40 ശതമാനം വരെ തിരിച്ചടയ്‌ക്കേണ്ട; നേടാം സംരംഭങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റ്

പുതുതായി സംരംഭം തുടങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. സംരംഭകര്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് എന്ന പേരില്‍ പുതിയ ധനസഹായ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാന വ്യവസായ വകുപ്പ്. ഇതിനായി 250 ലക്ഷം രൂപ ഈ സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ചിട്ടുമുണ്ട്.

എന്താണ് പദ്ധതി?

2012 വരെ നിലവിലുണ്ടായിരുന്ന മാര്‍ജിന്‍ മണി ലോണ്‍ എന്ന പദ്ധതി നിര്‍ത്തിയതിനു ശേഷം സംസ്ഥാന തലത്തില്‍ സംരംഭകര്‍ക്ക് ഗുണകരമായൊരു പദ്ധതി ഇതുവരെയും ഉണ്ടായിരുന്നില്ല. ഇഎസ്എസ് സ്‌കീം അടക്കം പല പദ്ധതികളും നിലവില്‍ വന്നെങ്കിലും സബ്‌സിഡി കിട്ടാനുള്ള കാലതാമസമൊക്കെ അതിന്റെ ആകര്‍ഷണത്വം കുറച്ചിരുന്നു. എന്നാല്‍ പുതുതായി ആരംഭിച്ച മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി സംരംഭകര്‍ക്ക് ഏറെ ഗുണകരമാകും. സംരംഭം തുടങ്ങാന്‍ ആവശ്യമായ തുകയുടെ 40 ശതമാനം വരെ തിരിച്ചടക്കേണ്ടതില്ലാത്ത ഗ്രാന്റ് ആയി നല്‍കുന്ന പദ്ധതിയാണിത്. ആകെ ചെലവ് വരുന്ന തുകയുടെ 30-40 ശതമാനം ഇങ്ങനെ ഗ്രാന്റായി നല്‍കുമ്പോള്‍ 20-30 ശതമാനം തുക മാത്രം സംരംഭകര്‍ തങ്ങളുടെ വിഹിതമായി ചെലിട്ടാല്‍ മതി.

ആര്‍ക്ക് ലഭിക്കും?

10 ലക്ഷം രൂപ വരെ മുതല്‍മുടക്ക് വരുന്ന നാനോ സംരംഭങ്ങള്‍ക്കായാണ് പദ്ധതി. ഭൂമി, കെട്ടിടം, മെഷിനറി തുടങ്ങിയ ഫിക്‌സസ്ഡ കാപിറ്റല്‍, പ്രവര്‍ത്തന മൂലധനം എന്നിവയിന്മേല്‍ സഹായം ലഭ്യമാകും. ഉല്‍പ്്പാദനം, സേവനം, ജോബ് വര്‍ക്ക് തുടങ്ങിയ ഏതു മേഖലയിലും സംരംഭമാകാം.

രണ്ടു കാറ്റഗറി തിരിച്ചാണ് ഗ്രാന്റ് അനുവദിക്കുന്നത്. സ്ത്രീകള്‍, വിമുക്തഭടന്മാര്‍, അംഗപരിമിതര്‍, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ എന്നിവരെ സ്‌പെഷ്യല്‍ കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. ഇവര്‍ക്ക് 40 ശതമാനം ഗ്രാന്റ് ലഭിക്കും. ഇങ്ങനെ പരമാവധി ലഭിക്കുന്ന തുക നാല് ലക്ഷമാണ്. 40 ശതമാനം വായ്പയായും 20 ശതമാനം സ്വന്തം വിഹിതമായും കരുതണം. ജനറല്‍ കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് 30 ശതമാനമാണ് ഗ്രാന്റായി ലഭിക്കുക. 40 ശതമാനം വായ്പയും 30 ശതമാനം ഉപഭോക്തൃ വിഹിതമായും എടുക്കണം.

എപ്പോള്‍ ലഭിക്കും?

സംരംഭം തുടങ്ങുന്നതിന് മുമ്പു തന്നെ ഗ്രാന്റ് ലഭ്യമാകും എന്നതാണ് പ്രധാന പ്രത്യേകത. വായ്പയുമായി ബന്ധപ്പെട്ട ക്രെഡിറ്റ് ലിങ്ക് സ്‌കീം ആണിത്. സബ്‌സിഡി ലഭിച്ച് ആറു മാസത്തിനുള്ളില്‍ സംരംഭം തുടങ്ങിയാല്‍ മതി. മതിയായ കാരണങ്ങളുണ്ടെങ്കില്‍ ഈ കാലവധി നീട്ടി നല്‍കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് അധികാരമുണ്ട്. മൂന്നു വര്‍ഷമെങ്കിലും സംരംഭം പ്രവര്‍ത്തിക്കണമെന്നും വ്യവസ്ഥയുണ്ട്.

എന്തു ചെയ്യണം?

പദ്ധതി പ്രകാരം ഗ്രാന്റ് ലഭ്യമാകാന്‍ നിങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ വിശദാംശങ്ങളുമായി താലൂക്ക് വ്യവസായ കേന്ദ്രത്തെ സമീപിക്കുക. അവര്‍ ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയാറാക്കി ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാം. വായ്പ അനുവദിച്ചതിന്റെ രേഖകള്‍ക്കൊപ്പം മെഷിനറി ഇന്‍വോയ്‌സ്, പ്രോജക്ട് റിപ്പോര്‍ട്ട്, കാഷ് ബില്‍, കെട്ടിടം സ്വന്തമാണെങ്കില്‍ അത് തെളിയിക്കുന്ന രേഖ, വാടകയ്ക്കാണെങ്കില്‍ വാടകച്ചീട്ട് എന്നിവ താലൂക്ക് വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിച്ചാല്‍ അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് അയക്കും. അദ്ദേഹമാണ് ഗ്രാന്റ് അനുവദിച്ച് അതാത് ധനകാര്യ സ്ഥാപനത്തിലേക്ക് അയക്കുക.


സംരംഭം തുടങ്ങിയില്ലെങ്കില്‍

ഗ്രാന്റ് അടക്കമുള്ള വായ്പ ലഭ്യമായി സംരംഭം തുടങ്ങിയില്ലെങ്കിലോ, സംരംഭം തുടങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍ത്തിയെങ്കിലോ നടപടി നേരിടേണ്ടി വരും. മറ്റെന്തെങ്കിലും തട്ടിപ്പിലൂടെ ഗ്രാന്റ് അനധികൃതമായി കൈക്കലാക്കിയെന്ന് ശ്രദ്ധയില്‍പ്പെട്ടാലും നടപടിയുണ്ടാകും. ഇതിനായി ആദ്യം തന്നെ 200 രൂപയുടെ മുദ്രപ്പേപ്പറില്‍ കരാര്‍ എഴുതി വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞാല്‍ 1968 ലെ കേരള റവന്യു റിക്കവറി ആക്ട് പ്രകാരം തുക തിരിച്ചു പിടിക്കും. മാത്രമല്ല അതിന് 14 ശതമാനം പലിശയും ഈടാക്കും.

കടപ്പാട്: അഡ്വ. ബി. പ്രസന്നകുമാര്‍, മുന്‍ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it