം നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പുതിയ വേജ് കോഡ് നടപ്പിലാക്കുന്നത് ഒന്നോ രണ്ടോ മാസം കൂടി നീട്ടിവെക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച സൂചനകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണവര്‍. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിയമം രാജ്യത്ത് നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഇക്കാര്യത്തില്‍ ഇനിയും ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.

പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തിരഞ്ഞെടുത്തിരിക്കുന്ന സമയം ഒട്ടും അനുകൂലമല്ലെന്ന് വൗ മോംസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സാഗര്‍ ദര്യാനി പറയുന്നു. കോവിഡ് മഹാമാരിയെ മറികടക്കാന്‍ രാജ്യത്തിന് ഇനിയും സാധിച്ചിട്ടില്ലെന്നും കോവിഡിന്റെ ആഘാതത്തില്‍ നിന്നും വ്യവസായ മേഖല മുക്തി നേടിയിട്ടില്ലെന്നും ദര്യാനി ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുകയാണെങ്കില്‍ എല്ലാവര്‍ക്കും ശ്വാസമെടുക്കാനുള്ള ഒരു സമയം അനുവദിക്കുകയാണ് വേണ്ടതെന്ന് പോളിസി ബസാറിന്റെ എച്ച് ആര്‍ വൈസ് പ്രസിഡണ്ട് ശാംഭവി സോളങ്കി അഭിപ്രായപ്പെട്ടു. മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തിലായിരിക്കും ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരികയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിച്ചതെന്ന് നാസ്‌കോമിലെ ആഷിഷ് അഗര്‍വാള്‍ പറഞ്ഞു. പുതിയ ഭേദഗതികള്‍ പൊതുവില്‍ സ്വാഗതാര്‍ഹമാണെന്നും ഏത് പുതിയ നിയമം നടപ്പിലാക്കുമ്പോഴും തുടക്കത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it