കൈ നിറയെ കാശുമായി സന്തോഷത്തോടെ വിരമിക്കാം

by അക്ഷയ് അഗര്‍വാള്‍

റിട്ടയര്‍മെന്റിനെ ആശങ്കകളോടെയാണ് പലരും കാത്തിരിക്കുന്നത്. അതുവരെ ജീവിച്ച രീതികളില്‍ നിന്ന് മാറേണ്ടി വരുമോ, വരുമാനമില്ലാതെ ജീവിതം ഏതു നിലയിലാകും തുടങ്ങി ആശങ്കയ്ക്ക് വകയേറെയുണ്ട്.

അതുവരെ നല്ല നിലയില്‍ തന്നെ കഴിഞ്ഞിരുന്നവര്‍ പോലും ഒരു അപകടമോ ആരോഗ്യ പ്രശ്‌നമോ വന്നാല്‍ തകര്‍ന്നു പോകുമെന്ന പേടി. വലിയ തോതില്‍ സമ്പാദിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര സമ്പന്നനായില്ലെന്ന തോന്നലാണ് പലര്‍ക്കും.

സമ്പാദിക്കുന്നതെന്തിന്?

എന്നാല്‍ വരുമാനമുള്ളപ്പോള്‍ തന്നെ പണം കൈകാര്യം ചെയ്യുന്നതില്‍ ഒരല്‍പ്പം ശ്രദ്ധ പുലര്‍ത്തിയാല്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതം സന്തോകരമാക്കാം. ഒരാളുടെ ജീവിതത്തില്‍ ബിസിനസില്‍ നിന്നോ ജോലിയില്‍ നിന്നോ ആണ് വരുമാനം ലഭിക്കുക.

എന്നാല്‍ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, വീട്, വാഹനം, ആരോഗ്യ സംരക്ഷണം, ഷോപ്പിംഗ്, ഹോളിഡേ ട്രിപ്പുകള്‍, കുട്ടികളുടെ വിവാഹം തുടങ്ങി ബാക്കിയെല്ലാം ചെലവുകളാണ്. മികച്ച ആസൂത്രണത്തിലൂടെ മാത്രമേ വരുമാനത്തെ ബുദ്ധിപരമായി വിനിയോഗിച്ച് ഇതിനെയെല്ലാം മറികടന്ന് റിട്ടയര്‍മെന്റ് ആകുമ്പോഴേക്ക് മികച്ച സമ്പാദ്യം നേടാനാകൂ.

പലരും വളരെ കഷ്ടപ്പെട്ട് പണമുണ്ടാക്കുന്നുണ്ട്. പക്ഷേ എന്തിനാണ് അത് ഉണ്ടാക്കുന്നതെന്നത് മറന്നു പോകുന്നു. നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മികച്ച സമയത്ത് മികച്ച മാര്‍ഗത്തില്‍ നിക്ഷേപിച്ചാല്‍ മാത്രമേ ഫലമുണ്ടാകുകയുള്ളൂ. എന്തിനാണ് പണം വേണ്ടത് എന്ന് വിലയിരുത്തുകയാണ് ആദ്യം വേണ്ടത്.

പ്രാഥമികമായ ആവശ്യങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും സാമ്പത്തിക സുരക്ഷയ്ക്കും റിട്ടയര്‍മെന്റിനുമായാണ് പണം വീതിക്കേണ്ടത്. എന്നാല്‍ ഓരോന്നിനും എത്രമാത്രം വേണമെന്ന് കണക്കുകൂട്ടണം. സാമ്പത്തികാസൂത്രണത്തിന് ആവശ്യമായ അഞ്ചു കാര്യങ്ങളുണ്ട്.

1. ലക്ഷ്യം (Dream)

എന്താണ് പണം ഉപയോഗിച്ച് നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. മൂന്ന് തരത്തിലുള്ള ലക്ഷ്യങ്ങളാണ് നമുക്ക് മുന്നിലുള്ളത് ഒന്നു മുതല്‍ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട ഫീസ്, ഹോളിഡേയ്‌സ്, ഷോപ്പിംഗ് തുടങ്ങിയ ഹ്രസ്വകാല ലക്ഷ്യങ്ങളാണ് ആദ്യത്തേത്. രണ്ടു മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് നേടേണ്ട കാര്‍, വീട് എന്നിവ വാങ്ങല്‍, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മീഡിയം ടേം ലക്ഷ്യങ്ങളാണ് പിന്നീടുള്ളത്. അഞ്ചു വര്‍ഷത്തിലേറെ സമയമെടുത്ത് നേടിയിരിക്കേണ്ട കുട്ടികളുടെ വിവാഹം, റിട്ടയര്‍മെന്റ് തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങളാണ് അവസാനത്തേത്.

2. പദ്ധതി (Plan)

ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ രീതിയില്‍ നിക്ഷേപം നടത്തുകയാണ് അടുത്ത പടി. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി ഡെബ്റ്റ് ഫണ്ടിലും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഓഹരിയിലും നിക്ഷേപിക്കുകയായിരിക്കും നല്ലത്. എത്രമാത്രം നിക്ഷേപിക്കണമെന്നതു സംബന്ധിച്ചും കണക്കുണ്ട്.

3. പഠനം (Learn)

നിക്ഷേപത്തെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നമുക്കുണ്ടാവണം. പണപ്പെരുപ്പം, കൂട്ടുപലിശ, ഇന്‍ഷുറന്‍സ്, റിസ്‌ക് & റിട്ടേണ്‍, വിവിധ ആസ്തി വിഭാഗങ്ങള്‍, നികുതി എന്നിവയെ കുറിച്ചും അവ എങ്ങനെ നിക്ഷേപത്തെ ബാധിക്കുമെന്നും അറിഞ്ഞിരിക്കണം.

നിക്ഷേപത്തെ ബാധിക്കുന്ന ഘടകങ്ങള്‍

ഇന്‍ഷുറന്‍സ്

സാമ്പത്തികാസൂത്രണത്തില്‍ ഇന്‍ഷുറന്‍സിന് വലിയ പങ്കുണ്ട്. നിങ്ങളുടെ വിലപ്പെട്ട ആസ്തികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ഇതിലൂടെ ചെയ്യുക. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും, കുടുംബത്തിന്റെ ആരോഗ്യത്തെയും വീടിനെയും ബിസിനസിനെയും ഇങ്ങനെ ഇന്‍ഷ്വര്‍ ചെയ്യാം.

പണപ്പെരുപ്പം

1980 കളില്‍ ഒരു സമോസയ്ക്ക് ഒരു രൂപ നല്‍കിയാല്‍ മതിയായിരുന്നു. എന്നാലിന്ന് ചുരുങ്ങിയത് 10 രൂപയെങ്കിലും വേണം. അന്ന് പാലിന് ലിറ്ററിന് അഞ്ചു രൂപയാണെങ്കില്‍ ഇന്ന് 40 രൂപയായി. സിനിമ കാണാന്‍ അന്ന് മൂന്നു രൂപ മതിയായിരുന്നുവെങ്കില്‍ ഇന്ന് 150 രൂപ വേണം. അന്ന് ഒരു ബിയര്‍ പത്തു രൂപയ്ക്ക് കിട്ടിയിരുന്നു. ഇന്ന് 120 രൂപയിലേറെ വേണ്ടി വരുന്നു. ഇനി ഒരു പക്ഷേ 2050 ആകുമ്പോഴേക്കും പാലിന് 300 രൂപയും സിനിമ ടിക്കറ്റിന് 2000 രൂപയും ബിയറിന് 1500 രൂപയും ആയിക്കൂടെന്നില്ല. അപ്പോള്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന തരത്തിലുള്ള നിക്ഷേപം ആയിരിക്കണമെന്ന് ചുരുക്കം.

റിട്ടേണ്‍ & റിസ്‌ക്

വിവിധ നിക്ഷേപ പദ്ധതികളില്‍മേല്‍ ആറു ശതമാനം മുതല്‍ 100 ശതമാനം വരെ റിട്ടേണ്‍ ലഭിക്കുന്നുണ്ട്. അത് ഒരുപക്ഷേ ബാങ്കിലെ സ്ഥിര നിക്ഷേപമാകാം അല്ലെങ്കില്‍ അറിയപ്പെടാത്ത ആളുകള്‍ക്ക് വന്‍ പലിശയ്ക്ക് പണം കടം കൊടുത്തുമാകാം. എന്നാല്‍ എല്ലാത്തിലും അതിന്റേതായ റിസ്‌ക് ഉണ്ട്. റിസ്‌ക് ഒഴിവാക്കുകയല്ല, മറിച്ച് അത് മനസിലാക്കി എങ്ങിനെ ഫലപ്രദമായി നേരിടാം എന്നു പഠിക്കലാണ് ഉചിതം. കാപിറ്റല്‍ മാര്‍ക്കറ്റ് തന്നെ ഉദാഹരണമായി എടുക്കാം. അതു തീ പോലെയാണ്.

നന്നായി കൈകാര്യം ചെയ്തില്ലെങ്കില്‍ തീ മൂലം വീട് കത്തി നശിക്കും. എന്നാല്‍ ബുദ്ധിപരമായി കൈകാര്യം ചെയ്താല്‍ തീ കൊണ്ട് രുചികരമായ ഭക്ഷണവുമുണ്ടാക്കാം. കാപിറ്റല്‍ മാര്‍ക്കറ്റില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ നിക്ഷേപിക്കുകയാണെന്ന് വെക്കുക. ആദ്യത്തെ ഒരു വര്‍ഷം നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാധ്യത 30 ശതമാനമാണ്. മൂന്നാമത്തെ വര്‍ഷം വരെ 10 ശതമാനവും. എന്നാല്‍ അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ പണം നഷ്ടപ്പെടാനുള്ള സാധ്യത തീരെയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിപണിയുടെ സമയമല്ല, വിപണിയില്‍ എത്ര സമയം എന്നതിലാണ് കാര്യം. 1980 മുതലുള്ള 38 വര്‍ഷത്തില്‍ 28 വര്‍ഷവും വിപണി നേട്ടം മാത്രം നല്‍കിയപ്പോള്‍ പത്തു വര്‍ഷം മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയതെന്നും അറിയുക. കോമ്പൗണ്ടിംഗ്: ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കൂട്ടുപലിശയെന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടത്. അതേക്കുറിച്ച് മനസിലാക്കിയവര്‍ അതില്‍ നിന്ന് നേടുകയും മനസിലാക്കാത്തവര്‍ അതിനായി വില നല്‍കേണ്ടി വരികയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഒരു രൂപ തുടര്‍ച്ചയായി 37 ദിവസം ഇരട്ടിക്കുകയാണെങ്കില്‍ എത്രയാകും എന്നറിയാമോ? 6800 കോടി രൂപയാകും. പിന്നെയൊരു ഏഴു ദിവസം കൂടി തുടര്‍ന്നാല്‍ നിങ്ങളായിരിക്കും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍! അതാണ് കോമ്പൗണ്ടിംഗിന്റെ ശക്തി.

ഒരു ലക്ഷം രൂപ പത്തു ശതമാനം പലിശ നിരക്കില്‍ പത്തു വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ അത് 2,59,400 രൂപയാകും. ഏഴു ശതമാനം നിരക്കിലാണെങ്കില്‍ രണ്ടു ലക്ഷം രൂപയാകും. അത് 35 വര്‍ഷത്തേക്ക് ആണെ ങ്കില്‍ 11.40 ലക്ഷം രൂപയാകും. എന്നാല്‍ വളര്‍ച്ച 15 ശതമാനം നിരക്കിലാണെങ്കിലോ, 35 വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ 1.33 കോടി രൂപയിലേറെയാകും. മറ്റൊരു കണക്കെടുക്കാം. 1980 ല്‍ നിങ്ങള്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചുവെന്നിരിക്കട്ടെ.

പത്തു ശതമാനം പലിശയുള്ള സ്ഥിര നിക്ഷേപമെങ്കില്‍ ഇന്നത് 37.40 ലക്ഷം രൂപയാകും. 12 ശതമാനത്തില്‍ കമ്പനി ഡെപ്പോസിറ്റില്‍ ആണെങ്കില്‍ 74.17 ലക്ഷവും 15 ശതമാനമുള്ള കാപിറ്റല്‍ മാര്‍ക്കറ്റിലാണെങ്കില്‍ 2.02 കോടി രൂപയും അതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന തരത്തില്‍ കാപിറ്റല്‍ മാര്‍ക്കറ്റില്‍ നിക്ഷേ പിച്ചിരുന്നുവെങ്കില്‍ 3.50 കോടി രൂപയുമാകും.

ഒറ്റത്തവണ മാത്രമായല്ല, സ്ഥിരമായി ചെറിയ നിശ്ചിത തുക നിക്ഷേപിക്കുകയാണെങ്കിലും വലിയ നേട്ടം കൈവരിക്കാനാകും. പ്രതിമാസം 10,000 രൂപ നിക്ഷേപിച്ച് 20 വര്‍ഷം കൊണ്ട് നേടാവുന്ന നേട്ടം താഴെ നല്‍കിയിരിക്കുന്ന പട്ടികയില്‍ നോക്കുക.

നികുതി

സമ്പാദ്യത്തെയും നിക്ഷേപത്തെയും പോലെ പ്രധാനം തന്നെയാണ് ടാക്‌സ് പ്ലാനിംഗും. വിവിധ ഒഴിവുകളും കിഴിവുകളും ഫലപ്രദമായി ഉപയോഗിച്ച് നികുതി ലാഭിക്കാനാകും. നികുതി നല്‍കാതിരിക്കുന്നതിന്റെയും ടാക്‌സ് പ്ലാനിംഗിന്റെയും വ്യത്യാസം മനസിലാക്കിയിരിക്കണം.

4. സമ്പാദിക്കുക (Earn)

സമ്പാദ്യം തുടങ്ങുന്നതിന് നിങ്ങള്‍ വരവും ചെലവും പൊരുത്തപ്പെടുന്ന രീതിയില്‍ ബജറ്റ് തയാറാക്കണം. കൂടുതല്‍ വരുമാനത്തിനുള്ള അവസരമൊരുക്കണം. കാറോ വീടോ വാടകയ്ക്ക് നല്‍കിയോ, എയര്‍ ബിഎന്‍ബി, യൂബര്‍, ബ്ലോഗ് തുടങ്ങിയ മാര്‍ഗങ്ങളൊക്കെ ഇതിനായി ഉപയോഗിക്കാം. ആസ്തിയെന്ന് തോന്നിക്കുന്ന തരത്തിലുള്ള ബാധ്യതകളല്ല, ആസ്തികള്‍ തന്നെ സൃഷ്ടിക്കുക. കടപ്പത്രം, വസ്തു, ഓഹരി നിക്ഷേപം, ഇന്‍ഷുറന്‍സ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളാവണം.

ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍ തുടങ്ങിയ മോശം കടങ്ങളല്ല, മറിച്ച് ബിസിനസ്, വസ്തു എന്നിവയ്ക്ക് വേണ്ടി കടമെടുക്കുക. നികുതി ലാഭിക്കുന്നതും സമ്പാദ്യം തന്നെയാണ്. 100 ല്‍ നിന്ന് നിങ്ങളുടെ വയസ് കുറച്ചാല്‍ കിട്ടുന്നത് എത്രയാണോ, ആകെ വരുമാനത്തിന്റെ അത്ര ശതമാനം ഓഹരി വിപണിയിലും ബാക്കി കടപ്പത്രത്തിലും നിക്ഷേപിക്കാം. 25 വയസാണെങ്കില്‍ 75 ശതമാനം ഓഹരി വിപണിയിലും 25 ശതമാനം കടപ്പത്രത്തിലും.

5. നിക്ഷേപം പരിശോധിക്കുക, വേണ്ട മാറ്റങ്ങള്‍ വരുത്തുക

നിങ്ങള്‍ ആസൂത്രണം ചെയ്തതു പോലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിച്ചുവോ എന്ന് സ്ഥിരമായി പരിശോധിക്കുക. നഷ്ട സാധ്യതകള്‍ ബാലന്‍സ് ചെയ്തു കൊണ്ടുള്ള നിക്ഷേപ രീതിയാണോ നിങ്ങളുടേതെന്നും, നിക്ഷേപത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തേണ്ടതുണ്ടോ എന്നും പരിശോധിക്കുക. ചിലപ്പോള്‍ ചില നിക്ഷേപങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച കണ്ടാലും നിരാശപ്പെടേണ്ടതില്ല, അത് താല്‍ക്കാലികം മാത്രമാകും. ദീര്‍ഘകാലത്തേക്ക് നേട്ടം കൊണ്ടു വരും. ഇത്രയൊക്കെ പരിശോധിച്ചും ബുദ്ധിപരമായി നിക്ഷേപിച്ചും കഴിഞ്ഞാല്‍, ഇനി നിങ്ങള്‍ക്ക് വിരമിക്കാം സന്തോഷകരമായി തന്നെ.

Akshay Agarwal
Akshay Agarwal  

മാനേജിങ് ഡയറക്ടർ, അക്യൂമെൻ

Related Articles
Next Story
Videos
Share it