ആരോഗ്യ ഇന്‍ഷുറന്‍സ്: കൂടുതല്‍ കവറേജ് ഉറപ്പാക്കാന്‍ സൂപ്പര്‍ ടോപ് അപ് പോളിസികള്‍

ആരോഗ്യ പരിരക്ഷാ പരിധി ഉയര്‍ത്തുന്നതിനുള്ള ചെലവു കുറഞ്ഞ പദ്ധതിയാണിത്

Super top up plans for additional coverage
-Ad-

കോവിഡ് 19 ന്റെ വരവ് ആളുകള്‍ക്കിടയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ പോലും കോവിഡ് സ്‌പെഷല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ താല്‍പര്യം കാണിക്കുകയും ചെയ്യുന്നുണ്ട്. ശരിക്കും ഇവിടെയാണ് സൂപ്പര്‍ ടോപ് അപ് പോളിസികളുടെ പ്രയോജനത്തെ കുറിച്ച് മനസിലാക്കേണ്ടത്.

എന്താണ് സൂപ്പര്‍ ടോപ് അപ് പോളിസികള്‍?

നിലവില്‍ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്ക് അതിന്റെ പരിധി ഉയര്‍ത്താന്‍ സഹായിക്കുന്ന പോളിസികളാണ് സൂപ്പര്‍ ടോപ് അപ് പോളിസികള്‍. ഉദാഹരണത്തിന് നിങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ഒരു ഹെല്‍ത്ത് പോളിസി ഉണ്ടെന്നു വിചാരിക്കുക. പക്ഷേ, ഏതെങ്കിലും രോഗത്തിന്റെ ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപയാണ് വേണ്ടി വരുന്നതെങ്കില്‍ ബാക്കി തുക കൈയ്യില്‍ നിന്ന് നല്‍കേണ്ടി വരും. അല്ലെങ്കില്‍  മറ്റ് അസുഖങ്ങളുടെ ചികിത്സയ്ക്കായി ഈ വര്‍ഷം തന്നെ ഒരു ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ബാക്കി തുക കൈയ്യില്‍ നിന്ന് നല്‍കേണ്ടി വരാം. ഇത് പലപ്പോഴും നമ്മുടെ സാമ്പത്തിക നില താളം തെറ്റിച്ചേക്കാം. ഒരു വര്‍ഷത്തില്‍ ഒന്നിലധികം തവണ പോളിസി ക്ലെയിം ചെയ്യേണ്ടി വന്നാല്‍ അഷ്വേര്‍ഡ് തുക തീര്‍ന്നു പോകാനും സാധ്യതയുണ്ട്.  ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയാണ് സൂപ്പര്‍ ടോപ് അപ് പോളിസികള്‍.  ചികിത്സയില്‍ തുടരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധി അവസാനിച്ചാല്‍ ടോപ് അപ് പ്ലാന്‍ ഫലത്തില്‍ വരും.  

ഇനി നിങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഇല്ലെന്നിരിക്കട്ടെ, അപ്പോഴും ടോപ് അപ് പോളിസികളെടുക്കാം. അതായത് ആശുപത്രി ചെലവിനായി വരുന്ന ആദ്യ തുക അടയ്ക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെങ്കില്‍ ആ പരിധിക്കു മുകളിലുള്ള കവറേജിന് മാത്രം സൂപ്പര്‍ ടോപ് അപ് പോളിസികള്‍ എടുത്താല്‍ മതി. ഉദാഹരണത്തിന് ഒരു രോഗത്തിന്റെ ചികിത്സയ്ക്കായി രണ്ടു ലക്ഷം രൂപ വരെ നിങ്ങള്‍ കൈയ്യില്‍ നിന്നു നല്‍കാമെന്ന് സമ്മതിക്കുന്നു. അതിനു ശേഷമുള്ള അഞ്ച്് ലക്ഷത്തിന്റേയോ പത്തു ലക്ഷത്തിന്റേയോ കവറേജ് നേടാനായി ടോപ് അപ് പോളിസി എടുക്കാം.

-Ad-
കുറഞ്ഞ പ്രീമിയം

ടോപ് അപ് പോളിസി മാത്രമായെടുക്കാമെങ്കിലും അടിസ്ഥാന പോളിസിക്കൊപ്പം ടോപ് അപ് എടുക്കുന്നതാണ് നല്ലതെന്ന് ബജാജ് കാപിറ്റലിന്റെ കൊച്ചി വിഭാഗം മേധാവി പ്രദീപ് മേനോന്‍ പറയുന്നു. പോളിസി ഉടമയ്ക്ക് ഏത് കമ്പനിയില്‍ നിന്നും  ടോപ്പ് അപ്പ് പദ്ധതി വാങ്ങാന്‍ കഴിയും. ഓരോ തവണ പുതുക്കുമ്പോഴും പരിരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ഓപ്ഷനും ടോപ്പ് അപ്പ് പദ്ധതി  വാഗ്ദാനം ചെയ്യുന്നു. പോളിസി പുതുക്കുന്ന സമയത്ത് പുതിയ അംഗങ്ങളെ ചേര്‍ക്കാനും കഴിയുന്നുവെന്നതാണ് സൂപ്പര്‍ ടോപ് അപ് പോളിസികളുടെ സവിശേഷത.

സൂപ്പര്‍ ടോപ് അപ്പ് പദ്ധതി വാങ്ങുമ്പോള്‍ തന്നെ ആദ്യം പോളിസിയുടെ പരമാവധി പരിധി നിര്‍ണയിക്കണം. അതിനപ്പുറത്തേയ്ക്കുള്ള ചെലവ് ഉയരുകയാണെങ്കില്‍ സൂപ്പര്‍ ടോപ്പ് അപ്പ് പദ്ധതി ഉപോഗിക്കാം.

നിശ്ചിത പരിധിക്കു മുകളിലുള്ള പരിരക്ഷയാണ് വാഗ്ദാനം ചെയ്യുന്നതെന്നതിനാല്‍ ടോപ് അപ് പദ്ധതിയുടെ പ്രീമിയം താരതമ്യേന കുറവാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here