10 തരം ജോലികള്‍ ഇല്ലാതാകും; ചുവട് മാറ്റിയില്ലെങ്കില്‍ അടി തെറ്റും; അപ്രത്യക്ഷമാകുന്ന ജോലികള്‍ ഏതൊക്കെ?
90 ലക്ഷം പേരെ ഡിജിറ്റല്‍ മാറ്റം ബാധിക്കും; 1.9 കോടി പുതിയ അവസരങ്ങള്‍ തുറക്കും
ചില ജോലികളൊന്നും ഇനി ഭൂമുഖത്ത് കാണാന്‍ പോലും കിട്ടില്ല. തൊഴില്‍ രംഗത്തെ മാറ്റത്തില്‍ പൂര്‍ണമായും ഇല്ലാതാകുന്ന ജോലികളുടെ കണക്കുകള്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് വിശദമാക്കുന്നത്. 10 ഇനം ജോലികളാണ് അഞ്ചു വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകുക. പകരം സാങ്കേതിക തികവുള്ള പുതിയ ജോലികള്‍ സജീവമാകും. മാറ്റത്തിനെതിരെ പിടിച്ചു നില്ക്കണമെങ്കില് തൊഴിലാളികള്‍ കാലത്തിനൊത്ത തൊഴില്‍ വൈദഗ്ധ്യം നേടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇല്ലാതാകുന്നത് പരമ്പരാഗത ജോലികള്‍
2030 ആകുമ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണമായും ഇല്ലാതാകുന്നത് പരമ്പരാഗതമായ 10 ഇനം ജോലികളാകുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറം ചൂണ്ടിക്കാട്ടുന്നത്. പോസ്റ്റല്‍ സര്‍വീസ് ക്ലര്‍ക്ക്, ബാങ്ക് ടെല്ലര്‍-അനുബന്ധ ജോലികള്‍, ഡാറ്റ എന്‍ട്രി ക്ലര്‍ക്ക്, കാഷ്യര്‍/ ടിക്കറ്റ് ക്ലര്‍ക്ക്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രിന്റിംഗ് അനുബന്ധ ജോലികള്‍, ബുക്ക് കീപ്പിംഗ്/ പേ റോള്‍ ക്ലര്‍ക്ക്, സ്റ്റോക്ക് കീപ്പിംഗ് ക്ലര്‍ക്ക്, ട്രാന്സ്പോര്ട്ടേഷന് അറ്റന്റര്‍/ കണ്ടക്ടര്‍മാര്‍, ഡോര്‍ ടു ഡോര്‍ സെയില്‍സ് വര്‍ക്കേഴ്സ്/ വഴിയോര കച്ചവടക്കാര്‍ എന്നീ ജോലികള്‍ ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം ഗ്രാഫിക് ഡിസൈനിംഗ് ഉള്‍പ്പടെയുള്ള ക്രിയേറ്റീവ് ജോലികളും വൈകാതെ പുതിയ തൊഴില്‍ രൂപത്തിലേക്ക് മാറും. ഓട്ടോമേഷന്‍, ഡിജിറ്റല്‍ പെയ്മെന്റ്, സെല്‍ഫ് സര്‍വീസ് ടെക്നോളജി എന്നിവയുടെ വളര്‍ച്ചയാണ് ഈ ജോലികള്‍ക്ക് ഭീഷണിയാകുന്നത്.
ഡിജിറ്റല്‍ ആകാതെ രക്ഷയില്ല
ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങളാണ് തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടവരുത്തുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2030 ഓടെ ലോകത്ത് 39 ശതമാനം തൊഴിലുകളുടെ രുപം മാറും. ഈ മാറ്റം 90 ലക്ഷം പേരെ ബാധിക്കും. അതേസമയം 1.9 കോടി പേര്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ തുറക്കും. എഐയും ഡാറ്റ പ്രൊസസിംഗും 1.1 കോടി തൊഴിലവസരങ്ങള്‍ തുറക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യ മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരാണ് 90 ലക്ഷം പേരില്‍ ഭൂരിഭാഗവും. 2030 ഓടെ ലോകത്ത് തൊഴില്‍ വിപണി 14 ശതമാനം വളരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.