Top

അവസരങ്ങള്‍ തുറന്നിട്ട് ആഫ്രിക്ക

തിറ്റാണ്ടുകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം ഏതാണ്ട് അവസാനിച്ചതോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിക്ഷേപകരുടെ വളക്കൂറുള്ള മണ്ണാവുകയാണ്. ഇരുണ്ട ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ ഇതിനകം നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 120 ഓളമാണ്. ഇതില്‍ മലയാളികളുടെ സ്ഥാപനങ്ങളുമുണ്ട്. ലോകത്തെ വിലകൂടിയ മാര്‍ക്കറ്റായ യൂറോപ്പിന്റെ സാമീപ്യമാണ് ആഫ്രിക്കയിലെ വ്യവസായങ്ങള്‍ക്ക് അനുകൂലമായ പ്രധാന ഘടകം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍, അമേരിക്കന്‍ മാര്‍ക്കറ്റുകളില്‍ ഡ്യൂട്ടിയില്ല എന്നുള്ളതും ആകര്‍ഷക ഘടകമാണ്.

കൃഷിയും അനുബന്ധ വ്യവസായങ്ങളും

രാഷ്ട്രീയമായി സ്ഥിരത കൈവരിച്ചതോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനമടക്കമുള്ള അടിസ്ഥാന വികസനത്തിന് വന്‍ മുതല്‍മുടക്ക് വേണ്ടി വരുന്നുണ്ട്. എന്നാല്‍ പട്ടിണി പാവങ്ങളുടെ നാട്ടില്‍ ഇതിനുളള പണം ആഭ്യന്തരമായി കണ്ടെത്തുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് വന്‍ നികുതി ഇളവും മറ്റും നല്‍കി നിക്ഷേപകരെ അങ്ങോട്ടാകര്‍ഷിക്കുന്നത്. 70 ശതമാനം ആഫ്രിക്കക്കാരും കാര്‍ഷിക വൃത്തിയില്‍ നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്. ലോകത്തിലെ എറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയില്‍ 30 ശതമാനവും ആഫ്രിക്കയ്ക്ക് സ്വന്തമാണ്. കൂടാതെ ലോകത്തെ ഇനിയും ഉപയോഗിക്കാത്ത 60 ശതമാനം കൃഷിഭൂമിയും ഇവിടെയാണ്. ആവശ്യത്തിന് ജലലഭ്യതയുമുണ്ട്. ഭൂമി ദീര്‍ഘകാല പാട്ടത്തിന് ലഭിക്കുമെന്നതാണ് പ്രത്യേകത. ഏക്കറിന് നൂറു രൂപയില്‍ താഴെയേ പാട്ടസംഖ്യ വരുവെന്നാണ് ഫാം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയായ സ്‌െറ്റര്‍ലിംഗ് ഫാംസ് റിസര്‍ച്ച് ആന്‍ഡ് സര്‍വീസസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ശിവദാസ് ബി. മേനോന്‍ പറയുന്നത്. തൊഴില്‍ ചെലവും കുറവാണ്. 80 രൂപയാണ് ശരാശരി കൂലി. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനം പലിശയ്ക്ക് ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്ക് വായ്പ നല്‍കുന്നുണ്ട്. ഹൈദരാബാദുകാരനായ രാം കൃഷ്ണ കതൂരി ഒരു ലക്ഷം ഏക്കറിലാണ് എത്യോപ്യയില്‍ ഇങ്ങനെ പൂക്കള്‍ കൃഷി ചെയ്യുന്നത്. പള്‍സസ്, റബര്‍, കോട്ടണ്‍ എന്നിവ കൃഷി ചെയ്യാന്‍ പറ്റിയ മണ്ണാണ് എത്യോപ്യയിലേത്. കെനിയയിലും ഇത്തരം സാധ്യതകളുണ്ടെങ്കിലും സൂരക്ഷിതത്വം പ്രശ്‌നമാണെന്ന് ശിവദാസ് ബി.

മേനോന്‍ പറയുന്നു.

ആഫ്രിക്കയിലെ കശുവണ്ടിയാണ് കൊല്ലത്തെത്തിച്ച് വാല്യൂ ആഡഡ് ഉല്‍പ്പന്നങ്ങളാക്കി യൂറോപ്പിലും മറ്റും അയയ്ക്കുന്നത്. അവിടെ നിന്നുള്ള കശുവണ്ടി കുറഞ്ഞ ചെലവില്‍ അവിടെ തന്നെ പ്രോസസ് ചെയ്യാവുന്നതേയുള്ളു. അസംസ്‌കൃത കശുവണ്ടി കേരളത്തിലെത്തിച്ച് അന്തിമ ഉല്‍പ്പന്നങ്ങളാക്കി തിരിച്ച് യൂറോപ്യന്‍ മാര്‍ക്കറ്റിലെത്തിക്കുന്നതിനുള്ള ചെലവ് ഈ രീതിയില്‍ ഒഴിവാക്കാം.

ഫാര്‍മ

സൗത്ത് ആഫ്രിക്കയിലെ പൂക്കളുടെ ഏറ്റവും വലിയ വ്യാപാരി മലയാളിയായ മാമന്‍ ചാക്കോയാണ്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളാണവ. വിദേശ മാര്‍ക്കറ്റില്‍ സ്‌ട്രോബറിയുടെ സാധ്യത മനസിലാക്കി ആഡിസ് അബാബെയില്‍ കൃഷി തുടങ്ങാന്‍ ഒരുങ്ങുകയാണ് മാമന്‍ ചാക്കോ. ഇന്‍ഫ്രാസ്ട്രക്ചര്‍, അഗ്രികള്‍ച്ചര്‍, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ടൂറിസം തുടങ്ങിയ മേഖലകളിലും ആഫ്രിക്കയില്‍ സാധ്യകള്‍ ഏറെയാണ്. ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കാണ് ഉഗാണ്ട സര്‍ക്കാര്‍ നിക്ഷേപകരെ തേടുന്നത്. ഉഗാണ്ട അവരുടെ മെഡിസിന്റെ 30 ശതമാനവും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോഴും ചെലവു കുറഞ്ഞ ചികിത്സയ്ക്കുള്ള പ്രധാന ഹബ്ബാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ഫാര്‍മ അനുബന്ധമേഖലകളില്‍ സാധ്യത ഏറെയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മൗറീഷ്യസ്, ഉഗാണ്ട, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലും നിക്ഷേപ സാധ്യതകള്‍ ഏറെയുണ്ട്.

ആഫ്രിക്കയിലെ നിക്ഷേപത്തിന് വിശ്വസ്തനായ ലോക്കല്‍ പാര്‍ട്ട്ണറെ കണ്ടെത്തുകയാണ് പ്രധാനം. അതാത് സ്ഥലത്തെ ചേംബര്‍ ഓഫീസുകള്‍ വഴി ഫിക്കി (എകഇഇക - ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) അതിനുള്ള സൗകര്യങ്ങള്‍ നല്‍കും. കൂടാതെ അതാതിടത്തെ ഇന്ത്യന്‍ എംബസികളുമായും ഇന്ത്യയിലെ അവരുടെ ഓഫീസുകളുടെ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗവുമായും ബന്ധപ്പെടാനുള്ള സൗകര്യവും നല്‍കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it