ജര്‍മ്മനിയുടെ പുതിയ കുടിയേറ്റ പദ്ധതി; തൊഴിലവസരങ്ങള്‍ കൂടും
യൂറോപ്പിലെ ഏറ്റവും സമ്പന്ന രാജ്യമായ ജര്‍മ്മനിയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുമായി ചാന്‍സലര്‍ (പ്രധാനമന്ത്രി) ഒലാഫ് ഷോള്‍സിന്റെ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം, നൈപുണ്യ പരിശീലനം തുടങ്ങിയവയെക്കുറിച്ചുള്ള കരട് പരിഷ്‌കാരങ്ങള്‍ ജര്‍മ്മനി പുറത്തിറക്കി.
20 ലക്ഷത്തോളം ഒഴിവുകള്‍
വൈദഗ്ധ്യമുള്ള തൊഴില്‍ അടിത്തറ ഉറപ്പാക്കുക എന്നത് വരും വര്‍ഷങ്ങളില്‍ ജര്‍മ്മനിയുടെ ഏറ്റവും വലിയ സാമ്പത്തിക കടമകളിലൊന്നാണെന്ന് തൊഴില്‍ മന്ത്രി ഹബെര്‍ട്ടസ് ഹെയ്ല്‍ പറഞ്ഞു. 2022 ലെ ഔദ്യോഗിക കണക്കനുസരിച്ച് ജോലി ഒഴിവുകളുടെ എണ്ണം 20 ലക്ഷത്തിനടുത്താണ്.
യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 60,000 തൊഴിലവസരങ്ങള്‍ നല്‍കാനാകുമെന്ന് ഈ നിയമത്തില്‍ പറയുന്നു. കുടിയേറ്റ നയത്തിന് ഇതൊരു പുതിയ തുടക്കമാണെന്ന് ധനമന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍ അറിയിച്ചു. പരിഷ്‌കാരങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
മൂന്ന് രീതികളില്‍ പ്രവേശിക്കാം
ഇനി വിദേശ തൊഴിലാളികള്‍ക്ക് ജര്‍മ്മനിയില്‍ മൂന്ന് രീതികളില്‍ പ്രവേശിക്കാനുള്ള അവസരം ലഭിക്കും. ആദ്യത്തേതില്‍ ജര്‍മ്മനിയില്‍ അംഗീകൃതമായ ഒരു പ്രൊഫഷണല്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി ബിരുദവും തൊഴില്‍ കരാറും ആവശ്യമാണ്. രണ്ടാമത്തേതിന് ഒരു തൊഴില്‍ മേഖലയില്‍ ജോലി ചെയ്ത് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയവും ബിരുദമോ തൊഴിലധിഷ്ഠിത പരിശീലനമോ ആവശ്യമാണ്. മൂന്നാമത്തേത് തൊഴില്‍ ലഭിക്കാത്തും എന്നാല്‍ ജോലി കണ്ടെത്താന്‍ സാധ്യതയുള്ളതുമായ വ്യക്തികള്‍ക്കുള്ള പുതിയ 'അവസര കാര്‍ഡ്' (opportunity card) ആണ്.
ജര്‍മ്മനിയിലേക്ക് പോകുന്നവര്‍
വിദ്യാഭ്യാസത്തിനും തൊഴില്‍ തേടിയും ജര്‍മ്മനിയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. പൊതു സര്‍വ്വകലാശാലകളില്‍ സൗജന്യമായി പഠിക്കാം എന്നതാണ് ജര്‍മ്മനിയെ ഇഷ്ടയിടങ്ങളില്‍ ഒന്നാക്കുന്നത്. മുന്നൂറോളം സര്‍വകലാശാലകളിലായി ആയിരത്തോളം കോഴ്സുകള്‍ ഇവിടെ സൗജന്യമായി പഠിക്കാം. ഇംഗ്ലീഷിലും കോഴ്സുകള്‍ ലഭ്യമാണെങ്കിലും, അവിടെ ജോലി ലഭിക്കാന്‍ നല്ലത് ജര്‍മ്മന്‍ ഭാഷയില്‍ പഠിക്കുന്നതാണ്.
നിരവധി പേര്‍ കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്ക് പോകുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് അവിടെ അവസരങ്ങള്‍ ഏറെയാണ്. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നവരുമുണ്ട്. പോളിടെക്ക്നിക്ക് കോഴ്സുകള്‍ പഠിച്ച ശേഷം വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ലഭിച്ച് ജര്‍മ്മനിയിലേക്ക് പോകുന്നവരും ഏറെയാണ്. മെഡിക്കല്‍, ടെക്ക്നിക്കല്‍, ഐടി രംഗങ്ങളിലാണ് കൂടുതല്‍ അവസരങ്ങളെങ്കിലും ഹ്യുമാനിറ്റീസ് വിഷയങ്ങളിലടക്കം അവസരങ്ങള്‍ ജര്‍മ്മനിയിലുണ്ട്.