സാമ്പത്തികാസൂത്രണം എളുപ്പമാക്കാം: ഈ 5 സത്യങ്ങള്‍ അറിഞ്ഞാൽ

ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കണം, വ്യക്തിഗത വായ്പയുടെ അടവ് തെറ്റിക്കിടക്കുന്നു, ബില്‍ പേമെന്റുകള്‍ ബാക്കിയിരിക്കുന്നു... ചെലവിനനുസരിച്ച് പണം കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നത്തിലാണോ?

മോശമായ സാമ്പത്തിക ആസൂത്രണമാണ് കടത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കും റിട്ടയര്‍മെന്റിന് ശേഷം ആവശ്യമായ പണം കണ്ടെത്താനാവാത്തതിനും ഒക്കെ കാരണമാകുന്നത്. നിങ്ങളുടെ ബാങ്ക് എക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ബില്ലുകളെ കുറിച്ചോ മറ്റു ചെലവുകളെ കുറിച്ചോ ആധിയില്ലാതെ തന്നെ ജീവിക്കാനാകും. അതിന് ഏതൊരാള്‍ക്കും കഴിയും എന്നതാണ് ശുഭകരമായ കാര്യം.

സാമ്പത്തികാസൂത്രണം എളുപ്പത്തില്‍ സാധ്യമാക്കാന്‍ ഒരു ഘടന ഉണ്ടാക്കുക എന്നതാണ് പ്രധാനം. ഈ അഞ്ചു സത്യങ്ങള്‍ മനസ്സിലാക്കുക, നിങ്ങളുടെ പണം നേരായ വിധത്തിലാണോ ആസൂത്രണം ചെയ്തിരിക്കുന്നത് എന്നറിയാന്‍.

1. സാമ്പത്തിക നിരക്ഷരതയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും

ലോകത്തിലെ 17.5 ശതമാനം പേരും വസിക്കുന്നത് ഇന്ത്യയിലാണ്. എന്നാല്‍ അവരില്‍ 76 ശതമാനം പേര്‍ക്കും സാമ്പത്തിക കാര്യങ്ങളില്‍ അടിസ്ഥാന വിവരം പോലുമില്ല സാമ്പത്തികമായ അല്‍പ്പജ്ഞാനം വിനാശകരമാണ്. നിക്ഷേപ പോര്‍ട്ട്‌ഫോളിയോ, റിട്ടയര്‍മെന്റ് കോര്‍പ്പസ്, ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങി വിവിധ സാമ്പത്തിക മാര്‍ഗങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാവാം.

എന്നാല്‍ വിവേക പൂര്‍ണവും കൃത്യവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് പണത്തെ കുറിച്ച് നിങ്ങള്‍ക്ക് മതിയായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടോ? സാമ്പത്തിക സാക്ഷരത കാലികമായ അടിത്തറയായി വര്‍ത്തിക്കുകയും പണത്തെ കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യും. അത് നിങ്ങളുടെ ജീവിതത്തിലെ നാഴികക്കല്ലുകള്‍ വിജയകരമായി പിന്നിടുന്നതിന് സഹായിക്കും.

2. പത്തു ശതമാനം നിക്ഷേപിച്ചാലൊന്നും റിട്ടയര്‍മെന്റ് കാലത്ത് മതിയാകില്ല.

വേള്‍ഡ് ഇക്കമോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് 1990 മുതല്‍ ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 11 വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. നിങ്ങളുടെ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടിലെയും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെയും നിക്ഷേപത്തിനപ്പുറമാണ് റിട്ടയര്‍മെന്റ് പ്ലാന്‍. നിങ്ങളുടെ റിട്ടയര്‍മെന്റ് കോര്‍പ്പസ് എത്രയായിരിക്കുമെന്ന് എന്നെങ്കിലും കണക്കുകൂട്ടിയിട്ടുണ്ടോ? റിട്ടയര്‍മെന്റ് പ്ലാന്‍ തയാറാക്കാന്‍ ഇത് അത്യാവശ്യമാണ്.

കണക്കു കൂട്ടിയവര്‍ വര്‍ധിച്ചിരിക്കുന്ന ആയുര്‍ദൈര്‍ഘ്യം കൂടി കണക്കിലെടുത്താണോ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്ന് നോക്കണം. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെന്നാല്‍ റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിത കാലയളവ് വര്‍ധിച്ചുവെന്നാണ് അര്‍ത്ഥം. കൂടുതല്‍ വര്‍ഷം മികച്ച രീതിയില്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കണമെങ്കില്‍ അതിനനുസരിച്ച സമ്പാദ്യം ഉണ്ടായിരിക്കണം. ശരിയായ രീതിയില്‍ നേരത്തെ തന്നെ നിക്ഷേപം തുടങ്ങിയാല്‍ മാത്രമേ റിട്ടയര്‍മെന്റ് കാലത്ത് മികച്ച സമ്പാദ്യം ഉണ്ടാവുകയുള്ളൂ.

3. വൈകിയുള്ള നിക്ഷേപം പണം നഷ്ടപ്പെടുത്തും

വൈകി നടത്തിയ നിക്ഷേപം മൂലം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടുണ്ടോ? ഒരു പക്ഷേ ഉണ്ടായേക്കാം. വലിയ റിസ്‌ക് എടുക്കുകയും 20 ശതമാനം വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുക എന്നതല്ല വിജയകരമായ നിക്ഷേപം കൊണ്ട് ഉദ്ദേശിക്കുന്നത്. സുരക്ഷിത മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് കോമ്പൗണ്ടിംഗിലൂടെ പണം വളര്‍ത്താന്‍ നിങ്ങള്‍ക്കാകും. കോമ്പൗണ്ടിംഗ് എന്ന ആശയം ലളിതമാണ്, അതോടൊപ്പം പവര്‍ഫുള്ളും.

നിക്ഷേപം വൈകിക്കുന്നതിലൂടെ ദീര്‍ഘകാല നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം കോമ്പൗണ്ടിംഗിലൂടെ പെരുകേണ്ട തുകയിലാണ് വന്‍ കുറവ് വരുന്നത്. ഇക്കാര്യത്തില്‍ മൂന്നു കാര്യങ്ങള്‍ പിന്തടുരുക. 1. നേരത്തേ തുടങ്ങുക. 2. ക്ഷമയോടെ കാത്തിരിക്കുക. 3. നിങ്ങള്‍ക്ക് കഴിയുന്നതിന്റെ പരമാവധി നിക്ഷേപിച്ച് കോമ്പൗണ്ടിംഗിന്റെ മാന്ത്രികതകയ്ക്കായി കാത്തിരിക്കുക.

ഉദാഹരണത്തിന്, ഒരാള്‍ പ്രതിമാസം 2000 രൂപ വെച്ച് 35 വയസ്സു മുതല്‍ നിക്ഷേപിച്ചു തുടങ്ങുകയാണെന്നിരിക്കട്ടെ. 25 വര്‍ഷം കഴിഞ്ഞ് 26.8 ലക്ഷം രൂപ തിരിച്ചു കിട്ടും. അതേസമയം 25 ാമത്തെ വയസ്സിലാണ് നിക്ഷേപം തുടങ്ങിയതെങ്കില്‍ ഇതേ പ്രായമാകുമ്പോള്‍ (35 വര്‍ഷത്തിനു ശേഷം) 76.6 ലക്ഷം രൂപ കിട്ടും.

4. പണപ്പെരുപ്പ ചെലവ് നിങ്ങളുടെ വരുമാനത്തെ ബാധിക്കും

സാമ്പത്തിക സാക്ഷരതയുടെ അഭാവം സമ്പത്ത് സൃഷ്ടിക്കുന്നതിലും സുരക്ഷിതമായ പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കുന്നതിലും വലിയ തടസ്സമായി നിലകൊള്ളുന്നു. നിക്ഷേപകര്‍ പലപ്പോഴും അവഗണിക്കുന്ന ഇത്തരമൊരു ഘടകമാണ് പണപ്പെരുപ്പം. പണപ്പെരുപ്പ ചെലവ് നിങ്ങളുടെ നിങ്ങളുടെ വരുമാനത്തെയും ബാധിക്കും. നിങ്ങളിപ്പോള്‍ ജീവിക്കുന്ന അതേ ജീവിത ശൈലി തന്നെ റിട്ടയര്‍മെന്റിനു ശേഷവും തുടരുവാനാകും ആഗ്രഹിക്കുക.

എന്നാല്‍ ഭക്ഷണത്തിനും പെട്രോളിനും വിമാനനിരക്കിന്റെ കാര്യത്തിലും പണപ്പെരുപ്പം കാരണം വര്‍ധനവ് ഉണ്ടാകുകയും അത് നിങ്ങളുടെ ജീവിതച്ചെലവ് ഉയര്‍ത്തുകയും ചെയ്യും. ഇത്തരത്തിലുള്ള വര്‍ധന നികത്താന്‍ പ്രാപ്തമായ വരുമാനം അന്ന് ലഭിക്കണം. പണപ്പെരുപ്പ നിരക്കിനെ അതിജീവിക്കുന്ന തരത്തിലുള്ള വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നതാണ് പ്രധാനം.

5. പൊതു സാമ്പത്തിക അബദ്ധങ്ങള്‍ സാമ്പത്തികാസൂത്രണത്തെ തകിടം മറിക്കും

സാമ്പത്തികപരമായ തെറ്റുകള്‍ വരുത്താന്‍, നമുക്ക് വലിയ ജീവിത കാലയളവൊന്നുമില്ലെന്ന് മനസ്സിലാക്കണം. സ്വയം പരീക്ഷിച്ചറിയാന്‍ കാത്തു നില്‍ക്കാതെ മറ്റുള്ളവര്‍ വരുത്തിയ അബദ്ധങ്ങളില്‍ നിന്ന് പഠിക്കുകയാവും ഉചിതം. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കുക. ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ സ്ഥിര നിക്ഷേപത്തിനേക്കാളും ഇഎല്‍എസ്എസിനേക്കാളും നല്ലത് ചൈല്‍ഡ് പ്ലാനുകളാണ്.

കുറേ മാര്‍ഗങ്ങളില്‍ ഒരേ സമയം നിക്ഷേപിക്കുന്നതും ആഗ്രഹിക്കുന്ന തരത്തില്‍ റിട്ടേണ്‍ ലഭിക്കാന്‍ തടസ്സമാകും. മികച്ച പ്രകടനം നടത്തുന്നതും അല്ലാത്തതുമായ നിക്ഷേപങ്ങളെ കണ്ടെത്തി ആവശ്യത്തിനനുസരിച്ച് മാറ്റി നിക്ഷേപിക്കുകയാണ് നല്ലത്.

കണക്കു കൂട്ടിയുള്ള തീരുമാനങ്ങളിലൂടെയാണ് പ്രശ്‌നങ്ങളൊഴിഞ്ഞ സാമ്പത്തിക ജീവിതം യാഥാര്‍ത്ഥ്യമാകുന്നത്. ബുദ്ധിപരമായ സാമ്പത്തികാസൂത്രണം എന്നതിലൂടെ ഉദ്ദേശിക്കുന്നത് നിങ്ങള്‍ ശരിയായ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്നതു മാത്രമല്ല, നിങ്ങള്‍ അധ്വാനിച്ച് നേടിയ പണത്തില്‍ നിന്ന് പരമാവധി നേട്ടം ഉണ്ടാക്കാനാകുന്നുണ്ടോ എന്നതു കൂടിയാണ്.

കടപ്പാട്: മണിലൈഫ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it