വൈദ്യുത വാഹന ചാർജിംഗ് കേന്ദ്രങ്ങൾ, കേരളത്തിൽ പുതിയ ബിസിനസ് സാധ്യതകൾ

കേരളത്തിൽ വൈദ്യുത വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വൈദ്യുത വാഹന ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്തിൽ പുതിയ ബിസിനസ് സാധ്യതകൾ തെളിയുന്നു. നിലവിൽ 30,000 വൈദ്യുത വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.

സംസ്ഥാന വൈദ്യുതി ബോർഡും, അനെർട്ടും (ANERT) പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ കൂടാതെ കൂടാതെ സ്വകാര്യ കമ്പനികളും ഈ രംഗത്ത് സജീവമാകുകയാണ്.

സംസ്ഥാന വൈദ്യുതി ബോർഡ് 30 ചാർജിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു, ഇനി 32 എണ്ണം കൂടി സ്ഥാപിക്കും. വൈദ്യുതി പോളുകളിൽ ഘടിപ്പിച്ച ചാർജിംഗ് സംവിധാനം 1562 എണ്ണം സ്ഥാപിക്കാൻ കെ എസ് ഇ ബി ഉദ്ദേശിക്കുന്നു, അതിൽ 412 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. ഏകദേശം 10 കോടി രൂപ ചെലവിലാണ് വൈദ്യുത ചാർജിംഗ് കേന്ദ്രങ്ങൾ കെ എസ് ഇ ബി സ്ഥാപിക്കുന്നത്. അനെർട്ട് 14 ചാർജിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചതിൽ 2 എണ്ണം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതാണ്. ഈ വർഷം 36 എണ്ണം സ്ഥാപിക്കുന്നതിൽ 16 എണ്ണം സൗരോർജ്ജം ഉപയോഗിച്ചുള്ളതാകും.

ഇന്ത്യൻ ഓയിൽ പമ്പുകളിൽ 82 എണ്ണത്തിൽ വൈദ്യുത വാഹന ബാറ്ററി ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് , തിരുവന്തപുരത്തും, കോഴിക്കോടും ബാറ്ററി സ്വാപ്പിംഗ് (Battery Swapping -ബാറ്ററി പകരം നൽകുന്ന സംവിധാനം) കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിലിന് 1150 പമ്പുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇവിടെയെല്ലാം വൈദ്യുത ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സ്വകാര്യ സംരംഭകരെ ക്ഷണിച്ചിട്ടുണ്ട്. നിലവിൽ 120 പമ്പുകളിൽ ചാർജിംഗ് സംവിധാനവും 18 എണ്ണത്തിൽ ബാറ്ററി സ്വാപ്പിംഗ് കേന്ദ്രവും സ്ഥാപിക്കുന്നു.

പൊതുമേഖല സ്ഥാപനങ്ങളെ കൂടാതെ സ്വകാര്യ കമ്പനികളും ഇ വി ചാർജിംഗ്, ബാറ്ററി സ്വാപ്പിംഗ് കേന്ദ്രങ്ങൾ കേരളത്തിൽ സ്ഥാപിക്കുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ ഫാസ്റ്റ് ചാർജിംഗ് സംവിധാനം തിരുവനതപുരത്ത് സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചത് ഡെൽറ്റ ഇലക്ട്രോണിക്സ് എന്ന സ്ഥാപനമാണ് . ഈ കമ്പനി 6000 ഇ വി ചാർജറുകൾ വിവിധ സംസ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.

വെല്ലുവിളികൾ
1. സ്വകാര്യ സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളി, ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കന്നതിൽ നേരിടുന്ന ഉയർന്ന പ്രാരംഭ ചെലവുകളാണ്. 50 കിലോ വാട്ട് (50 kV) മെഷീനും, 100 kV ട്രാൻസ്‌ഫോർമറും സ്ഥാപിക്കാൻ പ്രാരംഭ ചെലവ് 20 ലക്ഷം രൂപ യാണ് . വൈദ്യുതി ബോർഡിന് നൽകേണ്ട നിശ്ചിത ചാർജ് 5000 രൂപയാണ്. ഇത് സ്വകാര്യ സംരംഭകർക്ക് ലാഭകരമല്ല. വിവിധ സംസ്ഥാനങ്ങൾ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സബ്‌സിഡി നൽകുന്നത് പരിഗണിക്കുകയാണ്. ചില സംസ്ഥാനങ്ങൾ ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 15,000 രൂപ വരെ സബ്‌സിഡി നൽകുന്നുണ്ട്.

2. നിലവിൽ വൈദ്യുതി ചാർജിംഗ് കേന്ദ്രങ്ങളിൽ ഉപയോഗ നിരക്ക് വളരെ കുറവാണ്. വാഹനങ്ങൾ വർധിച്ചാൽ മാത്രമേ ചാർജിംഗ് ഡിമാൻറ്റ് ഉയരുകയുള്ളു.

3. ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുണ്ട് - 9 മാസം വരെ വൈകുന്നു. ഒരാഴ്ചക്കുള്ളിൽ അനുമതി നൽകുന്ന സംവിധാനം നടപ്പാക്കാൻ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

4. ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കൂടുതൽ ബാങ്ക് വായ്‌പകളും ലഭ്യമാകണം.

5. ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് സബ്‌സിഡിയും ബാങ്ക് വായ്‌പയും ലഭ്യമാക്കിയാൽ വിൽപ്പന കൂട്ടാൻ സാധിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it