

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഓഗസ്റ്റ് 15ന് പ്രാബല്യത്തില്‍ വരും വിധം വായ്പാ നിരക്കുകള്‍ 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു.
എസ്.ബി.ഐയുടെ ഒറ്റ ദിവസ കാലാവധി വായ്പകളുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് നിരക്കുകള്‍ (എം.സി.എല്‍.ആര്‍) 8.10 ശതമാനത്തില്‍ നിന്ന് 8.20 ശതമാനമായും ഒരു മാസക്കാലാവധി വായ്പകളുടേത് 8.35 ശതമാനത്തില്‍ നിന്ന് 8.45 ശതമാനമായും വര്‍ധിപ്പിച്ചു. മൂന്ന് മാസക്കാലാവധി വായ്പകളുടെ പുതിയ നിരക്ക് 8.50 ശതമാനമാണ്. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.85 ശതമാനവും ഒരു വര്‍ഷവായ്പകളുടേത് 8.95 ശതമാനവുമാക്കി. രണ്ട് വര്‍ഷക്കാലാവധി വായ്പകള്‍ക്ക് 9.05 ശതമാനവും മൂന്ന് വര്‍ഷക്കാലാവധി വായ്പകള്‍ക്ക് 9.10 ശതമാനവുമാണ് പുതിയ നിരക്ക്.
ഇ.എം.ഐ കൂടും
എം.സി.എല്‍.ആര്‍ നിരക്ക് ഉയര്‍ത്തിയത് ബാങ്കിന്റെ ഭവന വായ്പകള്‍ കൂടുതല്‍ ചെലവേറിയതാക്കും. ടോപ്പ് അപ്പ് ഭവന വായ്പകളുടെ കാര്യത്തില്‍ ബാങ്കുകളും എന്‍.ബി.എഫ്.സികളും വിവേകപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലന്ന് അടുത്തിടെ ആര്‍.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിഗത വായ്പകളില്‍, പ്രത്യേകിച്ച് ഭവന ഇക്വിറ്റിയിലോ അല്ലെങ്കില്‍ ഭവന വിഭാഗത്തിലെ ടോപ്പ്-അപ്പ് വായ്പകളിലോ ഉയര്‍ന്ന വളര്‍ച്ചയുണ്ടായെന്ന വസ്തുതയുമായി ബന്ധപ്പെടുത്തിയായിരുന്നു ആര്‍.ബി.ഐയുടെ പരമാര്‍ശം. തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യൂക്കോ ബാങ്ക് എന്നിവ എം.സി.എല്‍.ആര്‍ വര്‍ധിപ്പിച്ചിരുന്നു. ഇവയ്ക്കൊപ്പമാണ് എസ്.ബി.ഐയും ചേര്‍ന്നത്. നിലവിലെ ഇ.എം.ഐയും ഇതോടെ വർധിക്കും.
എന്താണ് എം.സി.എല്‍.ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശ നിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ അധിഷ്ഠിതമാണിത്.
റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റം വരും. എന്നാല്‍ റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് കണ്ടെത്തുന്ന സ്രോതസുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് ( ഉദാഹരണത്തിന് സ്ഥിര നിക്ഷേപം/FD, സേവിംഗ്സ്/കറന്റ് അക്കൗണ്ട് നിക്ഷേപം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള വായ്പ), കരുതല്‍ ധന അനുപാതം (CRR) തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാ പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine