ഡിജിറ്റലായി സ്വര്‍ണം വാങ്ങാനുള്ള സൗകര്യമൊരുക്കി കല്യാണ്‍ ജൂവലേഴ്‌സ്; 100 രൂപ മുതലുള്ള പദ്ധതി
ഡിജിറ്റലായി സ്വര്‍ണം വാങ്ങാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ച് ജൂവല്‍റി ഗ്രൂപ്പായ കല്യാണ്‍ ജൂവലേഴ്‌സ്. പ്രിഷ്യസ് മെറ്റല്‍ മാനേജ്‌മെന്റ് കമ്പനിയായ ഓഗ്മോണ്ടുമായി ചേര്‍ന്നാണ് ലോകത്തെവിടെയിരുന്നും ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള കല്യാണ്‍ ഡിജിറ്റല്‍ ഗോള്‍ഡ് എന്ന സംരംഭം കല്യാണ്‍ ജൂവലേഴ്‌സ് ആരംഭിക്കുന്നത്.
വാങ്ങുന്ന സ്വര്‍ണം അഞ്ച് വര്‍ഷം വരെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി സൂക്ഷിക്കാനാകും. ഐഡിബിഐ ട്രസ്റ്റി കമ്പനി ലിമിറ്റഡിന്റെ സുരതക്ഷിത നിലവറകളുടെ പിന്തുണയാണ് ഇതിനായി ജൂവലേഴ്‌സിനുള്ളത്. നിക്ഷേപ പദ്ധതി തുകയല്ലാതെ അധികമൊന്നും ഇതിനായി ഈടാക്കില്ലെന്നും കല്യാണ്‍ ജൂവലേഴ്‌സ് വ്യക്തമാക്കുന്നു.
സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്ന ഈ കാലത്ത് കള്ളന്മാരെ പേടിക്കാതെ കടയില്‍ പോകാതെ പണിക്കൂലി നല്‍കാതെ 24 കാരറ്റ് സംശുദ്ധ സ്വര്‍ണമായി സ്വന്തമാക്കാമെന്നതാണ് ഡിജിറ്റല്‍ ഗോള്‍ഡ് പദ്ധതിയിലൂടെ കല്യാണ്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സ്വര്‍ണ്ണത്തില്‍ തവണകളായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ തെരഞ്ഞെടുക്കാം. ചെറുതുകകളില്‍ നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. ഇതിനായി കല്യാണ്‍ ഡിജിറ്റല്‍ ഗോള്‍ഡിന്റെ 100 രൂപയില്‍ തുടങ്ങുന്ന സ്‌കീം തെരഞ്ഞെടുക്കാം.
നിക്ഷേപം പൂര്‍ത്തിയാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാലറ്റിലെ മൊത്തത്തിലുള്ള നിക്ഷേപത്തിന് അനുസൃതമായി സ്വര്‍ണ്ണ നാണയങ്ങളോ കട്ടകളോ ആഭരണങ്ങളോ ആയി ലോകമെമ്പാടുമുള്ള കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളില്‍ നിന്നും റിഡീം ചെയ്യാം.
ഇത് മാത്രമല്ല, വീട്ടില്‍ എത്തി സ്വര്‍ണം വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യത്തിനായി ഡോര്‍ സ്‌റ്റെപ്് സര്‍വീസും ഡിജിറ്റല്‍ ഗോള്‍ഡ് അംഗത്വമുള്ളവര്‍ക്ക് ലഭിക്കുമെന്നും ജൂവലേഴ്‌സ് പറയുന്നു.