സോവിയറ്റ് ഓര്‍മകള്‍ പേറിയിരുന്ന ലോകത്തെ ഏറ്റവും വലിയ വിമാനം തകര്‍ത്ത് റഷ്യ

യുക്രെയ്‌നില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം തകര്‍ത്ത് റഷ്യ . അന്റോനോവ് 225 മ്രിയ എന്ന വിമാനമാണ് കീവിന് സമീപം ഹോസ്റ്റോമെല്‍ വിമാനത്താവളത്തിലെ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നത്. സ്വപ്നം എന്നാണ് മ്രിയ എന്ന വാക്കിന്റെ അര്‍ത്ഥം.


റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ നാലാം ദിനമാണ് മ്രിയ തകര്‍ന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഉക്രെയ്‌നിന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള Ukroboronprom ഗ്രൂപ്പ് ഞായറാഴ്ചയാണ് വിമാനം തകര്‍ന്ന വിവരം സ്ഥിരീകരിച്ചത്. വിമാനം പുനര്‍നിര്‍മിക്കുമെന്ന് യുക്രെന്‍ അറിയിച്ചിട്ടുണ്ട്. ഏകദേശം 3 ബില്യണ്‍ ഡോളറാണ് വിമാനം പുനര്‍നിര്‍മിക്കാന്‍ ചെലവാകുക. വിമാനം പുനര്‍നിര്‍മിക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷം വേണ്ടിവരും.

സോവിയറ്റ് ഓര്‍മകളുടെ മ്രിയ

32 വീലുകളും ആറ് എന്‍ജിനുകളുമുള്ള ആന്റനോവ് എഎന്‍ - 225 മ്രിയയുടെ ആദ്യ യാത്ര 1988ല്‍ ആയിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനമെന്ന റെക്കോര്‍ഡ് മൂന്ന് പതിറ്റാണ്ടായി മ്രിയ വഹിക്കുന്നു. 1980ല്‍ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് മ്രിയയുടെ നിര്‍മ്മാണം ആരംഭിച്ചത്. ബുറാന്‍ ക്ലാസ് ഓര്‍ബിറ്ററുകളെ വഹിച്ചിരുന്ന ആന്റനോവ് 124 എന്ന വിമാനത്തിന്റെ വലിയ പതിപ്പായാണ് 1988ല്‍ മ്രിയ എത്തിയത്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വിമാനം യാത്ര അവസാനിപ്പിച്ചു. പിന്നീട് യുക്രൈന്റെ തകൈകളിലെത്തിയ വിമാനം 2001ല്‍ ആണ് വീണ്ടും പറന്നത്.

2001 സെപ്റ്റംബര്‍ 11ന് 253.82 ടണ്‍ ഭാരമുള്ള നാല് ബാറ്റില്‍ ടാങ്കുകളുമായി പറന്ന് ഉയര്‍ന്ന മ്രിയ ഇത്രയും ഭാരം ചുമക്കുന്ന ആദ്യ ചരക്കുവിമാനമെന്ന നേട്ടവുമായാണ് ലക്ഷ്യത്തിലെത്തിയത്. 2002ല്‍ ജര്‍മ്മനിയില്‍ നിന്ന് ഒമാനിലേക്കായിരുന്നു വാണിജ്യ ആവശ്യത്തിനുള്ള ആദ്യ സര്‍വീസ്. 2020 ഏപ്രിലില്‍ ചൈനയില്‍ നിന്ന് മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളുമായി പോളണ്ടിലേക്ക് സര്‍വീസ് നടത്തിയ മിയ കൊവിഡ് പോരാട്ടങ്ങളുടെയും ഭാഗമായി.

Related Articles
Next Story
Videos
Share it